ഗ്യാനേഷ് കുമാറിനെ പുറത്താക്കണം: തെരഞ്ഞെടുപ്പ് കമീഷനിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് സിഐടിയുവും കർഷകസംഘടനകളും

ന്യൂഡൽഹി : മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ ഉടൻ പുറത്താക്കണമെന്ന് സിഐടിയു, കിസാൻസഭ, കർഷകതൊഴിലാളി യൂണിയൻ സംഘടനകൾ ആവശ്യപ്പെട്ടു. രാജ്യത്തുടനീളമുള്ള പ്രതിഷേധത്തിൽ പങ്കാളികളാകണമെന്നും ജനാധിപത്യത്തെയും വോട്ടവകാശത്തെയും സംരക്ഷിക്കാൻ എല്ലാ ജനവിഭാഗങ്ങളും മുന്നോട്ടുവരണമെന്ന് സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചുകൊണ്ടുള്ള പ്രകടനത്തിൽ പങ്കാളികളാകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. എസ്ഐആർ നിയമവിരുദ്ധമായി അടിച്ചേൽപ്പിക്കുകയും ഇന്ത്യയിലുടനീളമുള്ള 13.8 കോടി വോട്ടർമാരുടെ വോട്ടവകാശം നിഷേധിക്കുകയും ചെയ്ത ഗ്യാനേഷ് കുമാറിനെതിരെ നിയമനടപടി സ്വീകരിക്കണം. സുതാര്യതയില്ലാത്ത ഈ നടപടി രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്കുള്ള ക്രിമിനൽ കടന്നുകയറ്റത്തെയാണ് തുറന്നുകാട്ടുന്നത്. പ്രത്യേകിച്ച് ദരിദ്രരായ തൊഴിലാളികളെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും അടിച്ചമർത്തപ്പെട്ടവരെയും വോട്ടവകാശത്തിൽ നിന്ന് പുറന്തള്ളാൻ ബിജെപിയുടെ താല്പര്യപ്രകാരമാണ് ഇത് ചെയ്തത്.
പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സെലക്ഷൻ പാനലാണ് ഗ്യാനേഷ് കുമാറിനെ നിയമിച്ചത്. എന്നാൽ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന പാനൽ വേണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. കാബിനറ്റ് മന്ത്രിയെ പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന സമ്പ്രദായം മാറ്റി, പകരം ചീഫ് ജസ്റ്റിസിനെ ഉൾപ്പെടുത്തി 2023ലെ ചീഫ് ഇലക്ഷൻ കമ്മീഷണർ ആന്റ് അതർ ഇലക്ഷൻ കമീഷണേഴ്സ് നിയമം ഭേദഗതി ചെയ്യണമെന്ന് സിഐടിയു ജനറൽ സെക്രട്ടറി ഇളമരം കരീം, എഐകെഎസ്, എഐഎഡബ്ല്യുയു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഓരോ പൗരനും സുരക്ഷിതമായും സ്വതന്ത്രമായും വോട്ടവകാശം വിനിയോഗിക്കാമെന്ന് ഉറപ്പാക്കേണ്ട നിയമപരമായ ഉത്തരവാദിത്തം ഭരണകൂടത്തിനും തെരഞ്ഞെടുപ്പ് കമീഷനുമാണ്. വോട്ടവകാശമുണ്ടെന്ന് തെളിയിക്കേണ്ട ഭാരം പൗരന്റെ മേൽ കെട്ടിവെക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. എസ്ഐആർ നടപടികളും ഫോം 6 ൽ വരുത്തിയ ഭേദഗതിയും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ നിർത്തിവെക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
എസ്ഐആർ വഴി വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട എല്ലാ പൗരന്മാരുടെയും വോട്ടവകാശം കമീഷൻ ഉടൻ പുനഃസ്ഥാപിക്കണം. ജനാധിപത്യ വ്യവസ്ഥയെ തകർക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് എസ്ഐആർ. തെരഞ്ഞെടുപ്പ് കമീഷനിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയിലുണ്ടായ പ്രതിസന്ധിക്ക് മോദി ഭരണകൂടവും ആർഎസ്എസ്- ബിജെപി നേതൃത്വവുമാണ് ഉത്തരവാദികൾ.
ഭരണഘടനയ്ക്കും പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങൾക്കും മേൽ നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിടുന്ന ഏകാധിപത്യ മോദി ഭരണകൂടത്തിനെതിരെ രാജ്യവ്യാപകമായി അണിചേരാൻ മുഴുവൻ തൊഴിലാളി ജനങ്ങളോടും സിഐടിയു , എഐകെഎസ്, എഐഎഡബ്ല്യുയു സംഘചനകള്‍ ആഹ്വാനം ചെയ്തു.








0 comments