ഹിമാചലിൽ കനത്ത മഴ തുടരുന്നു; റോഡ്- റെയിൽ ഗതാഗതത്തിന് തടസം: മഴക്കെടുതി രൂക്ഷം

ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത മഴ തുടരുന്നു. സംസ്ഥാനത്ത് ജനജീവിതം താറുമാറായി. ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുൻകരുതൽ നടപടിയായി സ്കൂളുകൾ അടച്ചിട്ടു. ട്രെയിൻ സർവീസ് നിർത്തിവച്ചു.
കുളു ജില്ലയിലെ അണ്ണിയിൽ നിർമാണത്തിലിരുന്ന വീട് മണ്ണിടിച്ചിലിൽ തകർന്നു. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച ഷിംല-കൽക്ക പാതയിൽ ചിലയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഇതുവഴിയുള്ള ട്രെയിനുകൾ റദ്ദാക്കിയിരുന്നു. സെപ്തംബർ 5 വരെ സർവീസ് നിർത്തിവച്ചിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് കുളു ജില്ലയിലെ ബഞ്ചാർ, കുളു, മണാലി, ഷിംല, കാംഗ്ര, സിർമൗർ, ഉന, ബിലാസ്പൂർ, ചമ്പ, ഹാമിർപൂർ, ലാഹൗൾ, സ്പിതി, സോളൻ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു.
ആറ് ദേശീയ പാതകൾ ഉൾപ്പെടെ 1,311 റോഡുകൾ അടച്ചു. എൻഎച്ച് 3 (മാണ്ടി-ധരംപൂർ റോഡ്), എൻഎച്ച് 305 (ഓട്ട്-സൈഞ്ച്), എൻഎച്ച് 5 (പഴയ ഹിന്ദുസ്ഥാൻ-ടിബറ്റ് റോഡ്), എൻഎച്ച് 21 (ചണ്ഡീഗഢ്-മണാലി റോഡ്), എൻഎച്ച് 505 (ഖാബ് മുതൽ ഗ്രാംഫൂ റോഡ്), എൻഎച്ച് 707 (ഹട്കോട്ടി മുതൽ പോണ്ട വരെ) എന്നിവയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതായി സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ (എസ്ഇഒസി) അറിയിച്ചു.
ഗതഗതം നിർത്തിവച്ച 1,305 റോഡുകളിൽ 289 എണ്ണം മാണ്ഡിയിലും 241 എണ്ണം ഷിംലയിലും 239 എണ്ണം ചമ്പയിലും 169 എണ്ണം കുൽക്കുവിലും 127 എണ്ണം സിർമൗർ ജില്ലയിലുമാണ്. ഉൾപ്രദേശങ്ങളിലെ സ്ഥിതിഗതികൾ വളരെ മോശമാണെന്നും കണക്ഷൻ റോഡുകൾ തകർന്നതോടെ ചിലയിടങ്ങൾ ഒറ്റപ്പെട്ടതായും അധികൃതർ പറഞ്ഞു. ആപ്പിൾ ഉൽപാദകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിപണിയിലേക്ക് എത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
തിങ്കളാഴ്ച വൈകുന്നേരം മുതൽ നൈനാ ദേവിയിൽ 198.2 മില്ലിമീറ്റർ മഴ ലഭിച്ചു. സംസ്ഥാനത്ത് പെയ്ത ഏറ്റവും ഉയർന്ന മഴയാണിത്. രോഹ്രു (80 മില്ലീമീറ്റർ) ജോത് (61.2 മില്ലീമീറ്റർ) ബാഗി (58.5 മില്ലീമീറ്റർ) കുക്കുംശേരി (55.2 മില്ലീമീറ്റർ) നദൗൺ (53 മില്ലീമീറ്റർ) ഒലിൻഡ (50 മില്ലീമീറ്റർ) എന്നിവിടങ്ങളിലും കനത്ത മഴ രേഖപ്പെടുത്തി.
ചമ്പയിൽ കുടുങ്ങിയ 5000 മണിമഹേഷ് തീർഥാടകരെ തിരികെ എത്തിക്കാൻ ശ്രമം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ആഗസ്ത് 15ന് യാത്ര തുടങ്ങിയതിന് ശേഷം 16 തീർഥാടകർ മരിച്ചു. മഴക്കാലം ആരംഭിച്ചതിനുശേഷം മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിലും റോഡപകടങ്ങളിലും 327 പേരാണ് മരിച്ചത്. 41 പേരെ കാണാതായതായി എസ്‍ഇഒസി ഡാറ്റ വ്യക്തമാക്കുന്നു.








0 comments