ഒഡിഷയിൽ വീടിന് തീപിടിച്ച് രണ്ടു കുട്ടികൾ ഉൾപ്പെടെ നാലുപേര്‍ വെന്തുമരിച്ചു

ജാജ്പൂര്‍:ഒഡിഷയിൽ ജാജ്പൂര്‍ ജില്ലയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ രണ്ടുകുട്ടികൾ ഉൾപ്പെടെ നാലുപേര്‍ വെന്തുമരിച്ചു. ഒരാൾക്ക് ഗുരതരമായി പൊള്ളലേറ്റു. ബാലിചന്ദ്രപൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണ സംഭവം.
വീട്ടുടമസ്ഥൻ നിസാമുദ്ദീന്റെ മരുമകൾ തബ്സും (42), സന്ദർശനത്തിനായി തറവാട്ടുവീട്ടിലെത്തിയ മകൾ ഗുലാപ്സ ബിബി (27), ഇവരുടെ 10 വയസ്സുള്ള മകളും എട്ടു മാസം പ്രായമുള്ള മകനുമാണ് സംഭവസ്ഥലത്ത് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ കുടുംബത്തിലെ 22 വയസ്സുള്ള യുവാവ് ചികിത്സയിലാണ്.
ശനിയാഴ്ച രാത്രി 8.30-ഓടെയാണ് സംഭവം. അസ്ബസ്റ്റോസ് മേഞ്ഞ വീടിന് ഒരു വാതിൽ മാത്രമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. തബ്സും ഗുലാപ്സയും ചേർന്ന് ഗ്യാസ് അടുപ്പിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. കുട്ടികളും ഈ സമയം വീട്ടിലുണ്ടായിരുന്നു.
തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും പോലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.








0 comments