ആശ്രിത നിയമനത്തിൽ തട്ടിപ്പ്, വ്യാജ രേഖകളിലൂടെ സർക്കാർ ജോലി; സംഭവം മധ്യപ്രദേശിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ സർക്കാർ സ്ഥാപനങ്ങളിൽ വ്യാജ രേഖകളുപയോഗിച്ച് അഞ്ച് പേർ നിയമനം നേടി. മധ്യപ്രദേശിൽ പലയിടങ്ങളിലായി നടന്ന ആശ്രിത നിയമനത്തിലാണ് തട്ടിപ്പ് നടന്നത്. സർക്കാർ സർവീസിലിരിക്കെ മരിക്കുന്ന ജീവനക്കാരുടെ ആശ്രിതർക്ക് നിയമനം നൽകാറുണ്ട്. ഇത്തരത്തിൽ നിയമനം നേടിയ ഒരു വ്യക്തിയുടെ രേഖകളുടെ സാധുതയിൽ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് തൊഴിൽ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തറിയുന്നത്.
മധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം. ത്യോന്തർ തഹസിലിലെ പരസിയ സ്വദേശിയായ ശിവചരൺ കോളിന്റെ മകൻ ബ്രിജേഷ് കോൾ എന്നയാളാണ് തട്ടിപ്പ് നടത്തിയത്. അധ്യാപികയായിരുന്ന തന്റെ അമ്മ ബേല കാലി കോൾ മരിച്ചതായി അവകാശപ്പെടുന്ന വ്യാജ രേഖകൾ നിർമ്മിച്ചാണ് ബ്രിജേഷ് ജോലി നേടിയത്. രേഖകൾ ഉപയോഗിച്ച് ഗംഗെവ് ബ്ലോക്കിലെ ജൗഡോരിയിലുള്ള സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ പ്യൂൺ ജോലിക്ക് അപേക്ഷിക്കുകയും നിയമനം ലഭിക്കുകയും ചെയ്തു. എന്നാൽ അവിടെയല്ലേ ട്വിസ്റ്റ്, ബേല കാലി കോൾ എന്ന ഒരാൾ വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്തിട്ടില്ല. അങ്ങനെ ഒരാളുമായി ബ്രിജേഷിന് ബന്ധവുമില്ല എന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
ശമ്പളം നൽകുന്നതിനായുള്ള നടപടിക്രമങ്ങൾക്കിടെ രേഖകളിൽ പൊരുത്തക്കേടുണ്ടെന്ന് സ്കൂൾ പ്രിൻസിപ്പൽ റിപ്പോർട്ട് ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. തുടർന്നുള്ള അന്വേഷണത്തിൽ ബ്രിജേഷിന്റെ നിയമനം റദ്ദാക്കി. എന്നാൽ ഇത് തട്ടിപ്പ് കഥയുടെ തുടക്കം മാത്രമായിരുന്നു. തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ട ഉടനെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) സുദാമ ഗുപ്ത മൂന്നംഗ അന്വേഷണ സമിതി രൂപീകരിച്ചു. സമിതി നടത്തിയ അന്വേഷണത്തിൽ അഞ്ച് വ്യാജ നിയമനങ്ങൾ കൂടി കണ്ടെത്തി. ഓം പ്രകാശ് കോൾ, സുഷമ കോൾ, വിനയ് റാവത്ത്, ഹിരാമണി റാവത്ത്, രാമ ദ്വീവ്ദി തുടങ്ങിയ വ്യക്തികളും വ്യാജ രേഖകളുപയോഗിച്ച് നിയമനം നടത്തിയതായി കണ്ടെത്തി. തിഗ്ര, ബിദ, അതാരിയ, സെമാരിയ, ഗംഗെവ് തുടങ്ങിയ വിവിധ ബ്ലോക്കുകളിലായാണ് തട്ടിപ്പ് നടന്നത്.
നിയമനം ലഭിക്കുന്നതിനായി ബ്രിജേഷ് നിർമിച്ച മരണ സർട്ടിഫിക്കറ്റുകൾ, പൊലീസ് പരിശോധനകൾ, സത്യവാങ്മൂലങ്ങൾ തുടങ്ങിയ രേഖകൾ യഥാർത്ഥമാണെന്നാണ് ആദ്യ പരിശോധനയിൽ തോന്നിയത്. എന്നാൽ സൂക്ഷ്മ പരിശോധനയിലാണ് മുഴുവൻ രേഖകളും വ്യാജമാണെന്ന് കണ്ടെത്തിയത്- രേവ ജില്ലാ കലക്ടർ പ്രതിഭ പാൽ പറഞ്ഞു.
കഴിഞ്ഞ വർഷം 36 ആശ്രിത നിയമനങ്ങൾ നടത്തിയതായി ഡിഇഒ സ്ഥിരീകരിച്ചു. രേഖകൾ ഹാജരാക്കണമെന്ന് കാണിച്ച് നിയമിതരായവർക്ക് ഔദ്യോഗിക നോട്ടീസുകൾ നൽകിയിരുന്നു. എന്നാൽ ഇതിൽ പത്ത് പേർ നോട്ടീസിന് മറുപടി നൽകിയില്ല. അഞ്ച് പേർ വ്യാജ രേഖകൾ ഉപയോഗിച്ചതായി സൂക്ഷ്മ പരിശോധനയിൽ കണ്ടെത്തി. ഈ നിയമനങ്ങളുടെ നടപടിക്രമങ്ങൾ ചെയ്ത് നൽകിയ ക്ലർക്ക് ഉൾപ്പെടെ ആറ് പേർക്കെതിരെ ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്ലർക്കിനെ ജില്ലാ കലക്ടർ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനും ഡിഇഒയ്ക്കുമെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തു. അടുത്തിടെ നടന്ന എല്ലാ നിയമനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുദാമ ഗുപ്ത പറഞ്ഞു.










0 comments