print edition ഹരിയാന സീറ്റുകച്ചവടം; തെളിവുകള്‍ പുറത്ത്

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ കെ സി വേണുഗോപാലിനും കൊടിക്കുന്നിൽ സുരേഷിനും ഒപ്പം ഗൗരവ് കുമാറും കുടുംബവും
ന്യൂഡൽഹി
: ഹരിയാനയിൽ സീറ്റ് വാഗ്‌ദാനം ചെയ്‌ത് കോൺഗ്രസ് നേതാക്കൾ കോടികൾ തട്ടിച്ചെന്ന കേസിലെ പരാതിക്കാരനായ ഗൗരവ് കുമാറും ആരോപണവിധേയരായ കോൺഗ്രസ് നേതാക്കളും തമ്മിലുള്ള അടുത്തപരിചയം സ്ഥിരീകരിക്കുന്ന ഫോട്ടോകൾ പുറത്ത്. എഐസിസി സംഘടനാ ജനറൽസെക്രട്ടറി കെ സി വേണുഗോപാൽ എംപി, പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവരുമായുള്ള ഫോട്ടോകളാണ് പുറത്തുവിട്ടത്.

ഹരിയാന തെരഞ്ഞെടുപ്പ് ഘട്ടത്തിൽ തന്റെ കുടുംബവും വേണുഗോപാലും ഒന്നിച്ചെടുത്ത ഫോട്ടോ, തെരഞ്ഞെടുപ്പ് സമയത്ത് വീട് സന്ദർശിച്ച കൊടിക്കുന്നിൽ സുരേഷിന് ഒപ്പമുള്ള ഫോട്ടോ, കൊടിക്കുന്നിൽ സുരേഷിന്റെ ഡൽഹിയിലെ വസതിയിൽ ഹരിയാനയുടെ എഐസിസി ചുമതലക്കാരൻ ദീപക് ബബാറിയക്ക് ഒപ്പമുള്ള ഫോട്ടോ തുടങ്ങിയവയാണ് ഗൗരവ് പുറത്തുവിട്ടത്. തന്റെ ഭാര്യയും ഹരിയാന മഹിളാകോൺഗ്രസ് മുൻ ജനറൽസെക്രട്ടറിയുമായ സുചിത്രാദേവിക്ക് ബവാന സീറ്റ് വാഗ്‌ദാനം ചെയ്‌ത് പ്രിയങ്കാഗാന്ധി, കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ നേതാക്കളും അവരുടെ പിഎമാരും കോടികൾ തട്ടിച്ചെന്നാണ് ഗൗരവ് ഡൽഹി പൊലീസിന് പരാതി നൽകിയത്.
ഇൗ പരാതിയിൽ ഗൂഢാലോചന, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്ത് നോർത്ത് അവന്യു പൊലീസ് അന്വേഷണം തുടങ്ങി. സിപിഐ എമ്മും ബിജെപിയും സ്‌പോൺസർ ചെയ്‌ത ആരോപണങ്ങളാണ് ഗൗരവ് കുമാർ ഉന്നയിക്കുന്നതെന്നായിരുന്നു വേണുഗോപാലിന്റെ പ്രതികരണം. ‘ഒന്നും പറയാനില്ലെന്നാണ്’ കൊടിക്കുന്നിൽ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇൗ സാഹചര്യത്തിലാണ്, പരാതിക്കാരൻ ഫോട്ടോകൾ പുറത്തുവിട്ടത്. ഹരിയാനയിലെ സീറ്റ്‌കച്ചവടം ദേശീയതലത്തിൽ ചർച്ചയായിട്ടും കോൺഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ല. തട്ടിപ്പ് വ്യക്തമാക്കുന്ന ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകളും വാട്സാപ്പ്‌ചാറ്റുകളും മറ്റും ഗൗരവ് കുമാർ പുറത്തുവിട്ടിരുന്നു.










0 comments