ഇന്ത്യ-ചൈന അതിർത്തിയിൽ സമാധാനം അനിവാര്യം; പ്രതിരോധ മന്ത്രിമാർ കൂടികാഴ്ച നടത്തി

ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ചൈനീസ് പ്രതിരോധ മന്ത്രി അഡ്മിറൽ ഡോങ് ജുനും|Photo Credit: X/@rajnathsingh
ന്യൂഡൽഹി : കിർഗിസ്ഥാനിലെ ബൈഷേക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തിനിടെ ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രി ഡോങ് ജുനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ - ചൈന നിയന്ത്രണരേഖയിൽ സമാധാനവും ശാന്തതയും നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഇരുനേതാക്കളും ചർച്ച ചെയ്തു. പശ്ചിമേഷ്യൻ സാഹചര്യം ഉൾപ്പെടെയുള്ള മേഖലയിലെ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് ഇരുപക്ഷവും ആശങ്കകൾ കൈമാറിയതായി ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി.
ചൊവാഴ്ച നടന്ന എസ്‌സിഒ സമ്മേളനത്തെ അഭിസംബോധന ചെയ്ത രാജ്‌നാഥ് സിംഗ് ആഗോള സമാധാനത്തിന് ഭീഷണിയാകുന്ന തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് വ്യക്തമാക്കി. തീവ്രവാദത്തോട് സീറോ ടോളറൻസ് നയം പിന്തുടരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. തീവ്രവാദം, തീവ്രചിന്താഗതി, മൗലികവാദം എന്നിവയെ ഉന്മൂലനം ചെയ്യാൻ അംഗരാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു.
സമ്മേളനത്തിന്റെ ഭാഗമായി റഷ്യ, ബെലാറസ്, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നീ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുമായും രാജ്‌നാഥ് സിംഗ് പ്രത്യേക ചർച്ചകൾ നടത്തി. പ്രതിരോധ സഹകരണം ശക്തമാക്കുന്നതിനും പങ്കാളിത്ത രാജ്യങ്ങളുമായുള്ള തന്ത്രപരമായ ബന്ധം വിപുലീകരിക്കുന്നതിനും ഈ കൂടിക്കാഴ്ചകൾ വഴിയൊരുക്കും.
2001ൽ രൂപീകൃതമായ എസ്‌സിഒ ലോകത്തിലെ ഏറ്റവും വലിയ പ്രാദേശിക സഹകരണ കൂട്ടായ്മകളിൽ ഒന്നാണ്. ഇന്ത്യ, റഷ്യ, ചൈന, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, പാകിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ഇറാൻ, ബെലാറസ് എന്നിവയാണ് ഇതിലെ അംഗരാജ്യങ്ങൾ. 2017ലാണ് ഇന്ത്യ ഈ സംഘടനയിൽ പൂർണ അംഗമായത്. 2022-23 കാലയളവിൽ ഇന്ത്യ ഈ കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനം വഹിച്ചിരുന്നു. പ്രാദേശിക സുരക്ഷയിലും ബഹുരാഷ്ട്ര സഹകരണത്തിലും ഇന്ത്യയ്ക്കുള്ള സ്വാധീനത്തെയാണ് ഇത് വ്യക്തമാക്കുന്നത്.










0 comments