ad
Deshabhimani

എഐഎഡിഎംകെയിൽ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു; മുൻ എംപി പി വേണുഗോപാലും വിട്ടു

p venu
വെബ് ഡെസ്ക്

Published on May 24, 2026, 04:59 PM | 3 min read

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയിന്റെ തമിഴക വെട്രി കഴകം അധികാരം പിടിച്ചെടുത്തതിന് പിന്നാലെ എഐഎഡിഎംകെയിൽ ആഭ്യന്തര പ്രശ്നങ്ങളും കൊഴിഞ്ഞുപോക്കും തുടര്‍ച്ചയാവുന്നു. പാർട്ടിയുടെ മുതിർന്ന നേതാവും മുൻ ലോക്‌സഭാ എംപിയുമായ പി വേണുഗോപാൽ ഇന്ന് പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു ആഴ്ചയ്ക്കുള്ളിൽ പാർട്ടി വിടുന്ന മൂന്നാമത്തെ മുതിർന്ന നേതാവാണ് വേണുഗോപാൽ. മുൻ മന്ത്രി എസ് സെമ്മലൈ, മുൻ നിയമസഭാ സ്പീക്കർ പി ധനപാൽ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ പാർട്ടി വിട്ടിരുന്നു.


തിരുവള്ളൂർ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ ലോക്‌സഭയിലെത്തിയ വേണുഗോപാൽ, പാർട്ടിയുടെ മെഡിക്കൽ വിങ്ങിന്റെ തലവനായും എഐഎഡിഎംകെയുടെ പാർലമെന്ററി പാർട്ടി നേതാവായും ദീർഘകാലം സേവനമനുഷ്ഠിച്ച നേതാവാണ്. പാർട്ടിയുടെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചാണ് അദ്ദേഹവും പടിയിറങ്ങിയത്.


വേണുഗോപാൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പാർട്ടിയുടെ തകർച്ചയ്ക്കുള്ള പ്രധാന കാരണങ്ങളും നിരത്തുന്നുണ്ട്. മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണശേഷം എഐഎഡിഎംകെയ്ക്ക് പട്ടികജാതി വിഭാഗങ്ങൾക്കിടയിലുണ്ടായിരുന്ന സ്വാധീനം പൂർണ്ണമായും നഷ്ടപ്പെട്ടതാണ് തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാർട്ടിക്ക് ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകണമെങ്കിൽ എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുപോകുന്ന ഒരു പൊതു രാഷ്ട്രീയ സമീപനം നേതൃത്വം സ്വീകരിക്കേണ്ടതുണ്ട് എന്നും അഭിപ്രായപ്പെട്ടു.


രാജ്യസഭാ എംപിമാരായിരിക്കുന്ന മുതിർന്ന നേതാക്കളെ ദീർഘവീക്ഷണമില്ലാതെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച എടപ്പാടി പളനിസ്വാമിയുടെ തീരുമാനത്തെയും അദ്ദേഹം ചോദ്യം ചെയ്തു. ജയലളിതയുടെ കാലത്ത് മുതിർന്ന നേതാക്കൾക്ക് അർഹമായ ബഹുമാനം നൽകി രാജ്യസഭയിലേക്ക് അയച്ചിരുന്ന കാര്യം ഓർമ്മിപ്പിച്ചു.


പിടിച്ചുകുലുക്കിയ രാജികൾ


മേയ് 18-നാണ് പാർട്ടിയുടെ സേലത്തെ ശക്തനായ നേതാവും മുൻ മന്ത്രിയുമായ എസ് സെമ്മലൈ രാജി പ്രഖ്യാപിച്ചത്. പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളിൽ കടുത്ത മാനസിക വിഷമമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മേയ് 21-ന് എഐഎഡിഎംകെയുടെ ഏറ്റവും പ്രമുഖനായ ദളിത് മുഖവും മുൻ നിയമസഭാ സ്പീക്കറുമായ പി ധനപാൽ പാർട്ടി വിട്ടു. ഇപിഎസ് നേതൃത്വം തന്നെ പൂർണ്ണമായി അവഗണിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി. ധനപാലിന്റെ മകൻ ഡി ലോഗേഷ് തമിഴ്സെൽവൻ ടിവികെ ടിക്കറ്റിൽ മത്സരിച്ച് വിജയിക്കുകയും വിജയ് മന്ത്രിസഭയിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു ധനപാലിന്റെ രാജി.


ബിജെപി ബാന്ധവം കൊണ്ടുവന്ന വിന


തമിഴ്‌നാട്ടിൽ ഡിഎംകെ-എഐഎഡിഎംകെ എന്നീ രണ്ട് ദ്രാവിഡ പാർട്ടികൾ തമ്മിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ദ്വികക്ഷി രാഷ്ട്രീയമാണ് വിജയിന്റെ വരവോടെ ചോദ്യം ചെയ്യപ്പെട്ടത്. ഇതിനെ തമിഴ് രാഷ്ട്രീയത്തിലെ 'സിനിമാ സുനാമി' എന്നാണ് എം കെ സ്റ്റാലിൻ വിശേഷിപ്പിച്ചത്.


