ഹരിയാനയിലെ ഐപിഎസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ; പ്രതിഷേധത്തിനിടയിൽ ഡിജിപിക്ക് നിർബന്ധിത അവധി

ചണ്ഡീഗഡ്: ഹരിയാനയിലെ പൊലീസ് ഉദ്യോഗസ്ഥൻ വൈ പൂരൺ കുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡിജിപിയെ നിർബന്ധിത അവധിയിൽ വിട്ടു. സംസ്ഥാന സർക്കാരിൻറെ നിർദേശപ്രകാരമാണ് ശത്രുജീത് കപൂർ അവധിയിൽ പോയത്. പുരൺ കുമാറിൻറെ ആത്മഹത്യക്കുറിപ്പിൽ ഡിജിപിക്കെതിരെ പരാമർശമുണ്ട്. സംഭവത്തിൽ റോഹ്തക് എസ്പി നരേന്ദ്ര ബിജാർനിയയെ കഴിഞ്ഞ ദിവസം സ്ഥലംമാറ്റിയിരുന്നു.
പൂരൺ കുമാറിനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചവരിൽ ഒരാളാണ് ബിജാർനിയയെന്ന് ഭാര്യ അംനീത് ആരോപിച്ചിരുന്നു. ഡിജിപിക്കെതിരെയും ഉൾപ്പടെ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് പരാതി നൽകിയിട്ടുണ്ട്. ഡിജിപി ശത്രുജീത് സിംഗ് കപൂറിനും റോഹ്തക് പൊലീസ് സൂപ്രണ്ട് നരേന്ദ്ര ബിജാർണിയക്കും എതിരെയാണ് അന്തരിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ വൈ പൂരൺ കുമാറിന്റെ ഭാര്യയും ഐഎഎസ് ഉദ്യോഗസ്ഥയുമായ അംനീത് പി കുമാർ പരാതി നൽകിയത്. ഹരിയാന സർക്കാരിന്റെ വിദേശ സഹകരണ വകുപ്പ് കമ്മീഷണറും സെക്രട്ടറിയുമാണ് അംനീത്.
ജാതിയുടെ പേരിൽ തന്റെ ഭർത്താവിനെ അധിക്ഷേപിച്ചു എന്നും, ഇത് ആത്മഹത്യയിലേക്ക് നയിച്ചു എന്നും അംനീത് പരാതിയിൽ പറയുന്നു. ഡിജിപിക്കും എസ്പിക്കുമെതിരെ 'പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരമുള്ള' വകുപ്പുകൾ ചുമത്തണമെന്നും അവർ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി നയാബ് സൈനിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തോടൊപ്പം ജപ്പാനിലായിരിക്കുമ്പോഴാണ് ചണ്ഡീഗഡിലെ സെക്ടർ 11-ലെ വസതിയിൽ വെച്ച് ഭർത്താവ് പൂരൺ കുമാർ സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിച്ചത്. ബേസ്മെന്റിലാണ് അദ്ദേഹത്തിന്റെ മകൾ മൃതദേഹം കണ്ടെത്തിയത്. പൊലീസ് കണ്ടെടുത്ത എട്ട് പേജുള്ള കുറിപ്പിൽ, 2001 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ പൂരൺ കുമാർ, സർവീസിലുള്ളവരും വിരമിച്ചവരുമായ 10 ഓളം മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ മാനസികമായി പീഡിപ്പിച്ചു എന്ന് ആരോപിക്കുന്നുണ്ട്.
ഡിജിപി ശത്രുജീത് സിംഗ് കപൂറിനെയും എസ്പി നരേന്ദ്ര ബിജാർണിയയെയും ഉടൻ അറസ്റ്റ് ചെയ്യണം എന്നും, ഇവർക്ക് സ്വാധീനമുള്ള സ്ഥാനങ്ങൾ ഉള്ളതിനാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുമെന്നും അംനീത് പരാതിപ്പെട്ടിരുന്നു.
"ഇതൊരു സാധാരണ ആത്മഹത്യയല്ല. പിന്നോക്ക വിഭാഗക്കാരനായ എന്റെ ഭർത്താവ് വർഷങ്ങളായി നേരിട്ട വ്യവസ്ഥാപിതമായ പീഡനത്തിന്റെ ഫലമാണ്. അദ്ദേഹത്തെ മാനസികമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ഉന്നത ഉദ്യോഗസ്ഥരാണ്," അംനീത് പരാതിയിൽ പറഞ്ഞു.








0 comments