ad
Deshabhimani

ഗുവാഹത്തിയിൽ കനത്ത മഴയിൽ നഗരം മുങ്ങി; വിദ്യാലയങ്ങൾക്ക് അവധി

Assam.jpg
വെബ് ഡെസ്ക്

Published on Apr 20, 2026, 01:21 PM | 1 min read

ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിൽ കനത്ത മഴയെത്തുടർന്ന് ജനജീവിതം സ്തംഭിച്ചു. ഞായറാഴ്ച രാത്രി തുടങ്ങിയ കനത്ത മഴയിൽ നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായി.


പ്രളയസമാനമായ സാഹചര്യം കണക്കിലെടുത്ത് തിങ്കളാഴ്ച (ഏപ്രിൽ 20) ഗുവാഹത്തി മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലുള്ള എല്ലാ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു.


നഗരത്തിലെ ഹാത്തിഗാവ്, അനിൽ നഗർ, സിക്സ് മൈൽ, രുക്മിണിഗാവ് തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ മുട്ടൊപ്പം വെള്ളം ഉയർന്നു. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയത് വലിയ നാശനഷ്ടങ്ങൾക്കിടയാക്കി. മണിക്കൂറുകളോളം നീണ്ട ട്രാഫിക് ബ്ലോക്ക് നഗരത്തിലെ ഗതാഗത സംവിധാനത്തെ പൂർണ്ണമായും താറുമാറാക്കി.


മഴ പത്തു മിനിറ്റ് നീണ്ടുനിന്നാൽ പോലും നഗരം വെള്ളത്തിനടിയിലാകുന്ന അവസ്ഥയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ഡ്രെയിനേജ് സംവിധാനത്തിലെ പോരായ്മകളാണ് നഗരത്തിലെ 'കൃത്രിമ പ്രളയത്തിന്' കാരണമെന്ന് ആരോപണമുണ്ട്.


ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എൻഡിആർഎഫും പ്രാദേശിക ഭരണകൂടവും രംഗത്തുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home