Deshabhimani

വിവാഹ സൽക്കാരത്തിനിടെ ഡോക്ടറായ വരൻ കുഴഞ്ഞുവീണ് മരിച്ചു; ദാരുണാന്ത്യം വിവാഹത്തിന്റെ പിറ്റേന്ന്

death.
വെബ് ഡെസ്ക്

Published on Nov 28, 2026, 11:48 AM | 1 min read

പട്‌ന: വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം നടന്ന വിവാഹ സൽക്കാരത്തിനിടെ വരൻ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു. ബിഹാറിലെ കതിഹാർ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പട്‌നയിൽ ആയുഷ് ഡോക്ടറായി ജോലി ചെയ്തിരുന്ന പവൻ കുമാർ യാദവാണ് മരിച്ചത്.


നവംബർ 25നായിരുന്നു പവൻ കുമാറിന്റെ വിവാഹം. വധുവിന്റെ ഗ്രാമമായ ദിറ ചന്ദ്പൂരിൽ വെച്ച് വളരെ ആഘോഷപൂർവ്വമാണ് വിവാഹ ചടങ്ങുകൾ നടന്നത്. പിറ്റേദിവസമായ നവംബർ 26ന് വധുവിനെ വരന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയും, വൈകുന്നേരം ബന്ധുക്കൾക്കും നാട്ടുകാർക്കുമായി വിരുന്നും സ്വീകരണവും ഒരുക്കിയിരുന്നു.


സൽക്കാര ചടങ്ങുകൾ അവസാനിക്കാറായ സമയത്ത്, വധുവിനൊപ്പം വേദിയിലിരിക്കുകയായിരുന്ന പവൻ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് അദ്ദേഹത്തെ ഫാൽക്ക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പൂർണിയയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.


വിവാഹ ആഘോഷങ്ങൾ നടന്നിരുന്ന വീട്ടിലേക്ക് മരണവാർത്ത എത്തിയതോടെ ഇരു കുടുംബങ്ങളും കടുത്ത ദുഃഖത്തിലായി. ഭർത്താവിന്റെ മരണവാർത്ത അറിഞ്ഞ വധു ബോധരഹിതയായി വീണു. മണിക്കൂറുകൾക്ക് മുൻപ് വിവാഹ ആഘോഷങ്ങളിൽ പങ്കെടുത്ത ഗ്രാമവാസികളും ബന്ധുക്കളും സംഭവത്തിന്റെ ഞെട്ടലിലാണ്. പവന്റെ മൃതദേഹം പിന്നീട് സംസ്കാര ചടങ്ങുകൾക്കായി കൊണ്ടുപോയി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home