ad
Deshabhimani

print edition മോദിയുടെ യുഎസ് വിധേയത്വം വരുത്തിവച്ച വിന

trump and modi
avatar
സ്വന്തം ലേഖകൻ

Published on Mar 12, 2026, 03:36 AM | 2 min read

ന്യൂഡൽഹി: രാജ്യത്തെ വൻ പ്രതിസന്ധിയിലാക്കുന്ന പാചകവാതക ക്ഷാമത്തിന്റെ പ്രധാനകാരണം മോദി സർക്കാരിന്റെ അന്ധമായ അമേരിക്കൻ വിധേയത്വം. അമേരിക്കൻ ശാസനപ്രകാരം കേന്ദ്രം റഷ്യൻ എണ്ണ വേണ്ടെന്നുവെച്ചതാണ്‌ വൻ ക്ഷാമത്തിലെത്തിച്ചത്‌. 90 ദിവസത്തെ ക്രൂഡോയിൽ കരുതൽ ശേഖരം ഉറപ്പാക്കണമെന്ന പൊതുനിർദേശവും സർക്കാർ പാലിച്ചിട്ടില്ല.


അമേരിക്കയുമായി ഏതുവിധേനയും വ്യാപാര കരാറിലെത്താനാണ്‌ മോദി സർക്കാർ ശ്രമിച്ചത്‌. ഇതിനായി ട്രംപ്‌ പറയുന്നപോലെല്ലാം ചെയ്‌തു. റഷ്യൻ എണ്ണ നിർത്തി ഗൾഫ്‌ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡോയിലിനെയും എൽപിജിയെയും ആശ്രയിച്ചുതുടങ്ങി. റിലയൻസ്‌, നയാര തുടങ്ങിയ സ്വകാര്യ റിഫൈനറികളും റഷ്യൻ എണ്ണ നിർത്തി. പശ്‌ചിമേഷ്യൻ സംഘർഷത്തെ തുടർന്ന്‌ ഹോർമുസ്‌ കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതോടെ എല്ലാം അവതാളത്തിലായി. ഇന്ത്യക്കാവശ്യമായ എൽപിജിയുടെ 62 ശതമാനവും ഇറക്കുമതിയിലൂടെയാണ്‌. ഇതിൽ 90 ശതമാനവും നിലവിൽ ഹോർമുസ്‌ വഴിയാണ്‌. ബാക്കിയുള്ള 38 ശതമാനം എൽപിജി ക്രൂഡോയിൽ ഉപയോഗിച്ചാണ്‌ ഉൽപ്പാദിപ്പിക്കുന്നത്‌.


ഇറാനെതിരായ യുഎസ്‌ – ഇസ്രയേൽ ആക്രമണത്തെ അപലപിക്കാതിരുന്ന കേന്ദ്രസർക്കാർ ഖമനേയി വധത്തിൽ ദിവസങ്ങൾക്ക്‌ ശേഷമാണ്‌ അനുശോചനമെങ്കിലും രേഖപ്പെടുത്തിയത്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിയോ വിദേശകാര്യ മന്ത്രി എസ്‌ ജയ്‌ശങ്കറോ അനുശോചിക്കാൻ തയ്യാറായില്ല.


ഇറാനെ പോലും അമ്പരപ്പിച്ച്‌ യുഎസ്‌ വിധേയത്വമാണ്‌ സംഘർഷഘട്ടത്തിൽ മോദി സർക്കാർ സ്വീകരിച്ചത്‌. അതുകൊണ്ട്‌ ഹോർമുസ്‌ കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക്‌ അനുമതി നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇറാനെ സമീപിക്കാനുള്ള അവസരം സർക്കാർ നഷ്ടമാക്കി. സംഘർഷത്തോട്‌ നിഷ്‌പക്ഷ നിലപാട്‌ സ്വീകരിച്ചിരുന്നെങ്കിൽ പോലും ഇളവ്‌ ആവശ്യപ്പെട്ട്‌ ഇറാനെ സമീപിക്കാമായിരുന്നു.


ജയ്‌ശങ്കർ – അരാഗ്‌ചി 
ചർച്ചയിലും പരിഹാരമില്ല


ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ്‌ അബ്ബാസ്‌ അരാഗ്‌ചിയുമായി വിദേശകാര്യ മന്ത്രി എസ്‌ ജയ്‌ശങ്കർ ചൊവ്വ രാത്രി നടത്തിയ ഫോൺ സംഭാഷണത്തിലും ഹോർമുസ്‌ കടലിടുക്കിലൂടെയുള്ള ചരക്കുനീക്ക പ്രതിസന്ധിക്ക്‌ പരിഹാരമായില്ല. ഇന്ത്യയിൽ ഇന്ധനക്ഷാമം രൂക്ഷമായതിന്‌ പിന്നാലെയാണ്‌ ഇറാൻ വിദേശമന്ത്രിയെ ജയ്‌ശങ്കർ തിരക്കിട്ട്‌ വിളിച്ചത്‌. ഇന്ത്യൻ കപ്പലുകളുടെ നീക്കം അനുവദിക്കുന്നത്‌ പരിഗണിക്കണമെന്ന്‌ ആവശ്യപ്പെട്ടതായാണ്‌ റിപ്പോർട്ട്‌. ഇറാന്റെ പരമോന്നത നേതാവ്‌ ആയത്തുള്ള അലി ഖമനേയി യുഎസും ഇസ്രയേലും വധിച്ചപ്പോൾ അനുശോചിക്കാൻ പോലും ഇന്ത്യ കൂട്ടാക്കിയിരുന്നില്ല.


​ഹോർമുസിൽ 
28 ഇന്ത്യൻ കപ്പൽ


ഹോർമുസ്‌ കടലിടുക്കിൽ 28 ഇന്ത്യൻ കപ്പലാണ്‌ കുടുങ്ങി കിടക്കുന്നതെന്ന്‌ തുറമുഖ വകുപ്പ്‌ പ്രത്യേക സെക്രട്ടറി രാജേഷ്‌ കുമാർ സിൻഹ അറിയിച്ചു. 38 ഇന്ത്യൻ കപ്പലുകളുണ്ടെന്ന്‌ നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. 28 കപ്പലിലായി 778 നാവികരുണ്ട്‌. 24 കപ്പലുകൾ കടലിടുക്കിന്റെ പടിഞ്ഞാറൻ ഭാഗത്തും നാലെണ്ണം കിഴക്കൻ ഭാഗത്തുമാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home