85 മെഡലുകളുമായി ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ് ക്യാമ്പയിൻ; 21 സ്വർണവുമായി നാലാം സ്ഥാനത്ത്

നഗോയ: ജപ്പാനിലെ ഐച്ചി-നഗോയയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിക്കുമ്പോൾ രാജ്യത്തിന് മികച്ച നേട്ടം. 495 ഇന്ത്യൻ താരങ്ങൾ വിവിധ ഇനങ്ങളിലായി രാജ്യത്തിനായി പോരാടി. 15 ദിവസം നീണ്ട മത്സരങ്ങൾക്ക് ശേഷം 36 കായിക ഇനങ്ങളിൽ നിന്നായി ഇന്ത്യ 85 മെഡലുകൾ നേടി . 21 സ്വർണം, 27 വെള്ളി, 37 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡൽ നേട്ടം.
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം കുറഞ്ഞുവെന്ന് വിലയിരുത്തലുകൾ ഉണ്ടായേക്കാം. എന്നാൽ ഇത്തവണ ഇന്ത്യ 25 ശതമാനം കുറവ് താരങ്ങളെയാണ് മത്സരത്തിനായി അയച്ചത്.
അത്‌ലറ്റിക്സിലാണ് ഇന്ത്യക്ക് ഏറ്റവും കൂടുതൽ മെഡലുകൾ ലഭിച്ചത്. ഒരു സ്വർണം, ഒമ്പത് വെള്ളി, 14 വെങ്കലം ഉൾപ്പെടെ 24 മെഡലുകളാണ് അത്‌ലറ്റിക്സിൽ ഇന്ത്യ നേടിയത്. ഷൂട്ടിംഗിൽ 15 മെഡലുകളും ആർച്ചറിയിൽ ഒമ്പത് മെഡലുകളും ലഭിച്ചു. ബോക്സിംഗിൽ ആറ് മെഡലുകളും ഗുസ്തിയിൽ ആറ് മെഡലുകളും ഇന്ത്യ സ്വന്തമാക്കി.
ക്രിക്കറ്റ്, ഹോക്കി, കബഡി എന്നീ ഇനങ്ങളിൽ ഇന്ത്യ രണ്ട് വീതം സ്വർണം നേടി. പുരുഷ-വനിതാ ഹോക്കി ടീമുകൾ സ്വർണം നേടിയതോടെ പുരുഷ ടീമിന് 2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിലേക്കുള്ള നേരിട്ടുള്ള യോഗ്യതയും ലഭിച്ചു. ഗുസ്തിയിൽ അമൻ സെഹ്‌റാവത്ത്, സുജീത് എന്നിവർ സ്വർണം നേടിയപ്പോൾ ആന്റിം വെള്ളിയും ദീപക് പുനിയ വെങ്കലവും സ്വന്തമാക്കി.
മത്സരിച്ച 495 താരങ്ങളുടെ കൂട്ടായ പരിശ്രമമാണ് ഇന്ത്യയുടെ 85 മെഡലുകളുടെ നേട്ടത്തിന് പിന്നിൽ. വിവിധ ഇനങ്ങളിലെ മെഡൽ പോരാട്ടങ്ങളും നിർണായക വിജയങ്ങളും പരാജയങ്ങളും നിറഞ്ഞ ഏഷ്യൻ ഗെയിംസ് ക്യാമ്പയിനാണ് ഇന്ത്യ പൂർത്തിയാക്കിയത്.
168 സ്വർണം ഉൾപ്പെടെ 340 മെഡലുകളുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ജപ്പാൻ 267 മെഡലുകളുമായി രണ്ടാം സ്ഥാനത്തും ദക്ഷിണ കൊറിയ 149 മെഡലുകളുമായി മൂന്നാം സ്ഥാനത്തും ഇന്ത്യ 85 മെഡലുകളുമായി നാലാം സ്ഥാനത്തുമാണ്.








0 comments