ഷിഗെല്ല ഭീതിയിൽ മലപ്പുറം; 114 ഓളം പേർക്ക് രോഗലക്ഷണം

പ്രതീകാത്മക ചിത്രം
മലപ്പുറം: മലപ്പുറത്ത് വീണ്ടും ഷിഗെല്ല. ഇന്നലെ എട്ടോളം പേർക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഉണ്ടായ പരിശോധനയിൽ 114 പേർക്കാണ് ഷിഗെല്ല രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയത്. പെരിന്തൽമണ്ണ ഏലംകുളം കോരക്കുത്തിൽ ഒക്ടോബർ 31-ന് നടന്ന ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തവർക്കാണ് പ്രധാനമായും രോഗലക്ഷണങ്ങൾ കണ്ടത്.
കൂടാതെ നിലമ്പൂർ അമരമ്പലത്തെ കടയിൽ നിന്ന് ലഘുഭക്ഷണം കഴിച്ച നാല് വയസ്സുകാരിക്കും, പാലുണ്ടയിലെ കടയിൽ നിന്ന് മന്തി കഴിച്ച രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിവാഹച്ചടങ്ങിൽ പങ്കെടുത്ത 114 ഓളം പേരാണ് ഇപ്പോൾ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ പ്രവേശിച്ചത്.
കടുത്ത വയറിളക്കം, ശക്തമായ വയറുവേദന, പനി, ഛർദ്ദി, ഓക്കാനം, മലത്തിൽ രക്തത്തിന്റെ അംശം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗബാധയ്ക്ക് കാരണമായെന്ന് സംശയിക്കുന്ന ഭക്ഷണശാലകൾ താൽക്കാലികമായി അടപ്പിച്ചു.
ബാധിത പ്രദേശങ്ങളിലെ വീടുകളിലും കിണറുകളിലും സൂപ്പർ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ഏലംകുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് സ്‌ക്വാഡ് പ്രവർത്തനങ്ങളും രോഗനിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്.
വയറിളക്കമോ മറ്റ് അസ്വസ്ഥതകളോ ഉണ്ടായാൽ സ്വയംചികിത്സ ഒഴിവാക്കി തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയും ഒആർഎസ് (ORS) ലായനി, തിളപ്പിച്ചാറ്റിയ കഞ്ഞിവെള്ളം എന്നിവ കുടിച്ച് നിർജലീകരണം തടയുകയും ചെയ്യണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.








0 comments