ad
Deshabhimani

ഉദ്യോഗാര്‍ഥികൾക്ക് അനുകൂലമായ ഉത്തരവ് നടപ്പാക്കിയില്ല, സ്റ്റാഫ് സെലക്ഷൻ കമ്മീഷന് ഹൈക്കോടതി നോട്ടീസ്

Bombay High Court.jpg
വെബ് ഡെസ്ക്

Published on Apr 28, 2026, 02:53 PM | 1 min read

മുംബൈ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഡയറക്ടർ ആർ ജി സിങിന് കോടതിലക്ഷ്യ നോട്ടീസ്. ഉദ്യോഗാര്‍ഥികളുടെ നിയമനം ഉറപ്പാക്കാൻ നിര്‍ദ്ദേശിച്ചുള്ള ഉത്തരവ് നടപ്പാക്കാതെ താമസിപ്പിച്ചതിന് മുംബൈ ഹൈക്കോടതിയുടെതാണ് നടപടി. കോടതി ഉത്തരവുകൾ ലംഘിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ നടപടിയിൽ കോടതി കടുത്ത അമർഷവും രേഖപ്പെടുത്തി. ജസ്റ്റിസ് രവീന്ദ്ര ഘുഗെ, ജസ്റ്റിസ് ഹിറ്റൻ വെനേഗാവോങ്കർ എന്നിവരടങ്ങിയ ബെഞ്ച്, ഉദ്യോഗസ്ഥരുടെ ഇത്തരം നിലപാടുകൾ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് വിശേഷിപ്പിച്ചു.


പൂനെ സ്വദേശികളായ സുശാന്ത് സരോഡെ, അനികേത് ജാദവ് എന്നിവർക്ക് സി ഐ എസ്എ ഫ്, ബി എസ്എ ഫ് സേനകളിൽ നിസ്സാര പ്രശ്നത്തിന്റെ പേരിൽ തൊഴിൽ അനുമതി നിഷേധിച്ചതാണ് കേസിന് ആധാരം. ശാരീരിക പരിശോധനയിൽ ഉയരം കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ ഒഴിവാക്കിയത്. എന്നാൽ ഈ കുറവ് വളരെ നിസ്സാരമാണെന്ന് (Minuscule) കണ്ടെത്തിയ ഹൈക്കോടതി ഇവരെ ഉടൻ തന്നെ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്താൻ ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ് വന്നിട്ടും ഈ ഉദ്യോഗാർത്ഥികളെ പരിശീലനത്തിന് ചേർക്കാൻ അധികൃതർ തയ്യാറായില്ല. തുടർന്ന് അധികൃതരോട് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടെങ്കിലും ഡയറക്ടർ അതിനും തയ്യാറായില്ല. പരാതിക്കാര്‍ കേസുമായി വീണ്ടും മുന്നിലെത്തിയതോടെയാണ് കോടതിയലക്ഷ്യ നോട്ടീസ് അയച്ചത്.


"രാജ്യത്തെ സേവിക്കേണ്ട ഉദ്യോഗസ്ഥർ പോലും കോടതി ഉത്തരവുകളെ ധിക്കരിക്കാനുള്ള ധൈര്യം (Audacity) കാണിക്കുന്നു എന്നത് ഗൗരവകരമാണ്. ഹൈക്കോടതി ഉത്തരവുകൾ ലംഘിക്കുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. ഓരോ വർഷവും നൂറുകണക്കിന് കോടതിലക്ഷ്യ ഹർജികളാണ് ഫയൽ ചെയ്യപ്പെടുന്നത്, ഇതിൽ ഭൂരിഭാഗവും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും അവരുടെ ഉദ്യോഗസ്ഥർക്കും എതിരെയുള്ളതാണ്," എന്ന് കോടതി നിരീക്ഷിച്ചു.

കോടതി ഉത്തരവ് ലംഘിച്ചതിന് വിശദീകരണം നൽകാൻ ഡയറക്ടർ സിങിന് കോടതി അവസരം നൽകിയിട്ടുണ്ട്. വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാം. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home