ad
Deshabhimani

'കിസാൻ ബച്ചാവോ പദയാത്ര' തടഞ്ഞ് ഹരിയാന പൊലീസ്; സമാധാനപരമായി പ്രതിഷേധിച്ച് കർഷകർ

kisan
വെബ് ഡെസ്ക്

Published on Aug 19, 2026, 02:50 PM | 1 min read

ന്യൂഡൽഹി: സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഡൽഹിയിലേക്ക് നടത്താനിരുന്ന 'കിസാൻ ബച്ചാവോ പദയാത്ര' ഹരിയാന പൊലീസ് ഖനൗരി അതിർത്തിയിൽ തടഞ്ഞു. പഞ്ചാബ്-ഹരിയാന അതിർത്തിയായ ഖനൗരി-ദാതാ സിംഗ്‌വാല മേഖലയിൽ ഹരിയാന പോലീസ് കോൺക്രീറ്റ് ബ്ലോക്കുകളും മുള്ളുവേലികളും ഉപയോഗിച്ച് ശക്തമായ ബാരിക്കേഡുകൾ തീർത്താണ് കർഷകരുടെ പദയാത്ര തടഞ്ഞത്.


തുടർന്ന് റോഡുകൾ പൂർണമായി ഉപരോധിക്കാതെ, അതിർത്തിയിലെ ഒരു വശത്ത് തമ്പടിച്ച് സമരം തുടരുമെന്നും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്നും നേതാക്കൾ അറിയിച്ചു. പഞ്ചാബ്-ഹരിയാന അതിർത്തിയായ ഖനൗരിയിൽ നിന്ന് ഓഗസ്റ്റ് 16-ന് ആരംഭിച്ച മാർച്ച് ഓഗസ്റ്റ് 29-ന് ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ എത്തിച്ചേരാനാണ് തീരുമാനിച്ചിരുന്നത്. അവിടെ കർഷക പഞ്ചായത്ത് നടത്താനായിരുന്നു കർഷകരുടെ തീരുമാനം.


സംയുക്ത കിസാൻ മോർച്ച, രാജ്യത്തെ കർഷകരുടെ ആവശ്യങ്ങളും നേരിടുന്ന പ്രശ്‌നങ്ങളും ജനപ്രതിനിധികളെ രേഖാ‍മ‍ൂലം നിവേദനത്തിലൂടെ അറിയിച്ചിരുന്നു. ഇ‍ൗ മാസം 25 വരെ രാജ്യത്തെ ജനപ്രതിനിധികൾക്ക്‌ കർഷകർ നിവേദനം കൈമാറും. വാഹനജാഥകളും സംഘടിപ്പിക്കും. 2047ലെ വികസിത ഭാരതം എന്ന ലക്ഷ്യത്തിന്റെ പേരിൽ മോദി സർക്കാർ നടപ്പാക്കുന്ന കോർപറേറ്റ്‌ നയങ്ങളെ നിവേദനത്തിൽ തുറന്നെതിർക്കുന്നു. കോർപറേറ്റ്‌ നയം തിരുത്തി കാർഷിക പ്രതിസന്ധിക്ക് പരിഹാരം കാണാനും എല്ലാവർക്കും തൊഴിലും വരുമാനവും അന്തസ്സുള്ള ജീവിതവും ഉറപ്പാക്കാനും പ്രധാനമന്ത്രിയിലും മുഖ്യമന്ത്രിമാരിലും സമ്മർദം ചെലുത്തണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു.


വർഷങ്ങളായുള്ള ന്യായമായ ആവശ്യങ്ങൾ സർക്കാർ അവഗണിക്കുകയാണെങ്കിൽ വലിയ പ്രക്ഷോഭത്തിലേക്ക് കടക്കുക മാത്രമാണ് ഇന്ത്യൻ കർഷകർക്ക് മുന്നിലുള്ള ഏക വഴി. ഐതിഹാസിക കർഷക സമരത്തിന്റെ ആറാം വാർഷിക ദിനമായ നവംബർ 26 മുതൽ പ്രക്ഷോഭം ആരംഭിക്കും. മുഴുവൻ സ്വതന്ത്ര വ്യാപാര കരാറും പിൻവലിക്കുക‍, വിളകൾക്ക്‌ താങ്ങുവില നൽകുക, കർഷക–തൊഴിലാളി കടം എഴുതിത്തള്ളുന്നതിന്‌ നടപടി സ്വീകരിക്കുക, നാല്‌ തൊഴിൽകോഡും റദ്ദാക്കുക, തൊഴിലുറപ്പ്‌ പദ്ധതി പുനഃസ്ഥാപിച്ച്‌ കൂലി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളാണ്‌ നിവേദനത്തിൽ കർഷകർ പ്രധാനമായും ഉന്നയിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home