Deshabhimani

ഡൽഹി കെട്ടിട ദുരന്തം: മരണസംഖ്യ ഏഴായി; ഉടമയും മൂന്ന് കരാറുകാരും അറസ്റ്റിൽ

delhi bulding colapse

ഡൽഹിയിലെ ചൗരി ബസാറിൽ നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ ഏഴായി. Photo Credit | IANS

വെബ് ഡെസ്ക്

Published on Nov 08, 2026, 10:42 AM | 1 min read

ന്യൂഡൽഹി: ഡൽഹിയിലെ ചൗരി ബസാറിൽ നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ ഏഴായി. ശനിയാഴ്ച നടത്തിയ രക്ഷാപ്രവർത്തനത്തിനിടെ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ബിഹാറിലെ ദർഭംഗ സ്വദേശിയായ ലുച്മൻ മുഖിയ (66) ആണ് മരിച്ചത്.


അപകടവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമ സൈമുല്ല എന്ന അയൂബിനെയും മൂന്ന് കരാറുകാരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി സ്വദേശികളായ സിറാജ്, താജുദ്ദീൻ, ഫുർഖാൻ എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ. ഇവരെ ഫരീദാബാദിലെ സിറോഹി ഗ്രാമത്തിൽ നിന്നാണ് പിടികൂടിയത്.


ചൗരി ബസാർ മെട്രോ സ്റ്റേഷന് സമീപമുള്ള ഗലി സിതാരയിൽ വ്യാഴാഴ്ച രാവിലെ 9.50ഓടെയാണ് നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണത്. ഡൽഹി പൊലീസ്, ദേശീയ ദുരന്തനിവാരണ സേന , അഗ്നിരക്ഷാസേന, മുനിസിപ്പൽ കോർപ്പറേഷൻ എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തിൽപ്പെട്ടവരിൽ ഏഴുപേർ മരിക്കുകയും ഒരാളെ പരിക്കുകളോടെ രക്ഷപ്പെടുത്തുകയും ചെയ്തു.


മരിച്ചവരിൽ ഭൂരിഭാഗവും ബിഹാർ സ്വദേശികളാണ്. സഞ്ജീത് കുമാർ, പങ്കജ് ശർമ, ശാന്തു, ദിനേശ് സാഹ്, കിഷോരി സാഹ് എന്നിവരാണ് മറ്റ് അഞ്ച് പേർ. ഡൽഹി ഫസിൽപുർ സ്വദേശിയായ വിപിൻ റാമും മരിച്ചിരുന്നു.


കെട്ടിടത്തിലെ നിർമാണപ്രവർത്തനങ്ങൾ നിയമവിരുദ്ധമായിരുന്നുവെന്നും കെട്ടിടം സുരക്ഷിതമല്ലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കെട്ടിട ഉടമയ്ക്കും മൂന്ന് കരാറുകാർക്കുമെതിരെ ബിഎൻഎസിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു.


അപകടത്തിന് പിന്നാലെ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ജൂനിയർ എൻജിനീയറെയും അസിസ്റ്റന്റ് എൻജിനീയറെയും സസ്‌പെൻഡ് ചെയ്തു. കരാറുകാരനെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധനയും തുടരുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home