'പർവ്വതങ്ങളെ പ്രണയിച്ചവൻ' തിവാരിയുടെ മൃതദേഹം എവറസ്റ്റിൽ തന്നെ ഉപേക്ഷിക്കാൻ കുടുംബത്തിന്റെ തീരുമാനം

അരുൺ കുമാർ തിവാരി (Photo: NDTV)
തെലങ്കാന: എവറസ്റ്റ് കൊടുമുടി കീഴടക്കിയ ശേഷം മടങ്ങുന്നതിനിടെ മരണപ്പെട്ട രണ്ട് പർവ്വതാരോഹകരിൽ ഒരാളായ അരുൺ കുമാർ തിവാരിയുടെ മൃതദേഹം എവറസ്റ്റിൽ തന്നെ ഉപേക്ഷിക്കാൻ കുടുംബത്തിന്റെ തീരുമാനം. തിവാരിയുടെ ആഗ്രഹവും വിശ്വാസവും ഭൗതികശരീരം തിരികെ കൊണ്ടുവരുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് കുടുംബത്തിന്റെ തീരുമാനം. തെലങ്കാനയിൽ നിന്നുള്ള പരിചയസമ്പന്നനായ പർവ്വതാരോഹകനും 53 കാരനായ ഐടി പ്രൊഫഷണലുമായിരുന്ന തിവാരി, കൊടുമുടിക്ക് തൊട്ടുതാഴെയുള്ള 'ഹിലരി സ്റ്റെപ്പിന്' (Hillary Step) സമീപം വെച്ചാണ് മരണപ്പെട്ടത്.
താഴേക്ക് ഇറങ്ങുന്നതിനിടെ അദ്ദേഹത്തിന് പെട്ടെന്ന് അസ്വസ്ഥകൾ അനുഭവപ്പെട്ടു. ഈ അസ്വസ്ഥകൾ കൂടി വരികയും വൈകാതെ തിവാരി മരണത്തിന് കീഴടങ്ങുകയുമായിരുന്നു. "കഴിഞ്ഞ വർഷത്തെ പരാജയപ്പെട്ട ശ്രമത്തിന് ശേഷം, എവറസ്റ്റ് കൊടുമുടി കീഴടക്കണമെന്നത് തിവാരിയുടെ ഉറച്ച തീരുമാനമായിരുന്നു. തിവാരി ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന ഇടം അതായിരുന്നു, അതുകൊണ്ട് തന്നെയാണ് ഞങ്ങൾ അവനെ അവിടെത്തന്നെ വിടുന്നത്," കുടുംബം പ്രതികരിച്ചു.
എവറസ്റ്റ് കൊടുമുടി പരമശിവന്റെ സന്നിധിയാണെന്ന് കുടുംബം വിശ്വസിക്കുന്നതായും, അതിനാൽ അദ്ദേഹത്തെ അവിടെത്തന്നെ ശാശ്വതമായി വിശ്രമിക്കാൻ അനുവദിക്കുന്നതാണ് ഉചിതമെന്ന് തോന്നിയതായും തിവാരിയുടെ അളിയൻ സുധീർ ഉപാധ്യായ പറഞ്ഞു. കടുത്ത പ്രതികൂല കാലാവസ്ഥയും ഓക്സിജന്റെ കുറവും കാരണം രക്ഷാദൗത്യങ്ങൾ അതീവ അപകടകരമാകുന്ന ഇത്രയും ഉയർന്ന പ്രദേശങ്ങളിൽ നിന്ന് ഭൗതികശരീരങ്ങൾ വീണ്ടെടുക്കുന്നതിലെ കടുത്ത സാങ്കേതിക വെല്ലുവിളികളും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്നാണ് ഈ തീരുമാനത്തിൽ എത്തിയതെന്നും അദേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ ഈ തീരുമാനം കേവലം സാമ്പത്തിക കാര്യങ്ങൾ മാത്രം നോക്കിയുള്ളതല്ലെന്നും, ഹിമാലയവുമായി ആഴത്തിൽ ആത്മബന്ധം പുലർത്തിയിരുന്ന ഒരു പർവ്വതാരോഹകൻ എന്ന നിലയിൽ അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാവുക ഇതായിരിക്കുമെന്ന വിശ്വാസത്തിന്റെ പുറത്തുകൂടിയാണെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. 2025-ലും അദ്ദേഹം എവറസ്റ്റ് കീഴടക്കാൻ ശ്രമിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ മൂലം 7,200 മീറ്റർ ഉയരത്തിൽ വെച്ച് മടങ്ങേണ്ടി വന്നിരുന്നു. തുടർന്നാണ് തന്റെ സ്വപ്നതുല്യമായ പർവ്വതാരോഹണം പൂർത്തിയാക്കാൻ ഈ വർഷം തിവാരി വീണ്ടുമെത്തിയത്. മുൻപ് മൗണ്ട് എൽബ്രസ്, ഡെനാലി, അകോൺകാഗ്വ എന്നിവയുൾപ്പെടെ നിരവധി കൊടുമുടികൾ കീഴടക്കിയിട്ടുള്ള മികച്ചൊരു പർവ്വതാരോഹകനായിരുന്നു തിവാരി.










0 comments