print edition കേരളത്തിന് വൈദ്യുതി നൽകി; ഹിമാചലിൽ പ്രതിഷേധം

ന്യൂഡൽഹി : കേരളത്തിന് വൈദ്യുതി വിൽക്കുന്നതിനെതിരെ ഹിമാചൽപ്രദേശിൽ പ്രതിഷേധം ശക്തമാകുന്നു. ഹിമാചലിലെ ഒൗഷധ നിർമാണ വ്യവസായ മേഖലയിൽ അപ്രഖ്യാപിത വൈദ്യുതി മുടക്കവും നിയന്ത്രണവും പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന പരാതിക്കിടെ കേരളത്തിന് വൈദ്യുതി കൈമാറുന്നതിലാണ് പ്രതിഷേധം ഉയരുന്നത്.
സോളൻ ജില്ലയിലെ ‘ബദ്ദി–ബറോട്ടിവാല– നാലാഗഢ്’ ഏഷ്യയിലെ ഏറ്റവും വലിയ ഒൗഷധ നിർമാണ വ്യവസായ കേന്ദ്രങ്ങളിൽ ഒന്നാണ്. അപ്രഖ്യാപിത വൈദ്യുതി മുടക്കം, അടിക്കടിയുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടൽ, നിയന്ത്രണങ്ങൾ എന്നിവ ഇവിടുത്തെ ഉൽപ്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ഉൽപ്പാദനത്തിനിടെ വൈദ്യുതി മുടങ്ങുന്നത് യന്ത്രങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനും മരുന്നുകൾ നശിക്കാനും ഉൽപ്പന്നങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുന്നതിന് തടസ്സമുണ്ടാകാനും ഇടയാക്കുന്നതായി ‘ബദ്ദി–ബറോട്ടിവാല– നാലാഗഢ്’ വ്യവസായ അസോസിയേഷൻ പരാതിപ്പെട്ടു. ഇൗ സാഹചര്യത്തിൽ, മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു അടിയന്തിരമായി ഇടപെടണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന് ലഭിക്കുന്ന 12 ശതമാനം സൗജന്യ വൈദ്യുതി റോയൽറ്റി സംസ്ഥാന വൈദ്യുതി ബോർഡിന് വിൽക്കുന്ന രീതി അവസാനിപ്പിച്ച്, മത്സരാധിഷ്‌ഠിത ലേലത്തിലൂടെ വിൽക്കാൻ തീരുമാനിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
കേരളം യൂണിറ്റിന് 14.50 രൂപയ്‌ക്കാണ് ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നത്. വൈദ്യുതി വിൽപ്പനയിലൂടെ സാന്പത്തിക നേട്ടമുണ്ടാകുന്നുണ്ടെങ്കിലും, ആഭ്യന്തര വ്യവസായ മേഖലയ്‌ക്ക് ഇൗ നീക്കം വലിയ തിരിച്ചടിയാവുകയാണെന്ന് വ്യവസായികൾ ചൂണ്ടിക്കാണിച്ചു. ഇൗ മാസം 31 വരെ 600 മെഗാവാട്ട് വൈദ്യുതിയാണ് ഹിമാചലിൽ നിന്ന് കേരളം വാങ്ങുന്നത്.









0 comments