ഡൽഹിക്ക് മുകളിൽ ആശങ്ക; വിമാനങ്ങളെ ലക്ഷ്യമിട്ട് ജിപിഎസ് സ്പൂഫിങ്

ഡൽഹിക്ക് മുകളിലൂടെ പറക്കുന്ന വിമാനങ്ങളെ വഴിതെറ്റിക്കാൻ ലക്ഷ്യമിട്ട് ജിപിഎസ് സ്പൂഫിംഗ് തുടർച്ചയാവുന്നതായി റിപ്പോർട്. പൈലറ്റുമാരും എയർ ട്രാഫിക് കൺട്രോൾ വൃത്തങ്ങളും ഒരാഴ്ചയായി സ്പൂഫിങ് നേരിടുന്നു. തെറ്റായ വിമാന സ്ഥാനങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന ഭൂപ്രദേശ നിർദ്ദേശങ്ങളും നൽകിയാണ് വഴിതെറ്റിക്കൽ ശ്രമം.
കഴിഞ്ഞ ആഴ്ച ഡൽഹിയുടെ 60 നോട്ടിക്കൽ മൈൽ ചുറ്റളവിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഒരു എയർ ട്രാഫിക് കൺട്രോളറെ ഉദ്ധരിച്ച് വാർത്ത പുറത്തു വന്നു. ഇത്തരം ചതികളിൽ നിന്നും പലപ്പോഴും മാനുവൽ ഇടപെടൽ വഴിയാണ് രക്ഷപെടുന്നത്. ജാഗ്രതാ മുന്നറിയിപ്പിന്റെ ഭാഗമായി കോക്ക്പിറ്റ് ക്രൂവിന് കൺട്രോളർമാർ നേരിട്ട് നാവിഗേഷൻ മാർഗ്ഗനിർദ്ദേശം നൽകിയതായി എടിസി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച വിമാനങ്ങൾ സർവീസ് നടത്തിയ ആറ് ദിവസങ്ങളിലും ജിപിഎസ് സ്പൂഫിംഗ് നേരിട്ടതായി ഒരു പ്രമുഖ എയർലൈനിലെ പൈലറ്റ് പരാതിപ്പെട്ടു. സിവിലിയൻ പ്രദേശങ്ങളിലും സമാധാനപരമായ മേഖലകളിലും ഈ കബളിപ്പിക്കൽ സംഭവങ്ങൾ അപൂർവ്വമായിരുന്നു.
പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ അതിർത്തിയിൽ ജിപിഎസ് സ്പൂഫിംഗ് അനുഭവപ്പെടുന്നത് സാധാരണമാണ്. എങ്കിലും ഡൽഹിയിൽ ഇത്തരം സംഭവങ്ങൾ അസാധാരണമാണ്.
നാവിഗേഷൻ സംവിധാനങ്ങളെ വഴിതിരിക്കാനായി തെറ്റായ ജിപിഎസ് സിഗ്നലുകൾ കൈമാറുന്ന സൈബർ ആക്രമണമാണ് സ്പൂഫിംഗ്. യുദ്ധത്തിൽ വിന്യസിച്ചിരിക്കുന്ന ഡ്രോണുകളെ തടസ്സപ്പെടുത്താനോ പ്രവർത്തനരഹിതമാക്കാനോ ആണ് പലപ്പോഴും സംഘർഷ മേഖലകളിൽ ഇത് ഉപയോഗിക്കുന്നത്.

