ഹോസ്റ്റൽ മെസ്സുകളിൽ 'സവർണ്ണ ബോധം' അടിച്ചേൽപ്പിക്കുന്നു; ഐഐടികളിലെ മാംസാഹാര നിരോധനത്തിനെതിരെ വിദ്യാർഥികൾ

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടികളിൽ മാംസാഹാരത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിനെതിരെ വിദ്യാർഥികളും പൂർവവിദ്യാർഥികളും രംഗത്ത്. ഉത്സവകാലങ്ങളിൽ ഹോസ്റ്റൽ മെസ്സുകളിൽ മാംസാഹാരം ഒഴിവാക്കുന്നതും സസ്യാഹാരികൾക്കായി പ്രത്യേക ഇരിപ്പിടങ്ങൾ ഒരുക്കുന്നതുമാണ് പ്രതിഷേധത്തിന് കാരണം. ക്യാമ്പസുകളിൽ ബ്രാഹ്മണിക സാംസ്കാരിക രീതികളും ഭക്ഷണശീലങ്ങളും അടിച്ചേൽപ്പിക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്ന് വിദ്യാർഥികൾ പറയുന്നു. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭക്ഷണസ്വാതന്ത്ര്യത്തിനുമേലുള്ള നിയന്ത്രണങ്ങൾ വ്യാപിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം നടപടികൾ.
ബോംബെ ഐഐടിയിൽ നവരാത്രി ആഘോഷങ്ങളുടെ സമയത്ത് ഹോസ്റ്റൽ മെസ്സുകളിൽ മാംസാഹാരം വിളമ്പാറില്ല. ഹോസ്റ്റൽ 11, 12 എന്നിവിടങ്ങളിൽ ഫീസിൽ ഉൾപ്പെട്ട പതിവ് ഭക്ഷണപ്പട്ടികയിൽനിന്നും മാംസാഹാരം ഒഴിവാക്കിയിട്ടുണ്ട്. മാംസാഹാരം കഴിക്കണമെങ്കിൽ വിദ്യാർഥികൾ അധിക തുക നൽകണം. ജൈനമതവിശ്വാസികൾ ഉൾപ്പെടെയുള്ള സസ്യാഹാരികൾക്കായി പ്രത്യേക ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.
മൂന്ന് വർഷം മുമ്പാണ് ബോംബെ ഐഐടിയിൽ സസ്യാഹാരികൾക്കായി പ്രത്യേക ഇരിപ്പിടങ്ങൾ ഏർപ്പെടുത്തിത്തുടങ്ങിയത്. ശുചിത്വത്തിന്റെ പേരിൽ നടപ്പാക്കുന്ന ഇത്തരം നിയന്ത്രണങ്ങൾ ജാതിവിവേചനത്തിനും തൊട്ടുകൂടായ്മയ്ക്കും വഴിയൊരുക്കുമെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. മാംസാഹാരം കഴിക്കുന്നവരെ അശുദ്ധരായി കാണുന്ന സവർണബോധമാണ് ഇതിന് പിന്നിലെന്നും ക്യാമ്പസുകളിൽ മേൽജാതി ആധിപത്യം ശക്തിപ്പെടുത്താനാണ് ഇത്തരം നടപടികൾ സഹായിക്കുകയെന്നും വിദ്യാർഥികൾ പറയുന്നു.
സസ്യാഹാരികൾക്കായി മാറ്റിവച്ച സ്ഥലത്ത് മാംസാഹാരം കഴിച്ചതിന് 2023ൽ ഒരു വിദ്യാർഥിക്ക് 10,000 രൂപ പിഴ ചുമത്തിയിരുന്നു. ബോംബെ ഐഐടി പൂർവവിദ്യാർഥി പ്രണബ് ജീവനാണ് സംഭവം ചൂണ്ടിക്കാട്ടിയത്. സസ്യാഹാരികളുടെ ഭക്ഷണശീലങ്ങൾക്ക് പ്രത്യേക പരിഗണന നൽകുമ്പോൾ മാംസാഹാരം കഴിക്കുന്നവരുടെ അവകാശങ്ങൾ നിഷേധിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഒരുവിഭാഗത്തിന്റെ മതവിശ്വാസങ്ങൾ മറ്റുള്ളവരുടെ ഭക്ഷണസ്വാതന്ത്ര്യത്തിനുമേൽ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് പ്രതിഷേധിക്കുന്നവർ.
