print edition ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു ; തെരുവിൽ വിറങ്ങലിച്ച് പതിനായിരങ്ങൾ

ഡൽഹി പട്ടേൽ നഗറിൽ വഴിവക്കിൽ കഴിയുന്നവർ അതിശൈത്യത്തിൽ തീകായുന്നു ഫോട്ടോ: പി വി സുജിത്
ന്യൂഡൽഹി
ഉത്തരേന്ത്യയാകെ അതിശൈത്യത്തിന്റെ പിടിയിൽ. വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തെരുവിൽ കഴിയുന്ന പതിനായിരത്തിലധികം മനുഷ്യരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കി. ശീതക്കാറ്റെത്തിയതോടെയാണ് തണുപ്പ് കൂടുതൽ അനുഭവപ്പെട്ടത്.
ആറുവർഷത്തിനിടെയിലെ ഏറ്റവും കടുത്ത തണുപ്പാണ് പുതുവർഷം പിറന്ന വെള്ളിയാഴ്‌ച ഡൽഹിയിൽ രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ താപനില ആറ് ഡിഗ്രി സെൽഷ്യസായിരുന്നു. അടുത്ത മൂന്നുദിവസത്തിനുള്ളിൽ ഇത് രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ താഴ്ന്നേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാജ്യതലസ്ഥാനത്ത് തന്നെയാണ് ഏറ്റവും കൂടുതൽ മനുഷ്യർ തെരുവിൽ തണുപ്പിനെ നേരിടുന്നത്. ഒന്നരലക്ഷം പേരെങ്കിലും ഡൽഹിയിൽ തണുപ്പിൽ കഴിയുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. 195 അഭയകേന്ദ്രങ്ങൾ സർക്കാർ ഒരുക്കിയെങ്കിലും അതിൽ ഇരുപതിനായിരം പേർക്ക് മാത്രമാണ് സൗകര്യമുള്ളത്. ഇതിൽ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലെന്നും പരാതിയുണ്ട്.
ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്‌മീർ, ലഡാക്ക്, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ബിഹാർ എന്നിവിടങ്ങളിലും താപനില കുത്തനെ കുറഞ്ഞു. ഇൗ സംസ്ഥാനങ്ങളിൽ പലയിടത്തും മഞ്ഞുവീഴ്‌ച അനുഭവപ്പെട്ടു. ശൈത്യം കടുത്തതോടെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനങ്ങളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
ശൈത്യം കടുത്തതോടെ ഡൽഹിയുൾപ്പടുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വായുമലിനീകരണം മൂലമുണ്ടായ പുകമഞ്ഞും തീവ്രമായി. 66 വിമാനങ്ങൾ വെള്ളിയാഴ്‌ച റദ്ദാക്കി.











0 comments