കെസിഎൽ സീസൺ മൂന്നിന് തുടക്കം: തീപാറും പോരാട്ടങ്ങൾ 20 മുതൽ

കൊച്ചി:മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാർണിവലായ കെസിഎൽ സീസൺ മൂന്നിന് മുന്നോടിയായി നടന്ന ടീം ലോഞ്ച് രാജകീയമായി.സ്പോർട്സും എൻറർടൈൻമെൻറും കൂടിച്ചേർന്ന പ്രൗഢഗംഭീര ചടങ്ങിൽ മന്ത്രി പി.സി.വിഷ്ണുനാഥ്, കെസിഎൽ ടൂർണമെൻറിൻറെ ഐക്കൺ സഞ്ജു സാംസൺ എന്നിവർ പ്രത്യേക അതിഥികളായിരുന്നു. കോവളം ലീല റാവിസിൽ ആവേശം അലയടിച്ച വർണാഭമായ ചടങ്ങിൽ ടൂർണമെൻറിൽ മാറ്റുരയ്ക്കുന്ന ആറ് ഫ്രാഞ്ചൈസികളെയും ഔദ്യോഗികമായി അവതരിപ്പിച്ചു.
കേരളത്തിലെ യുവതാരങ്ങൾക്ക് ദേശീയതലത്തിൽ ശ്രദ്ധ നേടാൻ കെസിഎൽ വലിയതോതിൽ സഹായിച്ചിട്ടുണ്ടെന്ന് സഞ്ജു സാംസൺ പറഞ്ഞു. ഐപിഎൽ ടൂർണമെൻറിൻറെ പരിശീലന ക്യാമ്പുകളിൽ പങ്കെടുക്കുമ്പോൾ അവിടുത്തെ പരിശീലകരും മറ്റ് താരങ്ങളും കേരള താരങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്.ചടങ്ങിന് മാറ്റുകൂട്ടി കേരള ക്രിക്കറ്റിൻറെ 75 വർഷത്തെ ചരിത്രവും താരങ്ങളുടെ പ്രകടനങ്ങളും കോർത്തിണക്കിയ പ്രത്യേക വീഡിയോയും പ്രദർശിപ്പിച്ചു.
ടൂർണമെൻറിൻറെ ടൈറ്റിൽ പാർട്ണറായ ഫെഡറൽ ബാങ്ക് , ഹോസ്പിറ്റാലിറ്റി പാർട്ണർ ദി ലീല റാവിസ്, മെഡിക്കൽ പാർട്ണർ അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്നൊവേഷൻ പാർട്ണർ സയോൺടെക് , കൊല്ലം റമീസ് റെസ്റ്റോറൻറ് ആൻഡ് കാറ്ററേഴ്സ് എന്നീ സ്പോൺസർമാരെ വേദിയിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഏരീസ് കൊല്ലം സെയ്ലേഴ്സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, ട്രിവാൻഡ്രം റോയൽസ്, ആലപ്പുഴ റിപ്പിൾസ് എന്നീ ആറ് ടീമുകളുടെയും ക്യാപ്റ്റൻമാർ, പരിശീലകർ, ടീം ഉടമകൾ എന്നിവർ വേദിയിലേക്ക് എത്തിയപ്പോൾ വലിയ ഹർഷാരവത്തോടെയാണ് സദസ് സ്വീകരിച്ചത്. ഓരോ ജില്ലയുടെയും തനിമ വിളിച്ചോതുന്ന കലാപ്രകടനങ്ങളുടെ അകമ്പടിയോടെയായിരുന്നു ടീമുകളുടെ വേദിയിലേക്കുള്ള രാജകീയ എൻട്രി.
17 ദിവസം നീളുന്ന ടൂർണമെൻറിൻറെ ഫൈനൽ സെപ്റ്റംബർ അഞ്ചിന് നടക്കും. 20 ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് കെസിഎൽ മൂന്നാം സീസണിന് തുടക്കമാകുന്നത്.










0 comments