മഴദിനങ്ങൾ കുറഞ്ഞു, ശക്തി കൂടി; മൺസൂൺ രാജ്യത്ത് 45 ശതമാനം പ്രദേശങ്ങളിലും നാശം വിതച്ചു

ന്യൂഡൽഹി: ഈ വർഷം തെക്കുപടിഞ്ഞാറൻ മൺസൂൺ വിടപറഞ്ഞപ്പോൾ ഇന്ത്യയുടെ പകുതിയോളം ഭാഗങ്ങളിൽ സാധാരണയിൽ കവിഞ്ഞ അതിശക്തമായ മഴ ലഭിച്ചു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ക്ലൈമറ്റ് ട്രെൻഡ്‌സ് റിപ്പോർട്ട് ഈ സീസണിൽ ഇന്ത്യയിലെ 45% ഭൂപ്രദേശങ്ങളിലും അതിശക്തമായ മഴ ലഭിച്ചതായി വ്യക്തമാക്കുന്നു.
2025 ലെ തെക്കുപടിഞ്ഞാറൻ മൺസൂണിൽ പെയ്തിറങ്ങിയത് ദീർഘകാല ശരാശരിയുടെ (LPA) 108% ആണ്. കഴിഞ്ഞ ദശകത്തിൽ സാധാരണയേക്കാൾ കൂടുതൽ മഴ രേഖപ്പെടുത്തിയ തുടർച്ചയായ രണ്ടാമത്തെ വർഷമാണിത്.
മൺസൂൺ ഇപ്പോൾ പഴയതുപോലെയല്ല. മൺസൂണിന്റെ വ്യാപനവും തീവ്രതയും ആഗോളതാപനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ആഗോളതാപനം ഇപ്പോൾ മൺസൂണിന്റെ ഏറ്റവും വലിയ ചാലകശക്തിയായി മാറി. എന്നാൽ എൽ നിനോയുടെയും ലാ നിനയുടെയും സ്വാധീനം കുറഞ്ഞുവരികയാണ്. മഴയുള്ള ദിവസങ്ങളുടെ എണ്ണം കുറഞ്ഞു. പക്ഷേ മഴയുടെ അളവ് വർദ്ധിച്ചു. ഇത് ദുരന്ത സാധ്യത കൂടുതലാക്കി. ദിവസേനയുള്ള മഴയുടെ അളവിൽ ഗണ്യമായ മാറ്റം സംഭവിച്ചു എന്നും പഠനം പറയുന്നു.
തീവ്രമായ മഴ വർദ്ധിച്ചത് മാത്രമല്ല. മേഘവിസ്ഫോടന സാഹചര്യങ്ങളിലും വർദ്ധനവുണ്ടായിട്ടുണ്ട്. നേരത്തെ ഇത് അങ്ങനെയായിരുന്നില്ല. 2016 മുതൽ 2025 വരെയുള്ള കഴിഞ്ഞ 10 വർഷത്തിനിടയിൽ രാജ്യത്ത് അഞ്ച് വർഷം സാധാരണയേക്കാൾ കൂടുതൽ മഴ ലഭിച്ചു. രണ്ട് വർഷം സാധാരണ മഴയാണ് ഉണ്ടായത്. മൂന്ന് വർഷം സാധാരണയേക്കാൾ കുറഞ്ഞ മഴയും രേഖപ്പെടുത്തി.