2023 മുതൽ ജിപിഎസ് ഇടപെടൽ കേസുകൾ വർദ്ധിച്ചുവരികയാണ്. പാകിസ്ഥാനുമായും മ്യാൻമറുമായും ഉള്ള ഇന്ത്യയുടെ അതിർത്തിയാണ് ആഗോളതലത്തിൽ ഇത്തരം സംഭവങ്ങൾക്ക് ഏറ്റവും കുപ്രസിദ്ധം.
2023 നവംബറൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിമാനക്കമ്പനികളോട് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ സ്ഥാപിക്കാനും ജിപിഎസ് സ്പൂഫിംഗ് സംഭവങ്ങളെക്കുറിച്ച് ദ്വൈമാസ റിപ്പോർട്ടുകൾ സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.
ജിപിഎസ് സ്പൂഫിംഗ് വിമാനത്തിന്റെ സുരക്ഷയെ നേരിട്ട് തടസ്സപ്പെടുത്താറില്ല. ബദൽ സുരക്ഷാ മാർഗ്ഗങ്ങളുണ്ട്. ജിപിഎസ് വിശ്വസനീയമല്ലെന്ന് തോന്നുമ്പോഴെല്ലാം ഐഎൽഎസ്, വിഒആർ, വിഷ്വൽ സമീപനങ്ങൾ തുടങ്ങിയ ഗ്രൗണ്ട് അധിഷ്ഠിത സഹായങ്ങളിലേക്ക് മാറാൻ ഇന്ത്യൻ പൈലറ്റുമാർക്ക് പരിശീലനം നൽകുന്നുണ്ട്. എന്നാൽ സ്പൂഫിങ് ഭീഷണി തുടരുന്നത് ആശങ്കയാണ്.
സ്പൂഫിംഗ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്
സൈബർ കുറ്റവാളികളും ആക്രമണകാരികളും യഥാർത്ഥ ഉപഗ്രഹങ്ങളിൽ നിന്ന് ഉത്ഭവിക്കുന്നതായി തോന്നുന്ന വ്യാജ ജിപിഎസ് സിഗ്നലുകൾ പ്രക്ഷേപണം ചെയ്യുന്നു.
വിമാന റിസീവറുകൾ ആ സിഗ്നലുകൾ നേടുകയും ആശയക്കുഴപ്പത്തിലാകുകയും ചെയ്യുന്നു. ഇത് തെറ്റായ സ്ഥാനം, ഉയരം, വേഗത, സമയ ഡാറ്റ എന്നിവയിലേക്ക് നയിക്കുന്നു.
കൃത്യമായ ജിപിഎസ് സിഗ്നലുകൾ ഇല്ലാതെ വിമാനത്തിന് കൃത്യമായ ലാൻഡിംഗ് നടത്താൻ കഴിയില്ല. വിമാനക്കമ്പനികൾ ജിപിഎസിന് പകരം ഗ്രൗണ്ട് അധിഷ്ഠിത നാവിഗേഷൻ സഹായങ്ങളെ ആശ്രയിക്കാൻ നിർദ്ദേശം നൽകിയാണ് ഇതിനെ മറികടക്കാറ്.
ഡൽഹിക്ക് സമീപം സ്പൂഫിംഗ് എന്തുകൊണ്ട് ?
പശ്ചിമേഷ്യയിലെ സംഘർഷ മേഖലകളിൽ നിന്നാവാം സ്പൂഫിംഗ് സിഗ്നലുകൾ വ്യതിചലിച്ചതെന്ന് വിദഗ്ദ്ധർ വിശ്വസിക്കുന്നു. അവിടെ സൈനിക ക്രമീകരണങ്ങൾ സംരക്ഷിക്കുന്നതിനായി ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവ ജിപിഎസ് സിഗ്നലുകളെ തടസ്സപ്പെടുത്തുന്നു.
ശക്തമായ അന്തരീക്ഷ സാഹചര്യങ്ങൾ 2,500 കിലോമീറ്റർ വരെ ദൂരത്തേക്ക് ഇത്തരം കേടായ സിഗ്നലുകൾ വ്യാപിപ്പിക്കും. തുർക്കി, റഷ്യ, ഉക്രെയ്ൻ എന്നിവിടങ്ങളിലെ പ്രശ്നങ്ങൾ മുൻകാലങ്ങളിൽ ഇത്തരത്തിൽ സിഗ്നൽ കബളിപ്പിക്കൽ ഉണ്ടാക്കിയിരുന്നു. ആയിരക്കണക്കിന് കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന സാധാരണ യാത്രാ വിമാന സർവീസുകളെ ഇത് വെല്ലുവിളി നിറഞ്ഞതാക്കുന്നു.









0 comments