ad
Deshabhimani

​ഗൂ​ഗിൾ - അദാനി ഡാറ്റ സെന്റർ: അനുമതിയുണ്ടെന്ന് ഉറപ്പാക്കണമെന്ന് സർക്കാരിനോട് ആന്ധ്ര ഹൈക്കോടതി

google adani data centre
വെബ് ഡെസ്ക്

Published on Aug 24, 2026, 09:43 PM | 1 min read

അമരാവതി : വിശാഖപട്ടണത്ത് നിർമാണം പുരോഗമിക്കുന്ന ഗൂ​ഗിൾ- അദാനി ഡാറ്റ സെന്റർ പദ്ധതിക്ക് നിയമപരവും പരിസ്ഥിതിസംബന്ധമായ അനുമതികളുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആന്ധ്രപ്രദേശ് സർക്കാരിനോട് ഹൈക്കോടതി. 15 ബില്യൺ ഡോളറിന്റെ പദ്ധതിയാണ് പ്രദേശത്തൊരുങ്ങുന്നത്. പദ്ധതിസ്ഥലത്ത് നിർമാണം തുടങ്ങിയതായി അറിയിച്ചതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് ലിസ ഗിൽ അധ്യക്ഷയായ ബെഞ്ചിന്റെ നിർദേശം. പദ്ധതിയുടെ അനുമതികളെ ചോദ്യം ചെയ്ത് ബൊലിസെട്ടി സത്യനാരായണ സമർപ്പിച്ച ഹർജിയിലാണ് നടപടി.


കേസ് പരിഗണിക്കുംവരെ നിലവിലെ സ്ഥിതി തുടരണമെന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിൽനിന്നുമുള്ള അനുമതികളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി സംയുക്ത മറുപടി സമർപ്പിക്കാൻ സർക്കാരിനോട് നിർദേശിച്ചു. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.


സിംഹാചലം ദേവസ്ഥാനം വകയായ 160 ഏക്കർ ഭൂമിയാണ് പദ്ധതിക്കായി ഉപയോ​ഗിക്കുന്നതെന്നാണ് ​ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയത്. ഇത് സംരക്ഷിത മേഖലയാണെന്നും പരിസ്ഥിതി അനുമതികളുണ്ടോയെന്നും ചോദ്യമുന്നയിച്ചായിരുന്നു ഹർജി. കെട്ടിട നിർമാണത്തിനുള്ള പരിസ്ഥിതി അനുമതി മാത്രമാണ് ലഭിച്ചതെന്നും ഡാറ്റ സെന്ററിന്റെ പ്രവർത്തനത്തിനായി പ്രത്യേകം അനുമതി ഇല്ലെന്നും ഹർജിയിൽ പറയുന്നു. പദ്ധതി സംരക്ഷിത പ്രദേശത്തുനിന്ന് ഏകദേശം 0.86 കിലോമീറ്റർ അകലെയാണെന്നും അതിനാൽ കൂടുതൽ കർശനമായ പരിസ്ഥിതി പരിശോധന വേണമെന്നുമായിരുന്നു മറ്റൊരു വാദം. ​ഗൂഗിൾ പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം നൽകിയ ചില അനുമതികളിൽ ഗൂഗിളിന്റെ പേര് ഇല്ലെന്ന കാര്യവും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.


എന്നാൽ160 ഏക്കർ ക്ഷേത്രഭൂമി കൈമാറ്റം ചെയ്തിട്ടില്ലെന്നും ഈ ഭൂമി ആന്ധ്രപ്രദേശ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷന് (APIIC) പാട്ടത്തിന് നൽകിയതാണെന്നും സംസ്ഥാന സർക്കാർ കോടതിയിൽ പറഞ്ഞു. ഇതിലൂടെ ക്ഷേത്രത്തിന് പ്രതിവർഷം ഏകദേശം 26 കോടി വരുമാനം ലഭിക്കുമെന്നും സർക്കാർ വ്യക്തമാക്കി.


Google 2025 ഒക്ടോബറിലാണ് വിശാഖപട്ടണത്ത് 15 ബില്യൺ ഡോളർ നിക്ഷേപത്തിൽ എഐ ഹബ് പ്രഖ്യാപിച്ചത്. തുടർന്ന് അദാനി ​ഗ്രൂപ്പിന്റെ AdaniConneXമായി ചേർന്ന് ഡാറ്റ സെന്റർ ക്യാമ്പസ് വികസിപ്പിക്കാൻ തീരുമാനിച്ചു. 2026 ഏപ്രിലിൽ നിർമാണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home