ദീർഘകാല ശരാശരിയുടെ (LPA) 96-104 ശതമാനത്തിനിടയിൽ യഥാർത്ഥ മൺസൂൺ ലഭിക്കുമ്പോഴാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) 'സാധാരണ' മഴയായി തരംതിരിക്കുന്നത്. LPA യുടെ 104 ശതമാനത്തിൽ കൂടുതലുള്ളത് ശക്തമായ മഴ. രാജസ്ഥാൻ, ലഡാക്ക്, വടക്കുപടിഞ്ഞാറൻ ഇന്ത്യ എന്നിവയുടെ ഭാഗങ്ങൾ ഉൾപ്പെടുന്ന പ്രദേശത്ത് മഴ കൂടി. ലഡാക്കിൽ ഏകദേശം 342% അധിക മഴ ലഭിച്ചു. രാജസ്ഥാനിൽ സാധാരണയേക്കാൾ 60–70% കൂടുതൽ മഴ ലഭിച്ചു.
നാല് മാസം നീണ്ടുനിന്ന 2025 തെക്കുപടിഞ്ഞാറൻ മൺസൂൺ സീസണിൽ (ജൂൺ-സെപ്റ്റംബർ 2025), രാജ്യത്ത് 55 സ്ഥലങ്ങളിൽ ഏറ്റവും ഉയർന്ന വെള്ളപ്പൊക്ക ലെവൽ (HFL) രേഖപ്പെടുത്തിയ ദുരന്താവസ്ഥകൾ ഉണ്ടായി.
മഴയല്ല, നഗരങ്ങളിൽ നാശം വർധിപ്പിച്ചത്
രാജ്യത്തുടനീളം നഗരങ്ങളിൽ വെള്ളപ്പൊക്കം വർദ്ധിക്കുന്നതിനുള്ള മൂലകാരണം ജലവിഭവ മാനേജ്മെന്റിന്റെ അഭാവമാണെന്ന് സൌത്ത് എഷ്യ നെറ്റ് വർക്ക് ഓൺ ഡാം ആന്റ് റിവർ പഠനം വ്യക്തമാക്കുന്നു. ഇന്ത്യയിലെ നഗരവികസനം നിർമ്മാണ കേന്ദ്രീകൃതമാണ്. അവിടെ കാലാവസ്ഥയെ കണക്കിലെടുത്തുള്ള പ്രതിരോധശേഷി ദുർബലമാവുന്നു.
തുറസ്സായ സ്ഥലങ്ങൾ, തണ്ണീർത്തടങ്ങൾ, വെള്ളപ്പൊക്കത്തെ ഉൾക്കൊള്ളാനുള്ള സമതലങ്ങൾ എന്നിവ ഇല്ലാതാവുന്നു. ഡ്രെയിനേജ് സംവിധാനങ്ങളെ മറികടന്ന് ആസൂത്രിതമല്ലാത്ത വികസനം സംഭവിക്കുന്നു. ഇതിനെല്ലാം മറയിടാൻ അധിക മഴ പ്രധാന കുറ്റവാളിയായി ചിത്രീകരിക്കപ്പെടുന്നു.

പലപ്പോഴും മഴക്കാലത്ത് വെള്ളപ്പൊക്കവുമായി പോരാടുന്ന നഗരങ്ങൾ തന്നെയാണ് ശുദ്ധ ജല ക്ഷാമവും നേരിടുന്നത്. ഇന്ത്യൻ നഗരങ്ങളിലെ വെള്ളപ്പൊക്കങ്ങൾ പ്രകൃതിയുടെ പ്രവൃത്തിയല്ല. മറിച്ച് പരാജയപ്പെട്ട ആസൂത്രണത്തിന്റെയും, ഛിന്നഭിന്നമായ മേൽനോട്ടത്തിന്റെയും ഫലമാണ് എന്നും പഠനം പറയുന്നു.
2025 ലെ സൗത്ത് വെസ്റ്റ് മൺസൂണിൽ വലിയ വെള്ളപ്പൊക്കം നേരിട്ട ചില പ്രധാന ഇന്ത്യൻ നഗരങ്ങളിൽ കൊൽക്കത്ത, മുംബൈ, ഡൽഹി, പ്രയാഗ്‌രാജ്, വാരണാസി എന്നിവ ഉൾപ്പെടുന്നു. അവർ നേരിട്ടത് പ്രകൃതിയുടെ ക്രോധമല്ല, മറിച്ച് കാലാവസ്ഥാ പ്രതിസന്ധി, ആസൂത്രണത്തിന്റെ തകർച്ച എന്നിങ്ങനെ ഭരണ പരാജയമാണെന്ന് പഠനം പറയുന്നു.
മുംബൈയിലെയും ഡൽഹിയിലെയും ഡ്രെയിനേജ് സംവിധാനങ്ങൾക്ക് മണിക്കൂറിൽ 45 മില്ലീമീറ്ററും 50 മില്ലീമീറ്ററും മാത്രമേ പ്രവർത്തന ശേഷിയുള്ളൂ. ഈ പരിധി ഇപ്പോൾ എല്ലാ വർഷവും കവിഞ്ഞൊഴുകുന്നു. വാരണാസി, പ്രയാഗ്‌രാജ് പോലുള്ള ഗംഗാ നദീതടത്തിലെ നഗരങ്ങളിൽ, വെള്ളപ്പൊക്കത്തിന് കാരണം നദീതീരങ്ങൾ കവിഞ്ഞൊഴുകുന്നത് മാത്രമല്ല, മഴ പ്രവചനങ്ങൾ ഉൾപ്പെടുത്തുന്നതിൽ പരാജയപ്പെടുന്ന മാസ്റ്റർ പ്ലാനുകൾ മൂലമാണ് കൂടുതൽ വഷളായത് എന്നും വിലയിരുത്തുന്നു.










0 comments