നിബിഡ വനത്തിനകത്ത് 100 കോടിയുടെ കഞ്ചാവ് പാടം, ഡ്രോണുമായി സംയുക്ത സേന

ഘടിഗട്ട്: ത്രിപുരയിലെ സെപാഹിജാല ജില്ലയിൽ വിവിധ സേനകൾ സുയുക്തമായി നടത്തിയ ഓപ്പറേഷനിൽ നൂറ് കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് പാടങ്ങൾ കണ്ടെത്തി നശിപ്പിച്ചു.
സംസ്ഥാന പോലീസ്, ബിഎസ്എഫ്, ത്രിപുര സ്റ്റേറ്റ് റൈഫിൾസ് എന്നിവരടങ്ങുന്ന സംയുക്ത സംഘമാണ് ഓപ്പറേഷൻ നടത്തിയത്.
വിളവെടുക്കാറായ 19 ലക്ഷം കഞ്ചാവ് ചെടികൾ നശിപ്പിച്ചതായി സേന അറിയിച്ചു. 650 ഏക്കറിലായാണ് ഇവ കൃഷി ചെയ്തിരുന്നത്.
നോർത്ത് കലംചൗര, സൗത്ത് കലംചൗര, ആനന്ദപൂർ, ഘടിഗഡ് പ്രദേശങ്ങളിലെ വനത്തിനകത്ത് ശനിയാഴ്ചയാണ് 600 പേരടങ്ങുന്ന സംയുക്ത സേന പരിശോധന നടത്തിയത്.
ഇടതൂർന്ന വനങ്ങളിലെ കഞ്ചാവ് തോട്ടങ്ങൾ ഡ്രോണുകൾ ഉപയോഗിച്ചാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സോണാമുര പോലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് തപൻ ദാസ് പറഞ്ഞു.
ത്രിപുരയിൽ കഞ്ചാവ് കൃഷിക്കെതിരെ ഒറ്റ ദിവസം നടത്തിയ ഏറ്റവും വലിയ റെയിഡാണ്. ഇവിടെ നിന്നും ബിഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് സംസ്കരിച്ച കഞ്ചാവ് കടത്തിയിരുന്നു. അവിടെ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്കും എത്തിക്കുന്നു.
വടക്ക് കിഴക്കൻ പ്രദേശങ്ങളിൽ സാധാരണ ചെടി പോലെ വളരുന്നതാണെങ്കിലും ഇത്രയും സംഘടിതമായ കൃഷി കണ്ടെത്തുന്നത് സാധാരണമല്ല.










0 comments