താജ്മഹലിൽ സൗജന്യ പ്രവേശനം; ഷാജഹാൻ ചക്രവർത്തിയുടെ ഉറൂസ് ആഘോഷങ്ങൾക്ക് തുടക്കമായി

ആഗ്ര: ലോകമഹത്ഭുതമായ താജ്മഹലിൽ സന്ദർശകർക്ക് മൂന്ന് ദിവസത്തേക്ക് സൗജന്യ പ്രവേശനം അനുവദിച്ചു. മുഗൾ ചക്രവർത്തി ഷാജഹാന്റെ 371-ാമത് ഉറൂസ് (ചരമവാർഷികം) ആഘോഷങ്ങളുടെ ഭാഗമായാണ് നടപടി.
ജനുവരി 17 വരെയാണ് ആഘോഷങ്ങൾ നടക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി താജ്മഹലിനുള്ളിലെ ഷാജഹാൻ ചക്രവർത്തിയുടെയും മുംതാസ് മഹലിന്റെയും യഥാർത്ഥ ശവകുടീരങ്ങൾ സന്ദർശകർക്കായി തുറന്നുകൊടുത്തു.
വർഷത്തിൽ ഈ മൂന്ന് ദിവസം മാത്രമാണ് പൊതുജനങ്ങൾക്ക് ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നത്. ഉച്ചയ്ക്ക് 2 മണി മുതൽ സൂര്യാസ്തമയം വരെ സന്ദർശകർക്ക് സൗജന്യമായി പ്രവേശിക്കാം.
ജനുവരി 17 രാവിലെ മുതൽ വൈകുന്നേരം വരെ താജ്മഹലിലേക്കുള്ള പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കും. ഉറൂസ് ആഘോഷങ്ങളുടെ ഭാഗമായി പരമ്പരാഗതമായ 'ഗുസൽ' (ശുദ്ധീകരണം), 'ഫാത്തിഹ', 'സന്ദൽ' ചടങ്ങുകൾ നടക്കും.
ആഘോഷത്തിന്റെ അവസാന ദിവസമായ ജനുവരി 17-ന് താജ്മഹലിൽ സപ്തവർണ്ണങ്ങളിലുള്ള 1,560 മീറ്റർ നീളമുള്ള 'ചാദർ' സമർപ്പിക്കും. ഇത് കാണാനായി വിദേശികളടക്കം പതിനായിരക്കണക്കിന് സഞ്ചാരികളാണ് ആഗ്രയിൽ എത്തിച്ചേരുന്നത്.
പുരാവസ്തു വകുപ്പിന്റെ കർശന നിരീക്ഷണത്തിലാണ് ആഘോഷങ്ങൾ നടക്കുന്നത്. സന്ദർശകരുടെ തിരക്ക് നിയന്ത്രിക്കാൻ അധികൃതർ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ താജ്മഹൽ സന്ദർശിക്കുന്നവർക്ക് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.










0 comments