print edition വീണ്ടും തകര്‍ന്ന് രൂപ ; വിദേശനിക്ഷേപകര്‍ പിന്‍വാങ്ങുന്നു

കൊച്ചി
ഏഷ്യയിലെ ഏറ്റവും ദുര്‍ബലമായ കറന്‍സിയെന്ന ചീത്തപ്പേരുമായി 2025 പിന്നിട്ട ഇന്ത്യന്‍ രൂപ പുതുവര്‍ഷത്തിലും അമേരിക്കന്‍ ഡോളറിനെതിരെ തുടര്‍ച്ചയായി കനത്ത തകര്‍ച്ചയിൽ. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ രൂപയ്ക്ക് 30 പൈസയാണ് നഷ്ടമായത്. വിനിമയമൂല്യം 91.88ലേക്ക് താഴ്ന്നു. വ്യാപാരത്തിനിടെ 91.95 എന്ന നിലയിലേക്ക് കൂപ്പുകൂത്തി.
ഡോളറിനെതിരെ രൂപയുടെ മൂല്യം 2025 അവസാനം 91 ലേക്ക് ഇടിഞ്ഞിരുന്നു. 2025ല്‍ അഞ്ചുശതമാനത്തിലധികമാണ് മൂല്യത്തകര്‍ച്ച നേരിട്ടത്. റിസര്‍വ് ബാങ്ക് കരുതല്‍ശേഖരത്തില്‍നിന്ന് വന്‍തോതില്‍ ഡോളര്‍ വിറ്റഴിച്ചാണ് രൂപയെ വന്‍ തകര്‍ച്ചയില്‍നിന്ന് രക്ഷപ്പെടുത്തിയത്. കേന്ദ്രത്തിന്റെ ഫലപ്രദമായ ഇടപെടല്‍ ഇല്ലാത്തതിനാല്‍ 2026ല്‍ 23 ദിവസത്തിനുള്ളില്‍ രണ്ടുശതമാനത്തോളം മൂല്യമിടിഞ്ഞു. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരിവിപണിയില്‍നിന്ന് തുടര്‍ച്ചയായി വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കുന്നതും ഇന്ത്യ–യുഎസ് വ്യാപാര കരാറിലെ അനിശ്ചിതത്വവും സ്വര്‍ണം, വെള്ളി, ചെമ്പ് തുടങ്ങിയ ലോഹങ്ങളുടെ വന്‍ വിലക്കയറ്റവുമാണ് മൂല്യത്തകര്‍ച്ചയ്ക്ക് പ്രധാന കാരണങ്ങള്‍.
ഇന്ത്യന്‍ സമ്പദ്-വ്യവസ്ഥയുടെ വളര്‍ച്ച സംബന്ധിച്ച് കേന്ദ്രം പുറത്തുവിടുന്ന കണക്കുകളിലെ വിശ്വാസമില്ലായ്മയാണ് വിദേശനിക്ഷേപകരെ നിക്ഷേപം പിന്‍വലിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ഇന്ത്യയുടെ ജിഡിപി കണക്കുകളിലെ കൃത്യതയെക്കുറിച്ച് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) ആശങ്ക ഉന്നയിച്ചതും ഇന്ത്യന്‍ ഓഹരികളുടെ വിപണിമൂല്യം യഥാര്‍ഥത്തില്‍ ഉള്ളതിനേക്കാള്‍ ഉയര്‍ന്നുനില്‍ക്കുകയാണെന്ന വിലയിരുത്തലും നിക്ഷേപകരെ സ്വാധീനിച്ചു. ജനുവരിയില്‍ മിക്ക ദിവസവും തുടര്‍ച്ചയായി വിദേശനിക്ഷേപകര്‍ നിക്ഷേപം തിരിച്ചെടുത്തു. വ്യാഴം, വെള്ളി ദിവസങ്ങളിലായി 6663.18 കോടിയുടെ നിക്ഷേപമാണ് പിന്‍വലിച്ചത്. ഡിസംബറില്‍ ആകെ 34,349.62 കോടിയുടെയും ജനുവരിയില്‍ ഇതുവരെ 40,704.39 കോടിയുടെയും നിക്ഷേപമാണ് പിന്‍വലിച്ചത്.










0 comments