ഇൻഡോറിന് പിന്നാലെ ഹരിയാനയും; മലിനജലം കുടിച്ച് 12 പേർ മരിച്ചു

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഹരിയാനയിൽ മലിനജലം കുടിച്ച് 12 പേർ മരിച്ചു. പൽവാൾ ജില്ലയിലെ ചയാൻസയിലാണ് സംഭവം. മരിച്ചവരിൽ അഞ്ച് സ്കൂൾ കുട്ടികളും ഉൾപ്പെടുന്നു.15 ദിവസത്തിനുള്ളിലാണ് 12 പേർ മരിച്ചത്. അയ്യായിരത്തിൽ അധികം പേർക്ക് അസുഖം ബാധിച്ചതായാണ് വിവരം. കുടിവെള്ളത്തിൽ ക്ലോറിൻ കലർന്നതാണ് അപകടകാരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ആദ്യത്തെ മൂന്ന് മരണങ്ങൾ ഏകദേശം 15 ദിവസം മുമ്പായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. വെള്ളം ഉപയോഗിച്ചവർക്ക് പെട്ടെന്ന് അസുഖം ബാധിക്കുകയും മരണപ്പെടുകയുമായിരുന്നു. പനി, ചുമ, ശരീരവേദന, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ നിരവധിയാളുകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ മരണ സംഖ്യ ക്രമാതീതമായി വർദ്ധിച്ചത് ആശങ്കയുയർത്തിയിട്ടുണ്ട്.
പ്രദേശവാസികളിൽ നിന്നും ആരോഗ്യ വകുപ്പ് രക്ത സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിവരുന്നു. അസുഖം ബാധിച്ച് മരിച്ച ഭൂരിഭാഗം ആളുകൾക്കും സമാന രോഗ ലക്ഷണങ്ങളാണുള്ളത്. സുരക്ഷിതമല്ലാത്ത കുടിവെള്ളമാണ് അസുഖത്തിനും മരണത്തിനും കാരണമെന്ന് പ്രദേശ വാസികൾ പറയുന്നു.
ഇതുവരെ പരിശോധിച്ച 400ലധികം ആളുകളിൽ 300 പേരുടെ രക്തസാമ്പിളുകൾ വിശദമായി പരിശോധിച്ചു. ഇതിൽ 2 പേർക്ക് മാത്രമാണ് ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ സി സ്ഥിരീകരിച്ചത്. ശേഖരിച്ച 107 ജലസാമ്പിളുകളിൽ 23 എണ്ണം (ഏകദേശം 21%) ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തി. കുടിവെള്ളത്തിൽ ബാക്ടീരിയയുടെ സാന്നിധ്യവും അപര്യാപ്തമായ ക്ലോറിനേഷനും കണ്ടെത്തിയിട്ടുണ്ട്. ഇത് ജലജന്യ രോഗങ്ങൾ പടരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ചില മരണങ്ങൾ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ മൂലമാണെന്നും എന്നാൽ ഭൂരിഭാഗം മരണങ്ങളും കരളിന്റെ പ്രവർത്തനം തകരാറിലായതിനെ തുടർന്നാണെന്നും കണ്ടെത്തി.
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട മധ്യപ്രദേശിലെ ഇൻഡോറിൽ 2025 അവസാനത്തോടെ ഗുരുതരമായ ജലമലിനീകരണ പ്രതിസന്ധിയുണ്ടായിരുന്നു. കുടിവെള്ള പൈപ്പ്‌ലൈനിന് മുകളിൽ നിർമ്മിച്ച പൊതു ശൗചാലയത്തിലെ ചോർച്ചയാണ് വലിയ ദുരന്തത്തിന് കാരണമായത്. ആയിരക്കണക്കിന് ആളുകൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും നൂറുകണക്കിന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇത് മരണങ്ങൾക്കും ഇടയാക്കി. സർക്കാർ രേഖകളിൽ 18 പേർ മരിച്ചതായാണ് കണക്ക്.










0 comments