ad
Deshabhimani

'ബലാത്സംഗം' എന്നത് നിയമപരമായ പദം, കന്യാചർമ്മത്തിന്റെ നില പരിഗണനയല്ല; അലഹബാദ് ഹൈക്കോടതി

alahabad high court.
വെബ് ഡെസ്ക്

Published on Jun 28, 2026, 10:38 AM | 2 min read

പ്രയാഗ്‌രാജ്: ഇരയുടെ മൊഴി വിശ്വസനീയമാണെങ്കിൽ കന്യാചർമ്മത്തിന്റെ പേരിൽ ബലാത്സംഗക്കേസിലെ പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം നൽകാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. 'ബലാത്സംഗം' എന്നത് ഒരു മെഡിക്കൽ പദമല്ല, മറിച്ച് നിയമപരമായ പദമാണെന്നും കോടതി വ്യക്തമാക്കി.


1982-ൽ നടന്ന ഒരു പീഡനക്കേസിൽ പ്രതിക്ക് മൂന്ന് വർഷം തടവുശിക്ഷ വിധിച്ച വിചാരണ കോടതിയുടെ ഉത്തരവ് ജസ്റ്റിസ് സന്തോഷ് റായിയുടെ ബെഞ്ച് ശരിവെച്ചു.


കായിക വിനോദങ്ങളിൽ ഏർപ്പെടുക, സൈക്ലിംഗ്, ജിംനാസ്റ്റിക്സ്, കുതിരസവാരി, കഠിനമായ ശാരീരിക അധ്വാനം അല്ലെങ്കിൽ അപകടങ്ങൾ എന്നിവ കാരണം കന്യാചർമ്മം നഷ്ടമാവാം. ചിലർ ജനിക്കുമ്പോൾത്തന്നെ കന്യാചർമ്മം ഇല്ലാത്തവരോ സുഷിരങ്ങളുള്ളവരോ ആയിരിക്കാം. മറ്റു ചിലരിൽ ഇത് ഇലാസ്തികതയുള്ളതുമാകാം. അതിനാൽ മെഡിക്കൽ കണ്ടെത്തലുകൾക്ക് ഇരയുടെ വിശ്വസനീയമായ മൊഴിയെക്കാൾ പ്രാധാന്യം നൽകാനാകില്ല.


പീഡനം പോലുള്ള കുറ്റകൃത്യങ്ങൾ സാധാരണയായി അതീവ രഹസ്യമായ സാഹചര്യങ്ങളിലാണ് നടക്കുന്നത്. അതിനാൽ ഇത്തരം കേസുകളിൽ സ്വതന്ത്രരായ ദൃക്‌സാക്ഷികൾ ഉണ്ടാകാനുള്ള സാധ്യത പ്രായോഗികമായി ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.


കേസിന്റെ പശ്ചാത്തലം


1982-ൽ ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ 15 വയസ്സുള്ള നിരക്ഷരയായ പെൺകുട്ടിയെ രാകേഷ് എന്നയാളും മറ്റൊരു പ്രതിയും ചേർന്ന് തടഞ്ഞുനിർത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസാണ്. പെൺകുട്ടി എതിർത്തപ്പോൾ പ്രതികൾ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.

സംഭവം നടന്ന ദിവസം തന്നെ തയ്യാറാക്കിയ മെഡിക്കൽ റിപ്പോർട്ടിൽ പെൺകുട്ടിയുടെ ശരീരത്തിൽ ഉരച്ചിലുകളും ചതവുകളും ഉൾപ്പെടെ ആറ് പരിക്കുകൾ രേഖപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെയും ഈ പരിക്കുകളുടെയും അടിസ്ഥാനത്തിലാണ് 1983 മേയിൽ അലഹബാദ് അഡീഷണൽ സെഷൻസ് ജഡ്ജി പ്രതികൾക്ക് ശിക്ഷ വിധിച്ചത്. ഇതിനെതിരെ പ്രതിയായ രാകേഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.


മെഡിക്കൽ റിപ്പോർട്ടിൽ പെൺകുട്ടിയുടെ കന്യാചർമ്മം നേരത്തെ തന്നെ കീറിയതായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും, ഇത് പെൺകുട്ടി മറ്റ് ശാരീരിക ബന്ധങ്ങളിൽ ഏർപ്പെട്ടിരുന്ന ആളാണെന്ന് തെളിയിക്കുന്നു എന്നുമായിരുന്നു പ്രതിഭാഗം വക്കീലിന്റെ വാദം. അതിനാൽ പ്രതി പീഡനം നടത്തിയിട്ടില്ലെന്ന് കരുതണമെന്നും വക്കീൽ വാദിച്ചു.


എന്നാൽ ഇരയുടെ "മോശം സ്വഭാവം" ഉയർത്തിക്കാട്ടിയുള്ള പ്രതിഭാഗത്തിന്റെ ഈ സാങ്കേതിക വാദങ്ങളെ ഹൈക്കോടതി പൂർണ്ണമായും തള്ളി. ഡോക്ടറുടെ മെഡിക്കൽ അഭിപ്രായം മാത്രം വെച്ച് പ്രതി കുറ്റം ചെയ്തിട്ടില്ലെന്ന നിഗമനത്തിൽ എത്താനാകില്ലെന്ന് കോടതി വ്യക്തമാക്കി.

നിലവിൽ ജാമ്യത്തിലായിരുന്ന പ്രതി രാകേഷിന്റെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി, ബാക്കി ശിക്ഷാ കാലാവധി അനുഭവിക്കുന്നതിനായി 10 ദിവസത്തിനകം വിചാരണ കോടതിക്ക് മുന്നിൽ കീഴടങ്ങാൻ ഉത്തരവിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home