പ്രസാർ ഭാരതി മുൻ സിഇഒ ശശി ശേഖർ വെമ്പതി സിബിഎഫ്സി ചെയർമാൻ

ശശി ശേഖർ വെമ്പതി
ന്യൂഡൽഹി: പ്രസാർ ഭാരതിയുടെ മുൻ സിഇഒ ശശി ശേഖർ വെമ്പതിയെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) ചെയർമാനായി കേന്ദ്ര സർക്കാർ നിയമിച്ചു. എട്ട് വർഷത്തിലേറെയായി സിബിഎഫ്സി ചെയർമാൻ പദവിയിൽ തുടരുന്ന പ്രശസ്ത ഗാനരചയിതാവ് പ്രസൂൺ ജോഷിക്ക് പകരക്കാരനായാണ് അദ്ദേഹം എത്തുന്നത്.
ശശി ശേഖർ വെമ്പതി ഐഐടി ബോംബെയിലെ (IIT Bombay) പൂർവ്വ വിദ്യാർഥിയാണ്. എഴുത്തുകാരൻ എന്ന നിലയിലും ശ്രദ്ധേയൻ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്ന 'AI4India' എന്ന സംഘടനയുടെ സഹസ്ഥാപകനാണ്.
ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് കീഴിലുള്ള ഒരു നിയമാനുസൃത സ്ഥാപനമാണ് സിബിഎഫ്സി. മുംബൈ ആണ് ആസ്ഥാനം. 1952-ലെ സിനിമാട്ടോഗ്രാഫ് ആക്ട് പ്രകാരം സിനിമകളുടെ പൊതുപ്രദർശനം നിയന്ത്രിക്കുക എന്നതാണ് സിബിഎഫ്സിയുടെ ലക്ഷ്യം. ഇന്ത്യയിൽ സിനിമകൾ പ്രദർശിപ്പിക്കുന്നതിന് സിബിഎഫ്‌സി സർട്ടിഫിക്കേഷൻ നിർബന്ധമാണ്.
മുംബൈ, കൊൽക്കത്ത, ചെന്നൈ, ബാംഗ്ലൂർ, തിരുവനന്തപുരം, ഹൈദരാബാദ്, ന്യൂഡൽഹി, കട്ടക്ക്, ഗുവാഹത്തി എന്നിവിടങ്ങളിലായി 9 പ്രാദേശിക ഓഫീസുകൾ പ്രവർത്തിക്കുന്നു. കേന്ദ്ര സർക്കാർ നിയമിക്കുന്ന ഒരു ചെയർമാനും അനൗദ്യോഗിക അംഗങ്ങളും ബോർഡിലുണ്ടാകും. സിനിമകളുടെ പരിശോധനയിൽ പ്രാദേശിക ഓഫീസുകളെ സഹായിക്കാൻ വിവിധ മേഖലകളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി 2 വർഷത്തേക്ക് ഉപദേശക പാനലുകളെ കേന്ദ്ര സർക്കാർ നാമനിർദ്ദേശം ചെയ്യുന്നു.
1952-ലെ സിനിമാട്ടോഗ്രാഫ് ആക്ട്, 1983-ലെ സിനിമാട്ടോഗ്രാഫ് (സർട്ടിഫിക്കേഷൻ) നിയമങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് സർട്ടിഫിക്കേഷൻ നടപടികൾ നടക്കുന്നത്.










0 comments