ad
Deshabhimani

വ്യാജരേഖ ചമയ്ക്കൽ, കോടികളുടെ തട്ടിപ്പ്: പിടികിട്ടാപ്പുള്ളി ഉപവൻ ജെയിനെ ഇന്ത്യയിൽ എത്തിച്ചു

UPAVAN JAIN
വെബ് ഡെസ്ക്

Published on Jun 21, 2025, 12:48 PM | 1 min read

ന്യൂഡൽഹി: ഗുജറാത്ത് പൊലീസ് തിരയുന്ന പിടികിട്ടാപ്പുള്ളി ഉപവൻ ജെയിനെ യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. ഇന്റർപോളിന്റെയും യുഎഇ ഉദ്യോ​ഗസ്ഥവൃന്ദത്തിന്റെയും സിബിഐയുടേയും സഹകരണത്തോടെയാണ് ഇന്ത്യയിലെത്തിച്ചത്. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഗുജറാത്ത് പൊലീസ് ഇയാളെ തേടിയിരുന്നു. സൂറത്തിലെ അഡാജൻ പോലീസ് സ്റ്റേഷനിൽ ജയിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആൾമാറാട്ടം, ക്രിമിനൽ ഗൂഢാലോചന, വ്യാജ രേഖ ചമയ്ക്കൽ എന്നിങ്ങനെ നിരവധി കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.


എൻസിബി-അബുദാബിയുടെ പിന്തുണയോടെ സിബിഐയും ഇന്റർപോളും നടത്തിയ ശ്രമങ്ങളിലൂടെയാണ് യുഎഇയിൽ ജയിനുള്ളതായി സ്ഥിരീകരിച്ചത്. റെഡ് നോട്ടീസ് അപേക്ഷ പ്രകാരം വെള്ളിയാഴ്ച അബുദാബിയിലുള്ള നാഷണൽ സെൻട്രൽ ബ്യൂറോയുമായി (എൻസിബി) സഹകരിച്ച് സിബിഐയുടെ ഇന്റർനാഷണൽ പൊലീസ് കോ-ഓപ്പറേഷൻ യൂണിറ്റ് (ഐപിസിയു) ആണ് ജെയിനെ തിരിച്ചയച്ചത്. ദുബായിൽ നിന്ന് നാടുകടത്തിയ ജെയിൻ ഗുജറാത്തിലെ അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി.


ഉപവൻ ജെയിൻ റിയൽ എസ്റ്റേറ്റ് ഏജന്റായി ജോലി ചെയ്തു വരികയായിരുന്നു. ഇയാൾ കൂട്ടുപ്രതികളുമായി ചേർന്ന് വ്യാജ രേഖ ചമയ്ച്ച് തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ഒരു സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് വ്യാജ രേഖ നിർമിക്കുകയും ഉടമസ്ഥനാണെന്ന വ്യാജേന ആൾമാറാട്ടം നടത്തിയതായും പരാതിയുണ്ട്. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് യഥാർഥ ഭൂഉടമകളുടെ പേരിൽ ജയിൻ ബാങ്ക് അക്കൗണ്ടുകളും തുറന്നു. തട്ടിപ്പിൽ 3,66,73,000 രൂപ നഷ്ടമായതായാണ് പരാതി.


2023 മാർച്ച് 6 ന് ​ഗുജറാത്ത് പൊലീസിന്റെ അഭ്യർഥന പ്രകാരം ഇന്റർപോൾ വഴി ജെയിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. യുഎഇയിൽ ഇയാൾ അറസ്റ്റിലായതോടെ ആഭ്യന്തര മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും വഴി ഇന്ത്യ കൈമാറ്റത്തിന് അപേക്ഷിച്ചിരുന്നു. പിന്നാലെയാണ് ഉപവൻ ജയിനെ ഇന്ത്യയിലെത്തിച്ചത്.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home