ഏഴ് മാസത്തിനിടെ നാലാം മരണം; ഖരഗ്പൂർ ഐഐടിയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ

കൊൽക്കത്ത: ഖരഗ്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി)യിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ. കൊൽക്കത്ത സ്വദേശി റിതം മൊണ്ടലി(21)നെ ആണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഐഐടിയിലെ നാലാം വർഷ മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർഥിയാണ് റിതം മൊണ്ടൽ. ഏഴ് മാസത്തിനിടെ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന നാലാമത്തെ അസ്വാഭാവിക വിദ്യാർഥി മരണമാണിത്.
വെള്ളിയാഴ്ചയാണ് ഐഐടി രാജേന്ദ്ര പ്രസാദ് (ആർപി) ഹാളിലെ 203-ാം മുറിയിൽ വിദ്യാർഥയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ സുഹൃത്തുക്കൾ വിളിച്ചിട്ടും റിതം പ്രതികരിക്കാതായതോടെ ഹോസ്റ്റൽ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഹിജ്‌ലി പൊലീസ് ഔട്ട്‌പോസ്റ്റിൽ വിവരം അറിയിച്ചു. മുറി തുറന്ന് നടത്തിയ പരിശോധനയിലാണ് റിതമിനെ തൂങ്ങിയ നിലയിൽ കണ്ടത്.
വേനൽ അവധി കഴിഞ്ഞ് അടുത്തിടെയാണ് റിതം ഐഐടി ഖരഗ്പൂർ കാമ്പസിലേക്ക് തിരിച്ചെത്തിയത്. വിദ്യാർഥി മാനസിക സമ്മർദം അനുഭവിച്ചിരുന്നോ എന്ന് അറിയില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് ഐഐടി ഖരഗ്പൂർ അറിയിച്ചു. മരണ കരണം വ്യക്തമല്ല. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ഏഴ് മാസത്തിനിടെ ഖരഗ്പൂർ ഐഐടിയിൽ നാല് വിദ്യാർഥികളാണ് ജീവനൊടുക്കിയത്. ജനുവരി 12 ന് മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ ഷവോൺ മാലിക്കിന്റെ മൃതദേഹം ഹോസ്റ്റൽ മുറിയിൽ കണ്ടെത്തിയിരുന്നു. ഏപ്രിൽ 20 നാണ് ഓഷ്യൻ എഞ്ചിനീയറിംഗ് ആൻഡ് നേവൽ ആർക്കിടെക്ചർ വിഭാഗത്തിലെ നാലാം വർഷ വിദ്യാർഥിയായ അനികേത് വാൾക്കറിനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മെയ് 5ന് ബിഹാറിലെ സിയോഹർ സ്വദേശി മൊഹമ്മദ് ആസിഫ് ഖമറിനെ സമാന രീതിയിൽ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. 2024 ജൂണിൽ, ബയോടെക്നോളജി, ബയോകെമിക്കൽ എഞ്ചിനീയറിംഗ് നാലാം വർഷ വിദ്യാർഥിയായ ദേവിക പിള്ള ജീവനൊടുക്കിയിരുന്നു.










0 comments