മധ്യപ്രദേശിലെ ഷേരു സുസാദിയയാണ് രാജസ്ഥാനിൽ കൊല്ലപ്പെട്ടത്
പശുക്കടത്ത് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

ന്യൂഡൽഹി
രാജസ്ഥാനിലെ ഭിൽവാരയിൽ പശുക്കടത്ത് ആരോപിച്ച് യുവാവിനെ സംഘപരിവാറുകാർ മർദിച്ചു കൊലപ്പെടുത്തി. മധ്യപ്രദേശിലെ മണ്ഡ്‌സോർ സ്വദേശി ഷേരു സുസാദിയയെ ആണ് കൊന്നത്. ഭിൽവാരയിലെ ലമ്പിയ കാലിച്ചന്തയിൽനിന്നു കന്നുകാലികളെ വാങ്ങി മടങ്ങുന്പോഴാണ് സംഭവം. ഒപ്പമുണ്ടായിരുന്ന ബന്ധു രക്ഷപ്പെട്ടു. ഷേരു ക്രൂരമായി ആക്രമിക്കപ്പെട്ടു. കാലിച്ചന്തയിൽനിന്ന് നിയമാനുസൃതം വാങ്ങിയ കന്നുകാലികളാണെന്ന് കേണുപറഞ്ഞിട്ടും അക്രമികൾ പിൻവാങ്ങിയില്ല. മൊബൈൽഫോണും 36000 രൂപയും തട്ടിയെടുത്തു. അവശനായ ഷേരുവിനെ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. തലയ്ക്ക് ഗുരുതര പരിക്കേറ്റതിനാൽ ജയ്‌പുരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു.
ഇരുപതോളം പേരാണ് ആക്രമിച്ചതെങ്കിലും അഞ്ചുപേരെ മാത്രമാണ് പിടികൂടിയത്. ഗോഹത്യ ആരോപിച്ച് ഷേരുവിനും ബന്ധുവിനുമെതിരെയും പൊലീസ് കേസെടുത്തു. കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്ന് സിപിഐ എം നേതാവ് ശൈലേന്ദ്ര ഠാക്കൂർ ഉൾപ്പെടുന്ന വസ്‌തുതാന്വേഷണ സംഘം രാജസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഷേരുവിന്റെ മരണത്തോടെ ഭാര്യയും മൂന്നു വയസ്സുള്ള മകളും എട്ട് മാസം പ്രായമുള്ള മകനും ഉൾപ്പെടുന്ന കുടുംബം അനാഥമായി. അമ്പതുലക്ഷം നഷ്ടപരിഹാരവും കുടുംബത്തിലെ ഒരംഗത്തിന് ജോലിയും നല്‍കണമെന്ന് വസ്‌തുതാന്വേഷണ സംഘം ആവശ്യപ്പെട്ടു.










0 comments