വേനൽ കടുക്കുന്നു; ഗുജറാത്തിലും മഹാരാഷ്ട്രയിലും ഉഷ്ണതരംഗം; ഉത്തരേന്ത്യയിൽ താപനില ഉയരുന്നു

ന്യൂഡൽഹി: രാജ്യത്ത് വേനൽചൂട് റെക്കോർഡുകൾ ഭേദിക്കുന്നു. ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളിലും മഹാരാഷ്ട്രയിലെ വിദർഭയിലും കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പശ്ചിമ സംസ്ഥാനങ്ങൾക്ക് പുറമെ ഡൽഹി, ഹരിയാന, പഞ്ചാബ് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും താപനില സാധാരണയേക്കാൾ അഞ്ച് ഡിഗ്രിയിലധികം ഉയർന്നു.
ഗുജറാത്തിലെ അഹമ്മദാബാദ്, ഗാന്ധിനഗർ എന്നിവിടങ്ങളിൽ ബുധനാഴ്ച രേഖപ്പെടുത്തിയ താപനില സാധാരണയേക്കാൾ ഏഴ് ഡിഗ്രിയോളം കൂടുതലാണ്. ഗുജറാത്തിൽ മാർച്ച് 13 വരെ ഉഷ്ണതരംഗം തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലും ചൂട് ക്രമാതീതമായി വർധിച്ചിട്ടുണ്ട്. മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങളിൽ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാധാരണയേക്കാൾ കൂടുതൽ ദിവസം ഉഷ്ണതരംഗം അനുഭവപ്പെടുമെന്ന് ഫെബ്രുവരിയിലെ കാലാവസ്ഥാ പ്രവചനത്തിൽ സൂചിപ്പിച്ചിരുന്നു.
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യം കടുത്ത പാചകവാതക പ്രതിസന്ധി നേരിടുന്നതിനിടെയാണ് ജനങ്ങളെ ദുരിതത്തിലാക്കി ഉഷ്ണതരംഗവും എത്തുന്നത്. ജമ്മു കാശ്മീർ, അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലും താപനില ഉയർന്നു നിൽക്കുകയാണ്. വരും ദിവസങ്ങളിൽ ചൂട് ഇനിയും വർധിക്കാൻ സാധ്യതയുള്ളതിനാൽ ഉച്ചസമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.









0 comments