ഞങ്ങൾക്ക് പഠനവും നൃത്തവും ഒരുമിച്ചു കൊണ്ടുപോകാനാകും; ബിജെപി പരിഹാസത്തിന് വിദ്യാർഥിനിയുടെ മറുപടി

ഉർവശി പാലന്ദുർക്കർ, വിദ്യാര്‍ഥികളെ പരിഹസിച്ചുകൊണ്ടുള്ള ബിജെപി ഹാന്‍റിലുകളില്‍ നിന്നും വന്ന വീഡിയോയയിലെ ദൃശ്യം
ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ നടന്ന പ്രക്ഷോഭത്തിനിടെ നൃത്തം ചെയ്ത വിദ്യാർഥിനികൾക്കെതിരെയുള്ള ഛത്തീസ്ഗഡ് ബിജെപി പരിഹാസത്തിന് മറുപടിയുമായി വിദ്യാർഥിനി. രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്ന ഒരു വിദ്യാർഥിയെയും, പ്രതിഷേധത്തിനിടെ ഡാൻസ് കളിക്കുകയും റീൽസ് ചിത്രീകരിക്കുകയും ചെയ്യുന്ന 'ജെൻ സി' പ്രതിഷേധക്കാരെയും താരതമ്യം ചെയ്തുകൊണ്ട് പരിഹാസ രൂപേണയാണ് ബിജെപി പോസ്റ്റ് പങ്കുവെച്ചിരുന്നത്.
വിദ്യാര്‍ഥികളെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെ ‘ബാബറുടെ പാരമ്പര്യത്തിനൊപ്പം നൃത്തം ചെയ്യുന്നവർ‘ എന്ന അധിക്ഷേപ കുറിപ്പും പങ്കുവെച്ചു. ഇതിനുപിന്നാലെയാണ് മറുപടിയുമായി വിദ്യാർഥിനി ഉർവശി പാലന്ദുർക്കർ രംഗത്ത് വന്നത്.
പവർ പോയിന്റ് പ്രസന്റേഷനിലൂടെയാണ് ബിജെപിക്ക് മറുപടി നൽകിയത്. തങ്ങൾക്ക് പഠനവും നൃത്തം പോലുള്ള പാഠ്യേതര പ്രവർത്തനങ്ങളും ഒരേപോലെ കൊണ്ടുപോകാൻ കഴിയുമെന്ന് ഉർവശി തുറന്നടിച്ചു. കൂടാതെ, തന്റെ സമ്മതമില്ലാതെയാണ് വീഡിയോ ഉപയോഗിച്ചതെന്ന് വ്യക്തമാക്കിയ ഉർവശി, ബിജെപിയുടെ ക്യാപ്ഷനുകൾ വളരെ മോശമാണെന്നും അവരുടെ ചാറ്റ് ജിപിടി ശരിയായ മറുപടികളല്ല നൽകുന്നതെന്നും പരിഹസിച്ചു.
2026 ൽ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം വിലപോവില്ലെന്നും ഉർവശി ഓർമിപ്പിച്ചു. പാർലമെന്റംഗങ്ങൾക്ക് പുതിയ വാക്കുകൾ പഠിപ്പിച്ചുകൊടുത്ത ഒരു തലമുറയോട് ഇത് പയറ്റേണ്ടെന്നും വിദ്യാർഥിനി തുറന്നടിച്ചു. തനിക്ക് പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും 93 ശതമാനം മാർക്ക് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ വിദ്യാർഥിനി തനിക്ക് ലഭിച്ച അംഗീകാരങ്ങൾ ലിവിങ് റൂമിൽ പ്രദർശിപ്പിച്ചിരിക്കുന്നതിന്റെ ചിത്രങ്ങളും പങ്കുവെക്കുകയും ചെയ്തു.
സാഹചര്യങ്ങളെ പരിഹസിക്കാനോ അവിശ്വാസം പ്രകടിപ്പിക്കാനോ ഒക്കെയായി ജെൻ സീ ഉപയോഗിക്കുന്ന "വാസ്‌തെഗുന ഹുയ്യ" എന്ന പദം ഉൾപ്പെടുത്തിയ പിപിടി സ്ലൈഡിലൂടെയാണ് ഉർവശി തന്റെ വീഡിയോ അവസാനിപ്പിച്ചത്. ഉർവശിയുടെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകര്യതയാണ് ലഭിക്കുന്നത്.









0 comments