print edition ഹരിയാന സീറ്റ് കോഴ: എഫ്‌ഐആർ പുറത്തുവിടാതെ കോൺഗ്രസ് – ബിജെപി ഡീൽ

ന്യൂഡൽഹി: കോൺഗ്രസ് നേതാക്കൾ സീറ്റ് വാഗ്‌ദാനം ചെയ്‌ത് കോടികൾ തട്ടിയ സംഭവത്തിൽ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആറിന്റെ പകർപ്പ് പുറത്തുവിടാതെ ബിജെപി – കോൺഗ്രസ് ഡീൽ. പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ഇവരുടെ പിഎമാർ തുടങ്ങിയവർക്ക് എതിരെ ഹരിയാന സ്വദേശി ഗൗരവ്‌കുമാർ നൽകിയ പരാതിയിൽ കേസെടുത്ത് 10 ദിവസം കഴിഞ്ഞു.
ഇത്രയും ദിവസം കഴിഞ്ഞിട്ടും എഫ്‌ഐആറിന്റെ പകർപ്പ് ഡൽഹി നോർത്ത് അവന്യു പൊലീസ് പരാതിക്കാരനുപോലും കൈമാറിയിട്ടില്ല. കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഡൽഹി പൊലീസ്. കേരളത്തിൽ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേസിന്റെ വിശദാംശങ്ങൾ പുറത്തുവിടരുതെന്ന് ഉന്നതതല നിർദേശത്തെ തുടർന്നാണ് പൂഴ്‌ത്തിവെക്കലെന്ന സംശയം ബലപ്പെട്ടു.
ഹരിയാന സീറ്റുകോഴയുമായി ബന്ധപ്പെട്ട് നോർത്ത് അവന്യു സ്‌റ്റേഷനിൽ കഴിഞ്ഞ 26ന് 0011–26 നന്പറിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നാണ് പരാതിക്കാരനെ അറിയിച്ചത്. ഇതിന് പിന്നാലെ, പരാതിക്കാരൻ ഗൗരവ്‌കുമാർ എ-ഫ്‌ഐആർ പകർപ്പ് ആവശ്യപ്പെട്ടു.
എന്നാൽ, വളരെ ‘സെൻസിറ്റീവായ’ കേസാണിതെന്നും നിങ്ങൾക്ക് എഫ്‌ഐആർ തന്നാൽ വിവരങ്ങൾ പുറത്തുപോകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പ്രതികരിച്ചു. കേസെടുത്ത ഉടനെ പരാതിക്കാരന് എഫ്‌ഐആറിന്റെ പകർപ്പ് കൈമാറണമെന്ന നിയമം കാറ്റിൽപ്പറത്തി. എഫ്‌ഐആർ പകർപ്പിനുവേണ്ടി ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ അനുകൂല നടപടിയുണ്ടായിട്ടില്ല.
കേസിന്റെ വിശദാംശങ്ങൾ പുറത്തുവരാത്തതാണ് ആരോപണവിധേയരായ കോൺഗ്രസ് നേതാക്കൾക്ക് ധൈര്യം പകരുന്നത്. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേസിന്റെ വിശദാംശങ്ങൾ പുറത്തുവിടരുതെന്ന കോൺഗ്രസ് നേതാക്കളുടെ അപേക്ഷ മോദിസർക്കാർ ഉദാരപൂർവം സ്വീകരിച്ചതായാണ് സൂചന.










0 comments