മാരിടൈം ബോർഡ് ഉദ്യോഗസ്ഥൻ ഭാര്യയെ വെടിവെച്ചുകൊന്നതിന് ശേഷം ആത്മഹത്യ ചെയ്തു

അഹമ്മദാബാദ്: ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം യുവാവ് സ്വയം വെടിയുതിർത്ത് മരിച്ചു. ഗുജറാത്ത് മാരിടൈം ബോർഡിലെ ഉദ്യോഗസ്ഥനായ യശ്‌രാജ്‌സിങ് ഗോഹിൽ ആണ് ഭാര്യ രാജേശ്വരി ഗോഹിലിനെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്.
ബുധനാഴ്ച രാത്രി അഹമ്മദാബാദിലെ ഫ്‌ളാറ്റിലായിരുന്നു സംഭവം. രണ്ടുമാസം മുൻപാണ് യശ്‌രാജും രാജേശ്വരിയും വിവാഹിതരായത്. ബുധനാഴ്ച രാത്രി ഫ്‌ളാറ്റിൽവെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതിനു പിന്നാലെയാണ് യുവാവ് തന്റെ കൈയിലുണ്ടായിരുന്ന ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് ഭാര്യയ്ക്ക് നേരേ വെടിയുതിർത്തത്. ഇതിനു പിന്നാലെ പ്രതിതന്നെയാണ് 108ൽ വിളിച്ച് അടിയന്തരസഹായം തേടിയത്.
തുടർന്ന് ആംബുലൻസും ഡോക്ടറും സ്ഥലത്തെത്തിയെങ്കിലും യുവതി മരിച്ചതായി സ്ഥിരീകരിച്ചു. മെഡിക്കൽ സംഘം ഫ്ലാറ്റിൽ നിന്ന് പുറത്തുപോയ ഉടനെ യശ്‌രാജ് ഫ്‌ളാറ്റിലെ മറ്റൊരു മുറിയിൽ കയറി. ഇവിടെവെച്ചാണ് പ്രതി സ്വയം വെടിയുതിർത്ത് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
രണ്ട് മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി. കൂടുതൽ വ്യക്തതയ്ക്കായി പൊലീസ് കുടുംബാംഗങ്ങളുമായി സംസാരിക്കുകയും തോക്ക് ലൈസൻസ്, 108 കോൾ റെക്കോർഡുകൾ എന്നിവ പരിശോധിച്ചു വരികയാണ്.










0 comments