പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഉൗർജക്ഷാമം അകലെയല്ല

എം പ്രശാന്ത്
Published on Mar 03, 2026, 09:42 AM | 2 min read
ന്യൂഡൽഹി: പശ്‌ചിമേഷ്യൻ സംഘർഷം കനത്തതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന നീക്കം സ്‌തംഭിച്ചതോടെ ഇന്ത്യ അഭിമുഖീകരിക്കുന്നത് കടുത്ത ഉൗർജ പ്രതിസന്ധി. അമേരിക്കൻ ഭീഷണിയെ തുടർന്ന് റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നത് കേന്ദ്ര ബിജെപി സർക്കാർ അവസാനിപ്പിക്കുകകൂടി ചെയ്‌തതോടെ വളരെ വേഗത്തിൽ രാജ്യം പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമായി.
നിലവിൽ പ്രതിദിനം 25–27 ലക്ഷം ബാരൽ ക്രൂഡോയിലാണ് ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്ക് എത്തുന്നത്. ഇറാഖ്, സൗദി, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിന്നാണിത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയരുന്നതിനും സംഘർഷം കാരണമായി. ബ്രെന്റ് ക്രൂഡോയിൽ ബാരലിന് 10 ശതമാനം വരെ വില ഉയർന്ന് 80 ഡോളറിലെത്തി. സംഘർഷം ഹ്രസ്വകാലത്തേക്ക് തുടർന്നാൽ തന്നെ ക്രൂഡോയിൽ വില ബാരലിന് 125 ഡോളർ വരെയെത്തും. ദീർഘകാലത്തേക്ക് തുടർന്നാൽ 150 ഡോളറിലേക്ക് വരെ വില എത്താമെന്നാണ് വിലയിരുത്തൽ. 2025 പകുതിയിൽ ഇന്ത്യ ഇറക്കുമതി ചെയ്‌ത ക്രൂഡോയിലിന്റെ 40 ശതമാനംവരെ റഷ്യയിൽ നിന്നായിരുന്നു. എന്നാൽ അമേരിക്ക ഭീഷണിപ്പെടുത്തിയതോടെ ജനുവരിയിൽ റഷ്യൻ എണ്ണയുടെ വിഹിതം 20 ശതമാനത്തിൽ താഴെയായി. ഫെബ്രുവരിയിലെ കണക്കുകൾ പുറത്തുവരുമ്പോൾ റഷ്യൻ എണ്ണയുടെ അളവ് കൂടുതൽ ഇടിയും. റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ വരവ് ഹോർമുസ് കടലിടുക്കിലൂടെയല്ല. അതുകൊണ്ടു തന്നെ റഷ്യൻ വ്യാപാരം തുടർന്നിരുന്നെങ്കിൽ ഇന്ത്യ വലിയ പ്രതിസന്ധിയെ അഭിമുഖുകരിക്കുമായിരുന്നില്ല.
ക്രൂഡോയിൽ വില ബാരലിന് ഓരോ 10 ഡോളർ വർധിക്കുമ്പോഴും ഇന്ത്യയുടെ വ്യാപാരകമ്മിയിൽ അര ശതമാനം വരെ വർധനവുണ്ടാകും. വിലക്കയറ്റ സൂചികയിൽ 30–40 അടിസ്ഥാന പോയിന്റുകളുടെവരെ വർധനവുമുണ്ടാകും. നിലവിൽ ജിഡിപിയുടെ ഒന്നര ശതമാനമാണ് ഇന്ത്യയുടെ വ്യാപാരകമ്മി.
ഉൗർജ ക്ഷാമത്തിലേക്ക് തള്ളിവിടപ്പെട്ടാൽ ഇത് വിലക്കയറ്റം രൂക്ഷമാക്കുകയും സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയ്‌ക്ക് കാരണമാവുകയും ചെയ്യും. റഷ്യൻ ക്രൂഡോയിൽ വർധിപ്പിച്ചുകൊണ്ട് മാത്രമേ ഇന്ത്യക്ക് പ്രതിസന്ധി മറികടക്കാനാകൂ. യുഎസ് ഭീഷണി തള്ളി ഇത്തരമൊരു നീക്കത്തിന് കേന്ദ്ര ബിജെപി സർക്കാർ തന്റേടം കാട്ടുമോയെന്നാണ് അറിയേണ്ടത്.
മിണ്ടാതെ പെട്രോളിയം മന്ത്രി
പശ്‌ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഉൗർജ പ്രതിസന്ധിയെ ഇന്ത്യ അഭിമുഖീകരിക്കുമ്പോഴും മൗനം തുടർന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. കുപ്രസിദ്ധ ബാലപീഡകൻ ജെഫ്രി എപ്‌സ്‌റ്റീനുമായി മന്ത്രി പുരിക്കുള്ള സൗഹൃദം പുറത്തുവന്നത് കേന്ദ്ര ബിജെപി സർക്കാരിന് ക്ഷീണമായിരുന്നു. എപ്‌സ്‌റ്റീൻ വിവാദത്തിനുശേഷം പൊതുവേദികളിൽ മന്ത്രി കാര്യമായി പ്രത്യക്ഷപ്പെടാറില്ല.
പ്രധാനമന്ത്രിയുടെ ഇസ്രയേൽ സന്ദർശനം, ചില പ്രമുഖർക്കുള്ള ജന്മദിനാംശസകൾ എന്നിവമാത്രമാണ് അദ്ദേഹത്തിന്റെ സാമൂഹ്യമാധ്യമത്തിൽ അടുത്തിടെയുള്ളത്. പശ്‌ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് ഒരു പ്രതികരണവും മന്ത്രി നടത്തിയിട്ടില്ല. ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം സ്‌തംഭിച്ചതോടെ ഇന്ത്യയിലേക്കുള്ള ഇന്ധന നീക്കം പ്രതിസന്ധിയിലായിട്ടും മന്ത്രി മൗനം തുടരുകയാണ്. 74 ദിവസത്തേക്കുള്ള ക്രൂഡോയിൽ ശേഖരം ഇന്ത്യയുടെ പക്കലുണ്ടെന്ന് ഫെബ്രുവരിയിൽ മന്ത്രി രാജ്യസഭയിൽ പറഞ്ഞിരുന്നു.










0 comments