റോയലായി ട്രിവാൻഡ്രം; കൊച്ചിയെ തകർത്തത് 55 റൺസിന്

തിരുവനന്തപുരം: കെസിഎല്ലിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 55 റൺസിന് തകർത്ത് ട്രിവാൻഡ്രം റോയല്‍സിന് ഉജ്ജ്വല വിജയം. ട്രിവാൻഡ്രം ഉയർത്തിയ 186 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊച്ചിക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 130 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 41 റൺസെടുത്ത കാർത്തിക് ബി നായരുടെ ഇന്നിങ്സാണ് കൊച്ചിക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ട്രിവാൻഡ്രത്തിനു വേണ്ടി സിജിനോമോൻ ജോസഫ്, അജിത് വാസുദേവൻ എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ട്രിവാൺഡ്രം റോയൽസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 185 റൺസെടുത്തത്. 56 റൺസെടുത്ത സിജോമോൻ ജോസഫാണ് റോയൽസിന്റെ ടോപ് സ്കോറർ. രണ്ടാം ഓവറിൽ തന്നെ അഭിഷേക് പി നായരെ നഷ്ടമായെങ്കിലും കൃഷ്ണപ്രസാദും വിഷ്ണു വിനോദും ചേർന്ന് റോയൽസിന് ഭേദപ്പെട്ട തുടക്കം നൽകി. പതിവ് ശൈലിയിൽ തകർത്തടിച്ച വിഷ്ണു വിനോദ് അതിവേഗം സ്കോർ ബോർഡ് മുന്നോട്ടു നീക്കി. എന്നാൽ ഒരോവറിൽ ഇരട്ടപ്രഹരവുമായി കാർത്തിക് ബി നായർ റോയൽസിന്റെ കുതിപ്പിന് തടയിട്ടു. ഏഴാം ഓവറിലെ മൂന്നാം പന്തിൽ വിഷ്ണു വിനോദിനെ എൽബിഡബ്ല്യുവിൽ കുടുക്കിയ കാർത്തിക് അവസാന പന്തിൽ ഗോവിന്ദ് ദേവ് പൈയെ ക്ലീൻ ബൗൾഡാക്കി. 16 പന്തുകളിൽ രണ്ട് ഫോറും മൂന്ന് സിക്സുമടക്കം 32 റൺസുമായാണ് വിഷ്ണു വിനോദ് മടങ്ങിയത്. 25 റൺസെടുത്ത കൃഷ്ണപ്രസാദിനെയും കാർത്തിക് തന്നെ മടക്കിയതോടെ റോയൽസ് പ്രതിരോധത്തിലായി.
തുടർന്ന് ക്രീസിൽ ഒത്തുചേർന്ന അക്ഷയ് മനോഹറും സിജോമോൻ ജോസഫും ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് റോയൽസിന്റെ ഇന്നിങ്സിൽ നിർണ്ണായകമായത്. 40 പന്തുകളിൽ 67 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. 32 റൺസെടുത്ത അക്ഷയ് മനോഹറെ പുറത്താക്കി സാലി സാംസനാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. ശേഷമെത്തിയ വിനോദ് കുമാറും മികച്ച രീതിയിൽ ബാറ്റ് വീശി. 26 പന്തുകളിൽ നിന്ന് 44 റൺസ് കൂട്ടിച്ചേർത്ത സിജോമോൻ ജോസഫും വിനോദ് കുമാറും ചേർന്നാണ് റോയൽസിന്റെ സ്കോർ 185ൽ എത്തിച്ചത്. സിജോമോൻ ജോസഫ് 56ഉം വിനോദ് കുമാർ 20ഉം റൺസുമായി പുറത്താകാതെ നിന്നു. 37 പന്തുകളിൽ അഞ്ച് ഫോറും രണ്ട് സിക്സുമടക്കമാണ് സിജോമോൻ ജോസഫ് 56 റൺസ് നേടിയത്. മൂന്ന് ഓവറിൽ 21 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ കാർത്തിക് ബി നായരാണ് കൊച്ചിയുടെ ബൗളിങ് നിരയിൽ തിളങ്ങിയത്.









0 comments