ഡാർവിന്റെ പരിണാമ സിദ്ധാന്തവും ഷാജിയുടെ പരിണാമവും; ട്രോൾ പൂരം

തിരുവനന്തപുരം: കുരങ്ങനിൽ നിന്നും മനുഷ്യനിലേയ്ക്കെന്ന് ഡാർവിന്റെ പരിണാമ സിദ്ധാന്തം നമ്മെ പഠിപ്പിക്കുമ്പോൾ റേഞ്ച് റോവറിൽ നിന്ന് കാൽനടക്കാരനാകുന്നത് എങ്ങനെ എന്ന് മന്ത്രി കെ എം ഷാജി പഠിപ്പിക്കുന്നുവെന്ന് സോഷ്യൽമീഡിയ. സുഹൃത്തിന്റെ കോടികൾ വിലമതിക്കുന്ന റേഞ്ച് റോവർ കാറിൽ സഞ്ചരിച്ചിരുന്ന കെ എം ഷാജി പ്രതിഷേധത്തെ തുടർന്ന് ഓട്ടോയിലും തുടർന്ന് നടന്നുപോയതുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പരിഹാസങ്ങൾക്ക് വഴിവെച്ചത്.
സുഹൃത്തിന്റെ കോടികൾ വിലമതിക്കുന്ന റേഞ്ച് റോവറിൽ മന്ത്രി കെ എം ഷാജി യാത്ര നടത്തിയത് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. മന്ത്രിയുടെ ഔദ്യോഗിക വാഹനം ഒഴിവാക്കി കൊണ്ട് സർക്കാരിന്റെ ഔദ്യോഗിക ബോർഡും വെച്ചായിരുന്നു മന്ത്രിയുടെ യാത്ര. വിവാദത്തിൽ കൂപ്പുകുത്തിയതിനു പിന്നാലെ വാഹനം തിരികെ നൽകിയെന്നു പറഞ്ഞ് തടിത്തപ്പി. അടുത്ത ദിവസങ്ങളിൽ വീണ്ടും സർക്കാർ വാഹനത്തെ ഒഴിവാക്കി കൊണ്ട് മറ്റൊരു സുഹൃത്തിന്റെ ഇന്നോവ ഹൈക്രോസിലും സമാനരീതിയിൽ സർക്കാരിന്റെ ഔദ്യോഗിക ബോർഡും വെച്ച് യാത്ര നടത്തി. ഇതും വിവാദത്തിൽ കലാശിച്ചിരുന്നു.
സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ട്രോള്‍
ഔദ്യോഗിക കാർ വഴിക്കായതിനെ തുടർന്ന് സുഹൃത്തിന്റെ കാറിൽ കയറി പോയതാണെന്നും സർക്കാരിന്റെ മറ്റ് വാഹനങ്ങൾ ലഭിച്ചില്ലെന്നുമായിരുന്നു നൽകിയ വിശദീകരണം. എന്നാൽ ഗസ്റ്റ് ഹൗസിൽ കാർ ഉണ്ടായിരുന്നുവെന്നും അത് വേണ്ടെന്ന് മന്ത്രി ഓഫീസ് നേരിട്ട് അറിയിക്കുകയായിരുന്നുവെന്നും വാർത്ത പുറത്തുവന്നതോടെ വീണ്ടും കെ എം ഷാജി പരിഹാസ്യനായി. തുടർന്ന് യുവമോർച്ചക്കാർ നടത്തിയ പ്രതിഷേധത്തെ തുടർന്ന് ഔദ്യോഗിക വാഹനത്തിൽ നിന്നും ഇറങ്ങി ഓട്ടോയിൽ കയറിയ ഷാജിയെ വീണ്ടും തടഞ്ഞതോടെ മന്ത്രിക്ക് നടന്നുപോകേണ്ട ഗതികേടിലായി.
യുവമോർച്ചാ പ്രതിഷേധത്തിനെതിരെ സംസാരിക്കാനോ, മന്ത്രിയെ വഴിയിൽ തടഞ്ഞതിനെതിരെ നടപടി എടുക്കാനോ തുനിഞ്ഞില്ല. ഇതോടെയാണ് വീണ്ടും കെ എം ഷാജി കളത്തിൽ നിറഞ്ഞത്. റേഞ്ച് റോവറിൽ നിന്നും കാൽനടയാത്രക്കാരനായി പോയതിനെ പരിണാമ സിദ്ധാന്തവുമായി ബന്ധപ്പെടുത്തിയാണ് സോഷ്യൽമീഡിയയിൽ പരിഹാസങ്ങൾ ഉയരുന്നത്.








0 comments