5000 രൂപയുടെ കടം തിരിച്ചടയ്ക്കുന്നതിനെ ചൊല്ലി തർക്കം; യുവതിയെ തീകൊളുത്തി കൊന്നു

അഹമ്മദാബാദ്: 5000 രൂപയുടെ കടം തിരിച്ചടയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവതിയെ അയൽവാസി തീകൊളുത്തി കൊന്നു. ഗുജറാത്തിലെ പടാൻ ജില്ലയിലാണ് ദാരുണ സംഭവം. 35കാരിയായ പിങ്കി ബെൻ പട്ണിയാണ് കൊല്ലപ്പെട്ടത്. ഏഴ് വർഷം മുൻപ് മരണപ്പെട്ട പിങ്കിക്ക് രണ്ട് മക്കളാണുള്ളത്. വീട്ടുചെലവുകൾക്കായാണ് ഒരു മാസം മുൻപ് യുവതി അയൽവാസിയായ ബാബുഭായ് റാവലിന്റെ കയ്യിൽ നിന്ന് 5000 രൂപ കടം വാങ്ങിയത്.
പലിശ ചോദിച്ച് റാവൽ നിരന്തരം വീട്ടിലെത്തി പിങ്കിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം ആരോപിച്ചു. തർക്കം തീർക്കാനായി വിളിച്ചു വരുത്തിയ ശേഷമാണ് യുവതിയെ ദാരുണമായി കൊലപ്പെടുത്തിയത്. തർക്കം പരിഹരിക്കാൻ വിളിച്ചു വരുത്തിയശേഷം പണം തരാൻ തനിക്ക് 2 ദിവസത്തെ സമയം കൂടി അനുവദിക്കണമെന്ന് പിങ്കി അഭ്യർഥിച്ചു. എന്നാൽ ഇത് റാവൽ ചെവിക്കൊണ്ടില്ല. ചായ കൊണ്ടുവന്നതിന് ശേഷം സംസാരിക്കാമെന്ന് പറഞ്ഞ് റാവൽ അകത്തേയ്ക്ക് പോയി. പിന്നാലെ എത്തിയത് പെട്രോൾ കുപ്പിയുമായാണ്. തുടർന്ന് യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പിങ്കിയെ ധാർപൂർ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ നില ഗുരുതരമായതോടെ ചികിത്സയ്ക്കായി അഹമ്മദാബാദ് സിവിൽ ആശുപത്രിയിലേക്ക് മാറ്റി. ഒടുവിൽ ചികിത്സയിലിരിക്കെ പിങ്കി മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രതിക്കും ഗുരുതര പൊള്ളലേറ്റു. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.









0 comments