വിജയ് നേതൃത്വത്തിലുള്ള ടിവികെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നതിന് മുന്നോടിയായി എഐഎഡിഎംകെയുടെ 30 ഓളം വിമത എംഎൽഎമാർ പാർട്ടി നേതൃത്വത്തെ തള്ളിപ്പറഞ്ഞ് ടിവികെ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇവർ പുതിയ ഫ്ലോർ ലീഡറെ തിരഞ്ഞെടുക്കുകയും എൻഡിഎ സഖ്യം ഉപേക്ഷിക്കുകയും ചെയ്തു. ബിജെപി മുന്നണിയിൽ എത്തിയതോടെ തന്നെ പാര്‍ടിക്ക് അകത്ത് അന്ത:ഛിദ്രങ്ങൾ രൂക്ഷമായി തുടങ്ങിയിരുന്നു. എഐഎഡിഎംകെ, ബിജെപി, പിഎംകെ, എഎംഎംകെതുടങ്ങിയ കക്ഷികൾ ഒരുമിച്ചാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. സ്റ്റാലിൻ കാലഘട്ടത്തിന് മുൻപ് ഭരണത്തിലിരുന്ന സഖ്യത്തിന് ആകെ 53 സീറ്റുകൾ മാത്രമാണ് നേടാനായത്. അതിൽ 47 സീറ്റുകൾ എഐഎഡിഎംകെയുടെ ആയിരുന്നു. ഇവരിൽ 30 പേരുടെ പിന്തുണയാണ് വിജയ് നേടിയെടുത്തത്.


മുൻപ് ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച എഐഎഡിഎംകെ, ഈ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് വീണ്ടും എൻഡിഎ മുന്നണിയിലേക്ക് മടങ്ങിയെത്തിയത്. ബിജെപി സഖ്യമാണ് ദളിത്/ന്യൂനപക്ഷ വോട്ടുകൾ വൻതോതിൽ ചോരാനും, ടിവികെയുടെ വിജയത്തിനും കാരണമായതെന്ന വിലയിരുത്തൽ പാർട്ടിയിലെ ഒരു വിഭാഗത്തിനുണ്ട്. ഇപ്പോൾ രാജിവെച്ച പി വേണുഗോപാലിനെപ്പോലെയുള്ള മുതിർന്ന നേതാക്കൾ പാർട്ടിയുടെ ബിജെപി സഖ്യം ഉൾപ്പെടെയുള്ള രാഷ്ട്രീയ സമീപനങ്ങളെ പരോക്ഷമായി വിമർശിച്ചുകൊണ്ടാണ് പടിയിറങ്ങുന്നത്. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ആകെ ഒരു സീറ്റ് മാത്രമാണ് നേടാനായത്. സംസ്ഥാനത്ത് വലിയ രാഷ്ട്രീയ സ്വാധീനം ചെലുത്താൻ ബിജെപിക്ക് നിലവിൽ കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പിന് മുൻപ്, വോട്ട് ചോര്‍ച്ച ഉയര്‍ത്തി കാട്ടിയാണ് പളനിസ്വാമി നേതൃത്വം എൻഡിഎ ബന്ധം പുതുക്കുന്നതിനുള്ള ന്യായം മുന്നോട്ട് വെച്ചത്.


പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ കൂട്ടത്തോടെയുള്ള പടിയിറക്കം തടയാൻ കഴിയാത്തത് എടപ്പാടി പളനിസ്വാമി നേതൃത്വത്തിന് മേൽ വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. "പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ചതിയന്മാരെ ഡിഎംകെ സ്വീകരിക്കുന്നു" എന്ന വിമർശനം ഉയര്‍ത്തിയാണ് പളനിസ്വാമി കൊഴിഞ്ഞു പോക്കിനെ വിശദീകരിക്കുന്നത്. അതേസമയം, കൂടുതൽ ജില്ലാ സെക്രട്ടറിമാരും അണികളും വരും ദിവസങ്ങളിൽ പാർട്ടി വിടുമെന്ന് പുറത്തെത്തിയ നേതാക്കൾ അവകാശപ്പെടുന്നു.



Related News


ഡിഎംകെയുടെ നഷ്ടവും

കോൺഗ്രസിന്റെ കസേര പിടുത്തവും


എഐഎഡിഎംകെയ്ക്ക് നഷ്ടപ്പെടുന്നു എന്ന് പി. വേണുഗോപാൽ ചൂണ്ടിക്കാണിച്ച പട്ടികജാതി, ന്യൂനപക്ഷ വോട്ടുകൾ പരമ്പരാഗതമായി ഡിഎംകെയുടെയും കൂടി അടിത്തറയാണ്. ഡിഎംകെയുടെ വലിയ ശക്തിയായിരുന്ന കോൺഗ്രസ്, വിസികെ, ഐയുഎംഎൽഎന്നീ പ്രധാന കക്ഷികൾ തെരഞ്ഞെടുപ്പിന് ശേഷം ഡിഎംകെ സഖ്യം വിട്ട് വിജയിന്റെ ടിവികെ സർക്കാരിനൊപ്പം ചേരുകയും മന്ത്രിസഭയുടെ ഭാഗമാവുകയും ചെയ്തു. ഇത് ഡിഎംകെയെ പെട്ടെന്ന് ഒറ്റപ്പെടുത്തുകയും വലിയൊരു ആഘാതം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഇനി ഒരിക്കലും കോൺ​ഗ്രസിനെ വിശ്വസിക്കുകയോ അടുപ്പിക്കുകയോ ചെയ്യരുതെന്നാണ് ഉദയനിഥി സ്റ്റാലിൻ പ്രതികരിച്ചത്. കോണ്‍ഗ്രസിന് അഞ്ച് എംഎല്‍എമാരെ ജയിപ്പിക്കാന്‍ സാധിച്ചത് ഡിഎംകെ പ്രവര്‍ത്തകരുടെ ബലത്തിലാണ് എന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. അപ്പോഴും, പരമ്പരാഗത ദ്രാവിഡ രാഷ്ട്രീയത്തെ തത്കാലം ഞെട്ടിച്ച വിജയ് തരംഗം ഉയര്‍ന്നത് എഐഎഡിഎംകെയുടെ തകർച്ചയുടെ പൂർണ്ണമായ നേട്ടം സ്വന്തമാക്കാൻ ഡിഎംകെയ്ക്കും തടസമാവുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home