തെരുവിൽ പ്രതിഷേധം, സുപ്രീം കോടതിയിൽ ഹർജി: ഗ്യാനേഷ് കുമാറിനെതിരെ കേസെടുക്കണമെന്ന് മുൻ ബിജെപി കേന്ദ്രമന്ത്രി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യം ശക്തമാക്കി പ്രതിപക്ഷ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. തിങ്കളാഴ്ച ഇടതുപക്ഷ പാർട്ടികളുൾപ്പെടെയുള്ള സംഘടനകൾ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.
ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് നടത്താനും കൂടുതൽ സംയുക്ത പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചിട്ടുണ്ട്. വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയായ എസ്ഐആറുമായി ബന്ധപ്പെട്ട നടപടികളിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളിലും ആരോപണങ്ങൾ ഉയർത്തിയാണ് വിവിധ പ്രതിപക്ഷ പാർട്ടികളും യുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്തുള്ളത്.
തിങ്കളാഴ്ച ഭഗത്സിങ്ങിന്റെ 119 ആം ജന്മദിനത്തിൽ വോട്ടവകാശം സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് സിപിഐ എം സംഘടിപ്പിച്ച പരിപാടിയിലും പ്രകടനത്തിലും പതിവിലേറെ പൊലീസ് സേനയെ വിന്യസിച്ച ഡൽഹി പൊലീസ് നടപടി, സംഘപരിവാർ ഗവർമെന്റും അവരുടെ ഏജന്റായ ഗ്യാനേഷ്കുമാറും ഇടതുപക്ഷ പ്രതിഷേധങ്ങളെ
ഭയക്കുന്നുവെന്നതിന് ഉത്തമ ഉദാഹരണമാണ്. സിപിഐ എം,സിപിഐ ഉൾപ്പടെയുള്ള എല്ലാ ഇടതുപക്ഷ പാർട്ടികളും മറ്റ് പ്രതിപക്ഷ പാർട്ടികളും യുവജന സംഘടനകളും പ്രതിക്ഷേധ രംഗത്താണ്.
ഗ്യാനേഷ്‌കുമാറിന് ഒരു നിമിഷം പോലും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി തുടരാനുള്ള ധാർമിക അവകാശമില്ലെന്നും ജനാധിപത്യ സംവിധാനത്തിൽ കുറ്റക്കാരനാണെന്ന് വ്യക്തമായിട്ടും പദവിയിൽ കടിച്ചുതൂങ്ങി അൽപ്പത്തമാണ് കാണിക്കുന്നതെന്നും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി കുറ്റപ്പെടുത്തിയിരുന്നു.
സുപ്രീം കോടതിയിൽ ഹർജികൾ
ഇതിനിടെ, ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജികൾ എത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൂട്ടായ അധികാരപരിധിയിലുള്ള വിഷയങ്ങളിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് ഏകപക്ഷീയമായി തീരുമാനമെടുക്കാനാകില്ലെന്ന് പ്രഖ്യാപിക്കണമെന്ന് മറ്റൊരു ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹർജി അടുത്ത ആഴ്ച പരിഗണിക്കുന്നതിലേക്ക് സുപ്രീം കോടതി മാറ്റി.
2025 ഒക്ടോബർ മുതൽ 2026 ഓഗസ്റ്റ് വരെ കമ്മീഷന്റെ പേരിൽ എടുത്തതായി പറയപ്പെടുന്ന 14 ഓളം തീരുമാനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും എതിർപ്പ് രേഖപ്പെടുത്തിയതായി മാധ്യമ റിപ്പോർട്ടുകളുണ്ടായിരുന്നു. ഫോം 6 ലെ മാറ്റം, വോട്ടർ രജിസ്ട്രേഷൻ, വോട്ടർ ഡാറ്റ കൈകാര്യം ചെയ്യൽ തുടങ്ങിയ വിഷയങ്ങളിലായിരുന്നു എതിർപ്പുകൾ.
‘'ഗ്യാനേഷിനെതിരെ കേസെടുക്കണം': ആർ കെ സിങ്
അതിനിടെ, ഗ്യാനേഷ് കുമാറിനെതിരെ കേസ് എടുക്കണമെന്ന ആവശ്യവുമായി മുൻ ബിജെപി കേന്ദ്രമന്ത്രി ആർകെ സിങ് രംഗത്തെത്തി. രാജ്യവ്യാപകമായി എസ്ഐആർ നടപ്പാക്കുന്നത് നിയമവിരുദ്ധമാണെന്നും ഗ്യാനേഷ് കുമാർ നിയമലംഘനം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
ഫോം 6ൽ ആവശ്യമായ ചട്ടഭേദഗതിയില്ലാതെ മാറ്റം വരുത്തിയെന്നും മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ ഇതിനെതിരെ പലതവണ എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സിംഗ് ചൂണ്ടിക്കാട്ടി. വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികളിലും അദ്ദേഹം ചോദ്യമുന്നയിച്ചു.
ഗ്യാനേഷ് കുമാറിന്റെ രാജിയാണ് പ്രതിഷേധിക്കുന്ന പ്രതിപക്ഷ കക്ഷികളുടെ പ്രധാന ആവശ്യം. അതേസമയം, ആർ കെ സിംഗ് ഉന്നയിച്ച ആരോപണങ്ങളും സുപ്രീം കോടതിയിലെ ഹർജിയിലെ ആവശ്യങ്ങളും നിലവിൽ കോടതിയുടെ പരിഗണനയിലാണ്.
ഫോം 6 ലെ മാറ്റവും വിവാദത്തിൽ
1960 ലെ രജിസ്ട്രേഷൻ ഓഫ് ഇലക്ടേഴ്സ് റൂൾസ് പ്രകാരമുള്ള ഫോം 6 ൽ ആവശ്യമായ ചട്ടഭേദഗതിയില്ലാതെ മാറ്റം വരുത്തിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ ജോഷിയും സന്ധുവും എതിർപ്പ് രേഖപ്പെടുത്തിയതായി സുപ്രീം കോടതിയിലെ ഹർജിയിലും ചൂണ്ടിക്കാട്ടുന്നു.
എസ്ഐആറിന്റെ നിയമസാധുത സംബന്ധിച്ച് സുപ്രീം കോടതി നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, വോട്ടർപട്ടിക പുനഃപരിശോധനയുടെ നടപടിക്രമങ്ങളെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം തുടരുകയാണ്.









0 comments