ബോംബെ ഐഐടിയിൽ മാത്രമല്ല, മറ്റു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമാന നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്. ഐഐടി കാൺപൂരിൽ നവരാത്രിക്കാലത്തെ മാംസാഹാര നിരോധനത്തിനെതിരെ വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. ഐഐടി ഡൽഹിയിലും ഒമ്പതുദിവസത്തെ ആഘോഷവേളയിൽ മാംസാഹാരം ഒഴിവാക്കിയിരുന്നു. താൻ സസ്യാഹാരിയാണെങ്കിലും മറ്റൊരാൾ സമീപത്തിരുന്ന് മാംസാഹാരം കഴിക്കുന്നത് ഒരിക്കലും ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ലെന്ന് ഐഐടി ഡൽഹിയിലെ ഒരു പ്രൊഫസർ പറഞ്ഞു. മതത്തിന്റെയും ജാതിയുടെയും ഭക്ഷണശീലങ്ങളുടെയും പേരിൽ സമൂഹത്തിൽ വളരുന്ന ധ്രുവീകരണമാണ് ഹോസ്റ്റൽ മെസ്സുകളിലും പ്രതിഫലിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജമ്മു കേന്ദ്ര സർവകലാശാലയിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുത്തതാണ്. 2021 ജൂലൈയിൽ സഞ്ജീവ് ജെയിൻ വൈസ് ചാൻസലറായി ചുമതലയേറ്റതിന് പിന്നാലെ മുട്ട ഉൾപ്പെടെയുള്ള മാംസാഹാരങ്ങൾ ക്യാമ്പസിൽ പൂർണമായി നിരോധിച്ചതായി വിദ്യാർഥികൾ പറയുന്നു. സർവകലാശാലാ കവാടത്തിൽ സുരക്ഷാ ജീവനക്കാർ വിദ്യാർഥികളുടെ ബാഗുകൾ പരിശോധിക്കുന്നുണ്ട്. സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഓൺലൈൻ ഭക്ഷണവിതരണ സംവിധാനങ്ങൾ വഴിയും മാംസാഹാരം ക്യാമ്പസിനുള്ളിലേക്ക് എത്തിക്കാൻ അനുവദിക്കുന്നില്ല. മുട്ടയോ മറ്റു മാംസാഹാരങ്ങളോ സൂക്ഷിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ ഹോസ്റ്റൽ മുറികളിൽ മിന്നൽ പരിശോധന നടത്താറുണ്ടെന്നും വിദ്യാർഥികൾ പറയുന്നു.
ഐഐടികളിലെ മാംസാഹാര നിയന്ത്രണവുമായി ബന്ധപ്പെട്ട ഇടപെടലുകൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. 2014 ഒക്ടോബറിൽ ഹോസ്റ്റൽ മെസ്സുകളിലെ മാംസാഹാരം സസ്യാഹാരികളിൽ മോശം സ്വാധീനം ചെലുത്തുന്നുവെന്ന പരാതി പരിശോധിക്കാൻ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ഐഐടികളോട് ആവശ്യപ്പെട്ടിരുന്നു. മാംസാഹാരം വിളമ്പുന്നതിലൂടെ ഐഐടികൾ പാശ്ചാത്യ സംസ്കാരം പ്രോത്സാഹിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി എസ് കെ ജെയിൻ എന്നയാൾ അന്നത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് നൽകിയ നിവേദനത്തെ തുടർന്നായിരുന്നു നടപടി.
ഭക്ഷണശീലങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ വ്യക്തികളുടെ സ്വാതന്ത്ര്യത്തിനും ക്യാമ്പസുകളിലെ വൈവിധ്യത്തിനും വെല്ലുവിളിയാകുകയാണ്. സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന സാംസ്കാരിക സമീപനങ്ങളുമായി ഇത്തരം നിയന്ത്രണങ്ങൾക്കുള്ള ബന്ധവും ചർച്ചയാകുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വ്യത്യസ്ത സാമൂഹ്യപശ്ചാത്തലങ്ങളിൽനിന്നുമുള്ള വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനങ്ങളിൽ ഒരുവിഭാഗത്തിന്റെ ഭക്ഷണരീതിക്ക് മാത്രം മുൻഗണന നൽകുന്നതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്.
വിഷയത്തിൽ പ്രതികരണം തേടി ബോംബെ ഐഐടി ഡയറക്ടർ ശിരീഷ് ബി കേദാരെയ്ക്കും ജമ്മു കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ സഞ്ജീവ് ജെയിനിനും ഇമെയിൽ അയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.








0 comments