പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ച് തൊഴിലാളികൾക്ക് പരിക്ക്

ഗുരുഗ്രാം: ഹരിയാനയിലെ ഖേർക്കി മജ്‌റ ഗ്രാമത്തിൽ പാചകത്തിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ച് തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു. സിലിണ്ടര്‍ ക്ഷാമം കാരണം ഇവര്‍ പ്രാദേശികമായി ലഭിച്ച ചെറിയ അഞ്ച് കിലോ സിലിണ്ടര്‍ ഉപയോഗിച്ചാണ് പാചകം ചെയ്തിരുന്നത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം നടന്നത്.
ചെറിയ സിലിണ്ടറിൽ നിന്നുണ്ടായ വാതക ചോർച്ചയെത്തുടർന്ന് തീപിടിക്കുകയും സിലിണ്ടർ പൊട്ടിത്തെറിക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ബിഹാറിൽ നിന്നുള്ള അഞ്ച് തൊഴിലാളികൾക്കാണ് പരിക്കേറ്റത്. 30-നും 35-നും ഇടയിൽ പ്രായമുള്ളവരാണിവർ. എല്ലാവർക്കും ഏകദേശം 40ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഖേർക്കി മജ്‌റ ഗ്രാമത്തിലെ ബിട്ടു എന്നയാളുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. ആറ് തൊഴിലാളികളാണ് ആ മുറിയിലുണ്ടായിരുന്നത്.
അപകടം നടന്ന ഉടൻ തന്നെ പരിക്കേറ്റവരെ സമീപത്തെ സിവിൽ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഇവരെ ഡൽഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. സംഭവസമയത്ത് മാവ് വാങ്ങാനായി പുറത്തുപോയ ഇവരുടെ കൂട്ടുകാരൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.
ധൻകോട്ട് പോലീസ് ചൗക്കിയിൽ നിന്നുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ഗ്യാസ് ലഭ്യത കുറഞ്ഞതോടെ പലരും കൽക്കരിയിലേക്കും വിറകിലേക്കും മടങ്ങിപ്പോയി. ഇത് പാചക സമയം വർധിപ്പിക്കുന്നതിനാൽ അതിഥി തൊഴിലാളികളെ സംബന്ധിച്ച് പ്രയാസകരമാണ്. മാത്രമല്ല പ്രധാന നഗരങ്ങളിൽ വിറക് കത്തിക്കൽ മാലിന്യ പ്രശ്നത്തിന്റെ പേരിൽ വിലക്കും നേരിടുന്നുണ്ട്.










0 comments