ad
Deshabhimani

എൽപിജി പ്രതിസന്ധി; പൈപ്പ്‌ലൈൻ ഗ്യാസ് അതിവേഗം ലഭിക്കുമോ? പ്രായോഗികമല്ലെന്ന് റിപോർട്ട്

png vs lpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 01, 2026, 06:49 PM | 2 min read

ന്യൂഡൽഹി : രാജ്യം കടുത്ത പാചകവാതക പ്രതിസന്ധി നേരിടുമ്പോഴും വെറും കണക്കുകൾ നിരത്തി ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ആഭ്യന്തര ഉൽപ്പാദനം വഴി 30 കോടി വീടുകളിൽ പൈപ് ലൈൻ വഴിയുള്ള പ്രകൃതിവാതകം (PNG) എത്തിക്കാൻ കഴിയുമെന്ന് പെട്രോളിയം ആന്റ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് അവകാശപ്പെടുകയാണ്.


കടുത്ത എൽപിജി ക്ഷാമത്തിന് പരിഹാരമായാണ് പിഎൻജി നിർദേശിക്കുന്നത്. എന്നാൽ നിലവിൽ വെറും 1.2 കോടി കണക്ഷനുകൾ മാത്രമാണ് രാജ്യത്തുള്ളത്. ബാക്കി 28 കോടിയിലധികം വീടുകളിൽ എന്ന് കണക്ഷൻ എത്തുമെന്ന ചോദ്യത്തിന് അധികൃതർക്ക് മറുപടിയില്ല.


പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് എൽപിജി ഇറക്കുമതി തടസപ്പെട്ടതോടെയാണ് പൈപ്പ് ലൈൻ ഗ്യാസിനെക്കുറിച്ച് സർക്കാർ വീണ്ടും ചിന്തിക്കുന്നത്. പ്രതിദിനം 20,000 കണക്ഷനുകൾ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിലവിൽ അതിന്റെ പകുതി പോലും ലക്ഷ്യം കണ്ടിട്ടില്ല.


നഗരസഭകളുടെയും മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെയും തലയിൽ കെട്ടിവെച്ച് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് കേന്ദ്ര നീക്കം. പൈപ്പ് ലൈൻ ഇടുന്നതിനായി റോഡുകൾ വെട്ടിപ്പൊളിക്കുന്നതും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും പരിഹരിക്കാൻ കൃത്യമായ പ്ലാനുകളില്ലാതെയാണ് യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുമെന്ന് പറയുന്നത്.


പദ്ധതി വേഗത്തിലാക്കാൻ സ്വയം അനുമതി എന്ന പേരിൽ പുതിയ നിയമങ്ങൾ കൊണ്ടുവന്നത് സിറ്റി ഗ്യാസ് വിതരണം നടത്തുന്ന വൻകിട കോർപ്പറേറ്റ് കമ്പനികളെ സഹായിക്കാനാണെന്ന വിമർശനം ശക്തമാണ്. സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ കമ്പനികൾക്ക് ഇത് അവസരം നൽകും.


മൂലധന നിക്ഷേപത്തിന് തടസമില്ലെന്ന് അധികൃതർ പറയുമ്പോഴും ഈ നിക്ഷേപത്തിന്റെ ഭാരം ഭാവിയിൽ കണക്ഷൻ ചാർജായും മറ്റും സാധാരണക്കാരന്റെ തലയിൽ തന്നെയാകും വന്നുചേരുക.


‍പൈപ്പ് ലൈൻ ഗ്യാസിന്റെ വമ്പൻ കണക്കുകൾ നിരത്തുമ്പോഴും സാധാരണക്കാരൻ ആശ്രയിക്കുന്ന എൽപിജി സിലിണ്ടറുകളുടെ വില കുറക്കാൻ സർക്കാർ തയ്യാറാകുന്നില്ല. സബ്സിഡികൾ വെട്ടിക്കുറച്ചും ഇറക്കുമതിയിലെ തടസങ്ങൾ ചൂണ്ടിക്കാട്ടിയും വില വർധിപ്പിക്കുന്നത് തുടരുകയാണ്. പിഎൻജി കണക്ഷനില്ലാത്ത ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾ കരിഞ്ചന്തയിൽ നിന്ന് ഉയർന്ന വില നൽകിയാണ് എൽപിജി സിലിണ്ടർ വാങ്ങുന്നത്.


ആഭ്യന്തര ഉല്പാദനം ആവശ്യത്തിനുണ്ടെന്ന് സമ്മതിക്കുമ്പോഴും എന്തുകൊണ്ട് ഇതിന്റെ ഗുണം സാധാരണക്കാരന് ലഭിക്കുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ജനങ്ങളുടെ അടുക്കള ബജറ്റ് തകർക്കുന്ന കേന്ദ്ര നയങ്ങൾ തുടരുകയാണ്. വെറും കണക്കിലെ കളികൾ കൊണ്ട് അടുപ്പിലെ തീ പുകയില്ലെന്ന യാഥാർഥ്യം കേന്ദ്ര സർക്കാർ തിരിച്ചറിയുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home