ad
Deshabhimani

ഇറാനിൽ പ്രക്ഷോഭം കടുക്കുന്നു: ഇന്ത്യക്കാർ പുറത്തിറങ്ങരുതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

Iran.jpg
വെബ് ഡെസ്ക്

Published on Jan 12, 2026, 08:19 PM | 1 min read

ന്യൂഡൽഹി: ആഭ്യന്തര പ്രക്ഷോഭം ആളിപ്പടരുന്ന ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് കർശന ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്കാർ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു.


ഇറാനിലെ സംഭവവികാസങ്ങൾ കേന്ദ്ര സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനിൽ കഴിയുന്ന ഇന്ത്യൻ പ്രവാസികളും വിദ്യാർത്ഥികളും നിലവിൽ സുരക്ഷിതരാണ്.


ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് നിയന്ത്രണമുണ്ടെങ്കിലും വിദ്യാർത്ഥികളുമായി നിരന്തരം ബന്ധപ്പെടാൻ ഇന്ത്യൻ എംബസിക്ക് സാധിക്കുന്നുണ്ട്. പ്രക്ഷോഭങ്ങൾക്കിടയിലും ഇന്ത്യക്കാർക്ക് ഇതുവരെ മറ്റ് ബുദ്ധിമുട്ടുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.


സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും ഡോളറിനെതിരെ ഇറാനിയൻ റിയാലിന്റെ മൂല്യത്തകർച്ചയുമാണ് ഇറാനിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമായത്. ടെഹ്‌റാനിൽ ആരംഭിച്ച പ്രതിഷേധം ഇപ്പോൾ രാജ്യം മുഴുവൻ വ്യാപിച്ചിരിക്കുകയാണ്.


ഇതിനോടകം തന്നെ നിരവധി പേർ പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതിഷേധക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ പ്രക്ഷോഭം കൂടുതൽ ശക്തമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home