Deshabhimani

ഗ്യാനേഷ് കുമാറിന്‍റെ രാജി; ഒക്ടോബർ പത്തിന് എസ്എഫ്ഐ - ഡിവൈഎഫ്ഐ സംയുക്ത മാര്‍ച്ച്

sfi-dyfi march
വെബ് ഡെസ്ക്

Published on Oct 03, 2026, 08:27 PM | 2 min read

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഡിവൈഎഫ്ഐയും എസ്എഫ്ഐയും. ഇതിന്റെ ഭാ​ഗമായി ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും നേതൃത്വത്തിൽ ഒക്ടോബർ 9ന് രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചു. ​ഒക്ടോബർ പത്തിന് ജന്തർ മന്തറിലേക്ക് മാർച്ച്‌ സംഘടിപ്പിക്കും.


ന്യൂഡൽഹി പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ വെച്ച് നടന്ന സംയുക്ത വാർത്താസമ്മേളനത്തിലാണ് സമരപരിപാടികൾ പ്രഖ്യാപിച്ചത്. ഡിവൈഎഫ്ഐ ഓൾ ഇന്ത്യ പ്രസിഡന്റും രാജ്യസഭാ എംപിയുമായ എ എ റഹീം, ഡിവൈഎഫ്ഐ ജനറൽ സെക്രട്ടറി ഹിമാഘ്നരാജ് ഭട്ടാചാര്യ, എസ്എഫ്ഐ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ, എസ്എഫ്ഐ ഓൾ ഇന്ത്യ പ്രസിഡന്റ് ആദർശ് എം ഷാജി, എസ്എഫ്ഐ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്, ഡിവൈഎഫ്ഐ സെൻട്രൽ സെക്രട്ടേറിയറ്റ് അംഗം ജെയ്ക് സി തോമസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


പുരോഗമന-ജനാധിപത്യ വിദ്യാർത്ഥി-യുവജന സംഘടനകളുമായി ഒത്തുചേർന്നു കൊണ്ട് പ്രതിഷേധിക്കുമെന്ന് എ എ റഹീം എം പി പറഞ്ഞു. ഒക്ടോബർ രണ്ടിന് ജന്തർമന്തറിൽ നടന്ന പ്രതിഷേധത്തിൽ 3000ത്തിലധികം എസ്എഫ്ഐ - ഡിവൈഎഫ്ഐ പ്രവർത്തകർ പങ്കെടുത്തു. ഐസ, എഐഎസ്എഫ്,മറ്റ് പൗരസഘടനകൾ എന്നിവർ നടത്തിയ പ്രതിഷേധം പൊലീസ് തടഞ്ഞതോടെ ജന്തർ മന്തിർ പരിസരം സംഘർഷഭരിതമായി. ബാരിക്കേഡ് മറികടന്ന് മുന്നേറാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും പൊലിസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.


വിപുലമായ കൂട്ടായ്മകൾ രൂപീകരിച്ച് കൊണ്ടുള്ള ഭാവി പരിപാടികളെക്കുറിച്ചും സംസാരിച്ചു. വോട്ടുകൊള്ളക്കെതിരെ യുവാക്കളും വിദ്യാർഥികളും ഉൾപ്പെടുന്ന വിശാലമായ പ്ലാറ്റ്‌ഫോം രൂപീകരിക്കും. ഇതിന്റെ ഭാഗമായി ഇടതുപക്ഷ വിദ്യാർഥി - യുവജന സംഘടനകൾ, പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങൾ, സിവിലിയൻ സൊസൈറ്റി ഗ്രൂപ്പുകൾ എന്നിവയുമായി ചർച്ചകൾ നടത്തും. ചെ​ഗുവേരയുടെ രക്തസാക്ഷി ദിനത്തിൽ 'ഗുഡ് ബൈ ഗ്യാനേഷ്' എന്ന മുദ്രാവാക്യമുയർത്തി രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും വലിയ രീതിയിൽ വിദ്യാർഥി-യുവജന പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. പിന്നീട് സമരം അഖിലേന്ത്യാ തലത്തിലേക്ക് വ്യാപിപ്പിക്കുമെന്നും വ്യക്തമാക്കി.


ഒക്ടോബർ 10ന് ഡൽഹി ജന്തർമന്തറിലേക്ക് ബഹുജന പങ്കാളിത്തത്തോടെയുള്ള സമാധാനപരമായ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ഒക്ടോബർ 7-8 തീയതികളിൽ രാജ്യത്തെ സർവകലാശാലകളിൽ ഗ്യാനേഷ് കുമാറിനെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ 'വോട്ട് കി ആവാസ്' എന്ന പേരിൽ റഫറണ്ടവും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും. എസ്ഐആറിലൂടെ വോട്ടർ പട്ടികയിൽ നിന്നും പുറത്താക്കപ്പെട്ടവരെ കണ്ടെത്തി വൻ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home