അലിഗഢിൽ 4 മുസ്ലിം യുവാക്കൾക്ക് ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണം

ലഖ്‌നൗ
ഉത്തർപ്രദേശിലെ അലിഗഢിൽ പശു ഇറച്ചി കടത്തിയെന്ന് ആരോപിച്ച് മുസ്ലിം യുവാക്കൾക്ക് സംഘപരിവാറുകാരായ ഗോരക്ഷാ ഗുണ്ടകളുടെ ക്രൂരമർദനം. ശനിയാഴ്‌ച രാവിലെ ഹർദുഅഗഞ്ച് പൊലീസ് സ്‌റ്റേഷന് സമീപമുള്ള സാധു ആശ്രമത്തിലാണ് അർബാസ്, അഖീൽ, കാദിം, മുന്ന ഖാൻ എന്നിവർ ആക്രമണത്തിന് ഇരയായത്. മൂന്നുപേരുടെ നില ഗുരുതരമാണ്. അൽഅമർ ഫ്രോസൺ ഫുഡ്‌സ് മീറ്റ് ഫാക്‌ടറിയിൽ നിന്നും ഇറച്ചിയുമായി അത്രൊലിയിലേക്ക് പോയ യുവാക്കളെയാണ് വാഹനം തടഞ്ഞ് മർദിച്ചത്. വടികളും മരകഷ്‌ണവും മൺകട്ടയും ഉപയോഗിച്ചായിരുന്നു ആക്രമണം.
വാഹനത്തിലുണ്ടായിരുന്ന ഇറച്ചി വലിച്ചെറിയുകയും പിക്കപ്പ് ട്രക്ക് അക്രമികൾ കത്തിക്കുകയും ചെയ്‌തു. യുവാക്കളെ ചവിട്ടുന്നതിന്റെയും അടിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചിട്ടുണ്ട്. ഇവരുടെ കൈവശം ഉണ്ടായിരുന്ന പണവും മൊബൈൽ ഫോണും ആക്രമികൾ കവർന്നു. പൊലീസെത്തിയാണ് യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിഎച്ച്‌പി നേതാവ് രാജ്‌കുമാർ ആര്യ, ബിജെപി നേതാവ് അർജുൻ സിങ് എന്നിവരുൾപ്പെടെ 13 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഗോരക്ഷാ ഗുണ്ടകളുടെ പരാതിയിൽ യുവാക്കൾക്കെതിരെയും കേസെടുത്തു. യുവാക്കളുടെ കൈവശം ഉണ്ടായിരുന്നത് പോത്തിറച്ചിയെന്നാണ് വിവരം. സംഭവ സ്ഥലത്തിൽനിന്നും കണ്ടെത്തിയ ഇറച്ചി പരിശോധനയ്‌ക്ക് അയച്ചതായി പൊലീസ് അറിയിച്ചു.










0 comments