ad
Deshabhimani

വാങ്ങിക്കൂട്ടിയത് പതിനായിരത്തിലധികം സിംകാര്‍ഡുകൾ, പിന്നാലെ എത്തി സിബിഐ

sim
വെബ് ഡെസ്ക്

Published on Apr 20, 2026, 03:42 PM | 1 min read

ഗുവാഹത്തി: പതിനായിരത്തിലധികം സിം കാർഡുകൾ വാങ്ങിക്കൂട്ടി സൈബർ കുറ്റവാളികൾക്ക് ഉൾപ്പെടെ കൈമാറിയ സംഘത്തിൽ സിബിഐ തെരയുകയായിരുന്ന മുഖ്യ പ്രതി പടിയിൽ. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ഒളിവിൽ കഴിയുകയായിരുന്ന ഉബൈദ് ഉള്ള എന്നയാളെ ഞായറാഴ്ച പുലർച്ചെയാണ് സിബിഐ പിടികൂടിയത്.


ഗുവാഹത്തി കേന്ദ്രീകരിച്ച് അനധികൃത സിം കാർഡുകൾ ശേഖരിച്ച് സൈബർ ക്രിമിനലുകൾക്ക് എത്തിച്ചുനൽകുന്ന പ്രധാന കണ്ണിയായിരുന്നു ഇയാൾ. സിം കാർഡുകൾ നിയമവിരുദ്ധമായി സംഘടിപ്പിക്കുന്നതിനായി വിവിധ പോയിന്റ് ഓഫ് സെയിൽ (POS) ഏജന്റുമാർക്ക് പല ബാങ്ക് അക്കൗണ്ടുകളിലൂടെ ഏകദേശം 67 ലക്ഷം രൂപ ഉബൈദ് ഉള്ള കൈമാറിയതായി കണ്ടെത്തിയിരുന്നു. പക്ഷെ പ്രതിയെ കണ്ടെത്താനായിരുന്നില്ല.


വ്യാജ സിം കാർഡുകൾ നൽകിയ 10 പി ഒ എസ് (POS) ഏജന്റുമാരെ അന്വേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി എട്ട് സംസ്ഥാനങ്ങളിലായി ഏകദേശം 45 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തി. ഒരു വര്‍ഷത്തോളമായി പ്രതിക്കായുള്ള അന്വേഷണത്തിലായിരുന്നു.


വ്യാജ രേഖകൾ ഉപയോഗിച്ചോ മറ്റുള്ളവരുടെ പേരിൽ നിയമവിരുദ്ധമായോ എടുത്ത പതിനായിരത്തോളം സിം കാർഡുകൾ പ്രതി ശേഖരിച്ചതായി സിബിഐ അറിയിപ്പിൽ പറയുന്നു. ഈ സിം കാർഡുകൾ കൈമാറുന്നതിനായി കൊറിയർ സർവീസുകളെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. ഇതിന്റെ തെളിവുകൾ സിബിഐക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത്രയും അധികം സിം കാര്‍ഡുകൾ സംഘടിപ്പിക്കാൻ ആവശ്യമായ രേഖകളും വ്യക്തിവിവരങ്ങളും എങ്ങിനെ സംഘടിപ്പിച്ചു എന്നത് വ്യക്തമല്ല.


ലോൺ തട്ടിപ്പുകൾ, വ്യാജ ഡിജിറ്റൽ അറസ്റ്റ് (Fake Digital Arrest), നിക്ഷേപ തട്ടിപ്പുകൾ എന്നിവ നടത്തുന്ന സൈബർ ക്രിമിനലുകളുടെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക എന്ന ലക്ഷ്യത്തോടെ സിബിഐ നടത്തിയ ഓപ്പറേഷൻ ചക്ര എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് കേസ്.


ഇത്തരത്തിൽ സംഘടിപ്പിക്കുന്ന സിം കാർഡുകൾ ഉപയോഗിച്ചാണ് തട്ടിപ്പുകാർ സാധാരണക്കാരെ വിളിക്കുന്നതും പണം തട്ടുന്നതും. അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ വരുമ്പോൾ ജാഗ്രത പാലിക്കണമെന്നും നിയമവിരുദ്ധമായ ഇത്തരം സിം കാർഡ് വിതരണക്കാരെ കണ്ടെത്തുന്ന നടപടികൾ ശക്തമാക്കുമെന്നും സിബിഐ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home