print edition എൽഐസിയുടെ 6.5 ശതമാനം ഓഹരി വിൽക്കും

സ്വന്തം ലേഖകൻ
Published on Aug 05, 2026, 12:11 AM | 1 min read
ന്യൂഡൽഹി: ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽഐസി) 6.5 ശതമാനം ഓഹരി ഓഫർ ഫോർ സെയിൽ (ഒഎഫ്‌എസ്) മുഖേന വിൽക്കാൻ കേന്ദ്രസർക്കാർ. 2.5 ശതമാനം ഓഹരി വിറ്റഴിക്കാനുള്ള അടിസ്ഥാന ഓഫറിന് മികച്ച പ്രതികരണമാണ് ഉണ്ടാകുന്നതെങ്കിൽ ഗ്രീൻ ഷൂ ഓപ്‌ഷൻ വഴി നാലുശതമാനം ഓഹരി കൂടി വിറ്റഴിക്കാനാണ് തീരുമാനം. ഇതോടെ മൊത്തം 6.5 ശതമാനം ഓഹരി വിൽക്കാനാകും.
ഓഹരികൾക്ക് ആവശ്യക്കാർ ഏറെയുണ്ടെങ്കിൽ ആദ്യം പ്രഖ്യാപിച്ചതിനേക്കാൾ കൂടുതൽ ഓഹരികൾ വിറ്റഴിക്കാനുള്ള സൗകര്യമാണ് ഗ്രീൻ ഷൂ ഓപ്‌ഷൻ. സ്ഥാപനങ്ങൾ, മ്യൂച്ചൽ ഫണ്ടുകൾ, ഇൻഷുറൻസ് കന്പനികൾ, വിദേശ നിക്ഷേപകർ തുടങ്ങിയ നോൺ റീട്ടെയിൽ നിക്ഷേപകർക്ക് ഓഹരികൾക്കായി അപേക്ഷിക്കാം. വ്യക്തിഗത നിക്ഷേപകർക്ക് ബുധനാഴ്‌ച മുതല്‍ അപേക്ഷിക്കാം.
കേന്ദ്രസർക്കാരിന് നിലവിൽ എൽഐസിയിൽ 96.5 ശതമാനം ഓഹരിയുണ്ട്. 2022 മേയ് മാസം രാജ്യത്തെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) മുഖേന എൽഐസിയെ ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്‌തിരുന്നു. സെക്യൂരിറ്റീസ് ആൻഡ് എക്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) മാനദണ്ഡ പ്രകാരം ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്യപ്പെട്ട കന്പനികളുടെ നിശ്‌ചിത ശതമാനം ഓഹരികൾ (25 ശതമാനം) പൊതുജനങ്ങളുടെ കൈവശമായിരിക്കണം. ഇൗ സാഹചര്യത്തിൽ എൽഐസിയുടെ കൂടുതൽ ഓഹരികൾ ഘട്ടംഘട്ടമായി സർക്കാർ വിറ്റഴിച്ചേക്കും.










0 comments