print edition റഷ്യൻഎണ്ണ വാങ്ങാൻ അമേരിക്കൻ ഔദാര്യം യാചിച്ച് മോദിസര്‍ക്കാര്‍

എം പ്രശാന്ത്
Published on Mar 07, 2026, 12:36 AM | 1 min read
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹൊർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം സ്‌തംഭിച്ചതോടെ റഷ്യൻ ക്രൂഡോയിൽ വാങ്ങാൻ അനുവദിക്കണമെന്ന് അമേരിക്കയോട് യാചിച്ച് മോദി സർക്കാർ. ഇതോടെ 30 ദിവസത്തേക്ക് റഷ്യൻ ക്രൂഡോയിൽ വാങ്ങാൻ ഇന്ത്യക്ക് അമേരിക്ക അനുമതി നൽകി. ഇന്ത്യ റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നത് വ്യാപാര കരാറിന്റെ ഭാഗമായി അമേരിക്ക വിലക്കിയിരിക്കുകയാണ്. ഇതോടെ മോദി സർക്കാർ റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നത് നിർത്തിയെങ്കിലും പശ്ചിമേഷ്യൻ സംഘർഷം പ്രതിസന്ധിയായി.
ഇന്ത്യക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ അനുമതി നൽകിയ വിവരം യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റാണ് അറിയിച്ചത്. ഇൗ താൽക്കാലിക നടപടി റഷ്യക്ക് വലിയ സാമ്പത്തികനേട്ടമുണ്ടാക്കില്ല. നിലവിൽ കപ്പലുകളിൽ കെട്ടിക്കിടക്കുന്ന എണ്ണയുടെ വിപണനത്തിന് മാത്രമാണ് അനുമതി. വരുംദിവസങ്ങളിൽ അമേരിക്കൻ ക്രൂഡോയിൽ ഇന്ത്യ കൂടുതൽ വാങ്ങുമെന്നുറപ്പുണ്ട് –ബെസന്റ് പറഞ്ഞു.
ഹോർമുസ് കടലിടുക്ക് അടച്ചതോടെ റഷ്യൻ എണ്ണ വാങ്ങാൻ പ്രത്യേക അനുമതി തേടി മോദി സർക്കാർ അമേരിക്കയെ സമീപിച്ചെന്ന് വ്യക്തമാക്കുന്നതാണ് ബസന്റിന്റെ പ്രസ്‌താവന. അന്തർദേശീയതലത്തിൽ ഇന്ത്യയെ നാണംകെടുത്തുന്ന പ്രസ്‌താവനയായിട്ടും കേന്ദ്രം മൗനം തുടരുകയാണ്. അമേരിക്കൻ അനുമതി ലഭിച്ചതോടെ റഷ്യൻ കപ്പലുകൾ ഇന്ത്യയിലെത്തി.
രാജ്യത്തിന്റെ ഉൗർജ പരമാധികാരം പൂർണമായും അടിയറവച്ചതിനെ പ്രതിപക്ഷ പാർടികൾ നിശിതമായി വിമർശിച്ചു. വാണിജ്യരംഗത്ത് ചൈനയ്‌ക്ക് അനുവദിച്ച ഇളവ് ഇന്ത്യക്ക് നൽകില്ലെന്ന അമേരിക്കൻ വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറിയുടെ പ്രസ്‌താവനയും മോദി സർക്കാർ എത്രമാത്രം യുഎസ് താൽപ്പര്യങ്ങൾക്ക് കീഴടങ്ങിയെന്ന് വ്യക്തമാക്കുന്നു. ഇന്ത്യയുമായുള്ള വ്യാപാര കരാർ പൂർണമായും അമേരിക്കൻ താൽപ്പര്യങ്ങൾ സംരക്ഷിച്ചുള്ളതായിരിക്കുമെന്നും ഡെപ്യൂട്ടി സെക്രട്ടറി ക്രിസ്‌റ്റഫർ ലാന്റോ പറഞ്ഞതിനോടും കേന്ദ്രം പ്രതികരിച്ചിട്ടില്ല.










0 comments